Tuesday, July 5, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ പതിമൂന്ന്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
**********************************************************************
 
മീറ്റിങ്ങ് കഴിഞ്ഞിറങ്ങി സീറ്റിൽ ഇരുന്നപ്പോൾ‌ പിന്നാലെ വന്ന മാത്യൂസ് അൽ‌പ്പനേരം അവിടെ ചുറ്റിപറ്റി നിന്നു. എന്തൊക്കെയോ സംസാരിക്കണം എന്ന് ഉദ്ദേശിച്ചുള്ള വരവായിരുന്നു എന്നു തോന്നുന്നു. തന്റെ നിർ‌ജ്ജീവമായ പ്രതികരണം കണ്ടിട്ടാവണം‌ മാത്യൂസ് വേഗം തന്നെ അയാളുടെ സീറ്റിലേക്ക് പോയി.

എത്ര പെട്ടെന്നാണു ഓഫീസിലെ അന്തരീക്ഷം മാറിമറിഞ്ഞത്? പ്രൊജക്റ്റ് മേറ്റ്സ് ഒരുമിച്ച് പ്ലാൻ ചെയ്ത ടൂർപ്രോഗ്രാമിനെക്കുറിച്ചൊന്നും ഇപ്പോൾ‌ സംസാരിക്കുന്നത് കേൾ‌ക്കാനില്ല. തോളത്ത് ഒരു കൈ വീണപ്പോഴാണു ചിന്തയിൽ നിന്നുണർന്നത്. നോക്കിയപ്പോൾ‌ റോണിയാണു. അടുത്തിരുന്ന ഒരു കസേര എന്റെയടുത്തേക്ക് വലിച്ചിട്ട് അവൻ‌ ഇരുന്നു. ക്യൂബിക്കിളിൽ ഒരുകൈ ഊന്നി കയ്യിലെ‌ മഞ്ഞ നിറത്തിലുള്ള ഫിങ്ങർ എക്സൈസ് ബോളിൽ‌ തിരുമ്മിക്കൊണ്ട് പയ്യെ എന്റെ മുഖത്തേക്ക് നോക്കി.

ഹരീ, നാളെ ഒരു ഫേസ് റ്റു ഫേസ് ഇന്റർവ്യൂ ഉണ്ട്. ടെലിഫോണിക് ക്ലിയർ‌ ആയി.

ഉം, എല്ലാരും ചാടുകയാണല്ലേ?

പലരുടേയും ഒന്നും രണ്ടും റൌണ്ട് കഴിഞ്ഞിരിക്കുകയാ ഹരീ, അല്ലാതെ എന്തു ചെയ്യാ. കമ്പനിയും റിലീവിങ്ങ് നോട്ടീസ് പിരിയഡ് എടുത്ത് കളഞ്ഞതിലൂടെ കാര്യങ്ങൾ വളരെ വ്യക്തമാക്കിയല്ലോ. നിങ്ങൾക്കൊന്നും പ്രശ്നമുണ്ടാവില്ല. ഞങ്ങളുടെ കാര്യമതല്ലല്ലോ
 
അത് തനിക്കിട്ടുള്ള ഒരു കൊട്ടാണു.
 
ആൾ‌ ദി ബെസ്റ്റ് റോണി.. തന്റെ ഫോൺ ശബ്ദിക്കുന്നത് കേട്ടതോടെ റോണി അവിടെ നിന്നെണീറ്റ് പോയി.
 
ഫോണെടുത്ത് നോക്കിയപ്പോൾ‌ വന്ദനയാണ്. മീറ്റിങ്ങ് കഴിഞ്ഞപ്പോൾ‌ അവൾക്കൊരു എസ്.എം.എസ് അയച്ചിരുന്നു.


ഹരി, വരുമ്പോൾ‌ ചുവന്ന ചീര കിട്ടുമോ എന്നു നോക്കൂ.

ശരി, നോക്കാം‌.

 വൈകീട്ട് മാർക്കറ്റു വഴി കറങ്ങി വീട്ടിലെത്തിയപ്പോൾ‌ വൈകി. ചെല്ലുമ്പോൾ വന്ദന അമ്മക്കുള്ള മുറി ഒരുക്കിയിടുന്ന തിരക്കിലാണു. 
ചേച്ചി ചെയ്യില്ലേ, നീയെന്തിനാ ഈ പൊടിയിൽ‌ കിടന്നു കളിക്കുന്നേ? അല്ലെങ്കിൽ തന്നെ അലർജിയാണു.
 
റൂമൊക്കെ ഒന്നു അടുക്കിപ്പെറുക്കി വക്കാർന്നു. അല്ലേൽ മോശമല്ലേ. അമ്മ എന്ത് വിചാരിക്കും? പിന്നെ പുതപ്പൊക്കെ ഒന്നു കഴുകി ഉണക്കിയിട്ടു.  ചീര കിട്ട്യൊ?
 
ഉം, അടുക്കളയിൽ വച്ചട്ടുണ്ട്. അതിപ്പൊഴേക്കല്ലെങ്കിൽ‌ എടുത്ത് ഫ്രിഡ്ജിൽ‌ വച്ചേക്കൂ. നീ ചായയെടുത്ത് വക്കു, ഒന്നു കുളിച്ച് വരാം‌


കുളിമുറിയിൽ‌ നിന്ന് ഇറങ്ങിയപ്പോഴേക്കും ചായ റെഡിയായിരുന്നു. നാളെ ഒരു ബിസിനസ് കോളുണ്ട് ഓഫീസിൽ, അതിനൊരു റിപ്പോർട്ട് ഉണ്ടാക്കണം. ഒരു പുതിയ പ്രൊജക്റ്റ് പൈപ്പ് ലൈനിലുണ്ട്.  അതിനെ സംബന്ധിച്ച കോളാണ്. ,മാർക്കറ്റിങ്ങ് ടീമിന്റെ കോൾ കഴിഞ്ഞാൽ ചെറിയ ടെക്നിക്കൽ‌ ഡെമോ ഉണ്ടാവും‌. അതിനു വേണ്ടിയുള്ള റിപ്പോർട്ടുകളും പ്രസന്റേഷനുമാണു. ഒരുപാട് പേരുടെ പ്രതീക്ഷ ആ പ്രൊജക്റ്റിലാണു. അതു കിട്ടിയാൽ ഇപ്പൊഴത്തെ ക്രിട്ടിക്കൽ സിറ്റ്വേഷൻ‌ കടന്നുകിട്ടും‌.

 ലാപ്ടോപ്പ് ഓൺ‌ ചെയ്ത് നെറ്റ് കണക്റ്റ് ചെയ്തു. വെറുതെ ജിമെയിൽ‌ എടുത്തു നോക്കി. സത്യത്തിൽ‌ കുറെ ദിവസമായി പേഴ്സണൽ‌മെയിലുകൾ നോക്കിയിട്ട്. ധാരാളം അൺ‌റീഡ് മെയിലുകൾ വന്ന് കിടക്കുന്നു. ഭൂരിഭാഗവും‌ ഫോർവേഡ് മെയിലുകൾ, പിന്നെ കുറെ ഫേസ്ബുക്ക് അപ്ഡേറ്റുകൾ‌, പിന്നെ നൌക്രി ജോബ്സൈറ്റ് മെയിലുകൾ‌.. അത്ര തന്നെ.
 
ക്ലോസ് ചെയ്ത് ഓഫീസ് മെയിൽ തുറന്നു. പിന്നെ റിപ്പോർട്ട് ഉണ്ടാക്കാനുള്ള ശ്രമത്തിൽ‌ തലപൂഴ്ത്തി.
 
എന്താ ഹരി, ഊണുകഴിക്കണ്ടേ? വന്ദനയുടെ ചോദ്യം കേട്ടപ്പോഴാണു സമയമൊരുപാടായെന്ന് മനസ്സിലായത്.
 
വേഗം ഭക്ഷണം കഴിച്ച് വീണ്ടും പ്രസന്റേഷനുണ്ടാക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
 
നീ കിടന്നോളൂ, മരുന്നൊക്കെ കഴിച്ചില്ല്ലോ അല്ലേ? തന്റെ ചോദ്യത്തിനു ഉത്തരമായി മറുചോദ്യമായിരുന്നു വന്ദനക്കുണ്ടായിരുന്നത്

നാളെ ക്ലയന്റ് കോളുണ്ടല്ലേ?

 ഉം.. ലാപ്ടോപ്പിൽ നിന്നും കണ്ണെടുക്കാതെ ഒന്നു മൂളി

 രാത്രികിടന്നപ്പോൾ പന്ത്രണ്ട് മണികഴിഞ്ഞു. രാവിലെ നേരത്തെ എണീക്കുകയും വേണം. നല്ല ക്ഷീണം തോന്നി.
 
പിറ്റെ ദിവസം ഓഫീസിലെത്തിയപ്പോൾ‌ എല്ലാരും കോളിൽ ഇരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആദ്യത്തെ ഒരു മണിക്കൂർ മാർക്കറ്റിങ്ങ് ടീമാണു കൈകാര്യം ചെയ്യുന്നത്. മാത്യൂസും അറ്റെൻഡ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ അരമണിക്കൂർ‌ കഴിഞ്ഞപ്പോൾ‌ തന്നെ അവർ‌ കോളൊക്കെ അവസാനിപ്പിച്ച് അടുത്തേക്ക് വന്നു. എല്ലാവരുടേയും‌ മുഖമാകെ വല്ലാതായിരുന്നു.
ഹരീ, അവർ‌ പ്രൊജക്റ്റ് ഹോൾഡ് ചെയ്തു. റിസഷൻ‌.. ഇപ്പോഴത്തെ സാഹചര്യത്തിൽ‌ ഇൻ‌വെസ്റ്റ്മെന്റിനു അവർ‌‌ തയ്യാറല്ലെന്നു.

 മാത്യൂസിന്റെ ശബ്ദത്തിൽ വല്ലാത്തൊരു ഇടർ‌ച്ച ഉണ്ടായിരുന്നു. അതിൽ നിന്നു തന്നെ ഇതൊരു അവസാന പ്രതീക്ഷയായിരുന്നു എന്നു മനസ്സിലായി.

 ഹരീ, കാര്യങ്ങൾ‌ ആകെ പ്രശ്നത്തിലാണു. കമ്പനി വൈൻഡ് അപ് ചെയ്യാനുള്ള പ്ലാനുണ്ട് എന്നൊരു സംശയമുണ്ട്.  സാലറി ഈ മാസം മുതൽ ഓൺ ഹോൾഡ് ആയിരിക്കും എന്ന് ഒരു സൂചന കിട്ടി. ആരോടും പറയണ്ട.

 മാത്യൂസ് ആകെ പരിഭ്രാന്തിയിലാണെന്നത് ആ സംസാരത്തിൽ നിന്നറിയാം‌.
 
ഫോണൊന്നു വൈബ്രേറ്റ് ചെയ്തു. എസ്.എം.എസ് ആണു. എടുത്തുനോക്കിയപ്പോൾ റോണിയാണുഡ്യൂഡ്, ആം ഇൻ.റോണിക്കിന്ന് ഫേസ് റ്റു ഫേസ് ആയിരുന്നല്ലോ. മറന്നു പോയി. അവന്റെ കാര്യം ഓ.ക്കെയായി.


ഇനിയെന്ത്? വല്ലാതെ കുഴക്കുന്ന ഒരു ചോദ്യം. റെസ്യൂം ഒന്ന് അപ്ഡേറ്റ് ചെയ്തട്ടു തന്നെ വർഷങ്ങളായി. ഇവിടെ സെറ്റിലായി വന്നതായിരുന്നു. മെയിൽ തുറന്ന് ബയോഡാറ്റ സെർച്ച്  ചെയ്തെടുത്തു.  ഒരുപാട് മാറ്റങ്ങൾ വരുത്താനുണ്ട്. ഒരു പകുതി ദിവസത്തെ പണിയുണ്ട്. പഴയ ഫോർ‌മാറ്റിലാണു കിടക്കുന്നത്.

 ബയോഡാറ്റയും തുറന്ന് വച്ച് ചിന്തകളിലാഴ്ന്നിരിക്കുന്നതിനാൽ‌ ഡാലി പുറകിൽ വന്നതറിഞ്ഞില്ല.


ഹരീ, അപ്പൊ ഊഹിച്ചത് ശരിയാണല്ലേ? ബയോഡാറ്റയൊക്കെ പൊടിതട്ടിയെടുക്കാണല്ലോ


ഉം, പണ്ടത്തെപ്പോലെയല്ലല്ലോ, ഒരു കുഞ്ഞിന്റെ അച്ഛനാവാൻ‌ പോകുകയല്ലേ ഡിയർ‌. ഹരിക്കൊന്നും വേറെ കിട്ടാൻ ഒരു വിഷമവും ഉണ്ടാവില്ല, നല്ല എക്സ്പീരിയൻസ് ഇല്ലേ. ഡാലിയയുടെ ശബ്ദത്തിൽ ഒരു ആശങ്കയുണ്ടായിരുന്നുഎക്സ്പീരിയൻസ് കൂടുമ്പോൾ‌ റിസ്ക് കൂടും ഡാലി. ഒരുപാട് എക്സ്പെക്റ്റേഷൻസ്‌ മീറ്റ് ചെയ്യേണ്ടി വരും‌. ശരിക്കും പ്രിപ്പെയർ ചെയ്യേണ്ടതുണ്ട്. നോക്കണം‌

 ഡാ‍ലി എണീറ്റ് പോയശേഷം മെയിലിൽ നിന്ന് ജോബ്സൈറ്റിന്റെ പാസ്‌വേഡ് തപ്പിയെടുത്തു ലോഗിൻ ചെയ്യാനായി ടൈപ്പ് ചെയ്യുമ്പോൾ‌ കൈകൾക്കൊരു വിറയലുണ്ടായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ ഒരു നാളെയിലേക്കുള്ള ജീവിതത്തിന്റെ ടേണിങ്ങ് പോയിന്റിലാണു താനെന്ന തിരിച്ചറിവുണ്ടാക്കുന്ന ആഘാതം അടക്കാവുന്നതിലും അധികമാണു. വളരെയധികം‌


********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, April 3, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ പന്ത്രണ്ട്


മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************

'നീ കാറിലിരിക്കൂ, ഞാന്‍ മരുന്നൊക്കെ വാങ്ങി വരാം' ഹരി പതുക്കെ റോഡിനരികില്‍ വണ്ടിയൊതുക്കി പുറത്തേക്കിറങ്ങി. തിരക്കുള്ള റോഡ് ഹരി മുറിച്ച് കടക്കുന്നതും നോക്കി ഇരിക്കുമ്പോഴാണു ഹരിയുടെ മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടത്. വണ്ടിയോടിക്കുമ്പോള്‍ ഹരി മൊബൈല്‍ കീശയില്‍ വക്കില്ല. എടുത്ത് നോക്കിയപ്പോള്‍ ഡാലിയയാണു


'ഹരീ, എന്റെ മെസേജ് കിട്ടിയില്ലേ? അഭിനന്ദനംസ്…' ഒറ്റശ്വാസത്തില്‍ അവള്‍ പറഞ്ഞ് നിര്‍ത്തി.


'ഡാലീ, ഇത് വന്ദനയാണ്'


'വന്ദനാ, കണ്‍ഗ്രാറ്റ്‌സ്, എപ്പൊഴാ ട്രീറ്റ്, ഞങ്ങളെല്ലാം അങ്ങോട്ട് വരാനിരിക്കാ'


'ട്രീറ്റൊക്കെ ഹരീടടുത്തുന്നു വാങ്ങിയാല്‍ മതി. വിളിച്ചട്ട് വരണേ, ഉണ്ണാന്‍ നിക്കുന്ന രീതിയില്‍ വരുക'
'മറ്റൊരു കാര്യംകൂടി പറയാനാ വിളിച്ചെ, അതെ, അങ്ങനെ എന്റെ നമ്പറും വന്നു' അവസാനവാചകത്തില്‍ ഒരു ചമ്മലിന്റെ ലാഞ്ചന ഉണ്ടായിരുന്നോ എന്നൊരു സംശയം.


'ഡാലി, എന്താ, എനിക്ക് മനസ്സിലായില്ല, തെളിച്ചു പറയൂ' അല്ലെങ്കിലും നേരെ ചൊവ്വെ പറഞ്ഞാലേ തന്റെ തലയില്‍ കയറൂ.


'എന്റെ കാര്യം ഏതാണ്ടുറച്ച മട്ടാണ്. അവസാനം വന്ന കൂട്ടരുടെ കേസ് എല്ലാവര്‍ക്കും ഇഷ്ടമായി.'

'കണ്‍ഗ്രാറ്റ്‌സ് ഡാലി, അപ്പൊ ചിലവ് ഇങ്ങോട്ടാണു തരേണ്ടത്'


'ശരീട്ടോ, ഹരിയോട് പറഞ്ഞാല്‍ മതി, പിന്നെ വിളിക്കാം' അവള്‍ ഫോണ്‍ വച്ചതും ഹരി മരുന്നുമായെത്തിയതും ഒരുമിച്ചായിരുന്നു.
വണ്ടിയെടുക്കുമ്പോള്‍ ഡാലിവിളിച്ചകാര്യം ഹരിയോട് പറഞ്ഞു. ഹരി അതൊന്നും ശ്രദ്ധിക്കുന്ന മൂഡിലല്ല എന്ന് തോന്നുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെ ഫലം ഹരി നന്നായി ആസ്വദിക്കുന്നുണ്ട്. കുറെ സമയമായി വേറേതോ ലോകത്തിലാണു. കഴിഞ്ഞ മണിക്കൂറിനുള്ളില്‍ ഉപദേശങ്ങളുടെ പെരുമഴയായിരുന്നു. ആദ്യമായിട്ടാണു ഇങ്ങനെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഹരിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.


വീട്ടിലേക്ക് ചെന്ന് കയറി കുറെ നേരത്തേക്ക് ഹരിയുടെ അമ്മയുടെ കാള്‍ ഉണ്ടായിരുന്നു. ചെയ്യാനുള്ള വഴിപാടുകളുടെ നീണ്ടലിസ്റ്റ്, പിന്നെ ഭക്ഷണക്രമം, കുളി അങ്ങനെ അമ്മയുടെ വകയും ആയി. അമ്മ ഇങ്ങോട്ട് വരാം എന്ന് പറഞ്ഞത് കേട്ടപ്പോള്‍ വല്ലാതെ സന്തോഷം തോന്നി. ആ നാട് വിട്ടു പോരാന്‍ അമ്മ സമ്മതിക്കും എന്ന് സ്വപ്നത്തില്‍ കൂടി വിചാരിച്ചതല്ല.


'കഴിഞ്ഞില്ലേ, അമ്മയും മകളുടേം പരദൂഷണം?' ഫോണ്‍ വച്ച് തിരിഞ്ഞപ്പോഴേക്കും ഹരി കുളികഴിഞ്ഞെത്തിയിരുന്നു

'എന്തായാലും ഹരി രക്ഷപ്പെട്ടു. അമ്മ ഇങ്ങോട്ട് വരികയാ. ഇനി വല്ലതും വായ്ക്ക് രുചിയായി കഴിക്കാലോ'

'ശരിക്കും?' ഹരിയുടെ ശബ്ദത്തില്‍ സന്തോഷം പ്രകടമായിരുന്നു


'ഉം, മറ്റന്നാള്‍ വിജയമ്മാമ കൊണ്ട് വന്നാക്കും, നാളെ വന്നേനെ, പക്ഷെ വെള്ളിലപ്പട്ടി അമ്പലത്തില്‍ നിറമാല നേര്‍ന്നട്ടുണ്ടത്രെ, അത് കഴിഞ്ഞ് മറ്റന്നാള്‍ വരും'


ഹരിക്ക് അമ്മയോടുള്ള സ്‌നേഹം ആദ്യമൊക്കെ അസൂയതോന്നിപ്പിച്ചിരുന്നു. പിന്നെ പിന്നെ ആ അമ്മയെ സ്‌നേഹിക്കാന്‍ താനും ശീലിച്ചു. അവരുടെ ലോകത്തില്‍ ഒരംഗമാവാന്‍ സാധിച്ചതില്‍ ഇന്ന് ഒരു കുഞ്ഞഭിമാനോം ഉണ്ട്.


രാവിലെതന്നെ പൂജാമുറിയൊക്കെ ഒന്നൊതുക്കി വൃത്തിയാക്കി വക്കണം. അമ്മക്ക് വേറെ നിര്‍ബന്ധങ്ങളൊന്നും ഉള്ളകൂട്ടത്തിലല്ല. അമ്മ വന്നാല്‍ പിന്നെ ദേവകിച്ചേച്ചിക്ക് അടുക്കളയില്‍ കയറണ്ടി വരില്ല. പാചകം അമ്മക്ക് തന്നെ ചെയ്താലേ തൃപ്തി വരൂ. അല്ലേലും അമ്മയുണ്ടാക്കുന്ന ആഹാരത്തിനു ഒരു പ്രത്യേകരുചിയാണു.


റൂമിലേക്ക് ചെന്നപ്പോള്‍ ഹരി ആരോടോ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുകയാണു. ഹരിയുടെ മുഖഭാവവും ഇടക്കിടക്കുള്ള 'താങ്ക്യു' ഉം ഒക്കെക്കൂടി ഒരു ഫോര്‍മല്‍ കണ്‍ഗ്രാച്യുലേഷന്‍ കാളാണു എന്ന് മനസ്സിലായി. ഓഫീസില്‍ കുറെ നാളായുള്ള പ്രശ്‌നങ്ങള്‍ ഹരിയെ വല്ലാതെ ഉലച്ചിട്ടുണ്ടായിരുന്നു. താന്‍ അധികം ചോദിക്കാറില്ലെങ്കിലും, കഴിഞ്ഞ ദിവസങ്ങളായി ഹരിയുടെ പെരുമാറ്റത്തില്‍ നിന്ന് അവിടത്തെ പ്രശ്‌നങ്ങളുടെ ഒരു ഏകദേശരൂപം മനസ്സിലായിരുന്നു. എന്തായാലും അതിനെക്കുറിച്ചൊക്കെ ഹരി മറന്നപോലുണ്ട്.

'ഡാലിയുടെ കല്ല്യാണം ഉറച്ചല്ലേ, പാവം കുട്ടിയാണു. ഒരു പ്രാരാബ്ദക്കാരി. ഐ.ടിയിലൊന്നു വന്ന് ചേരേണ്ട കാരക്റ്ററും അല്ല.' ഹരി ലാപ് ഷട്ട് ഡൌണ്‍ ചെയ്യുന്നതിനിടെ പറഞ്ഞു.

'ഉം, അവള്‍ക്ക് നല്ല ടെന്‍ഷനുണ്ടെന്ന് തോന്നുന്നു. അനിയന്റെ പഠിപ്പ് ആണു അവള്‍ടെ വലിയ ടെന്‍ഷന്‍ലേ?'

'അതേ, നല്ലോണം അദ്ധ്വാനിക്കുന്ന കുട്ടിയാണവള്‍. എനിക്കൊരു ബഹുമാനം തോന്നിയ കുട്ടി. നന്നായി വരട്ടെ..'


'നാട്ടില്‍ പോവാനുള്ള പരിപാടി നടന്നില്ലല്ലേ ഹരീ, കാവിലൊക്കെ ഒന്നു പോണംന്നുണ്ടായിരുന്നു.' ശരിക്കും ഒരു നിരാശ ഉണ്ടതില്‍. ഹരിയുടെ നാട് തന്നെ വല്ലാതെ വശീകരിച്ച ഒന്നാണു. കാവും പുഴയും പാടവും നാട്ടുവഴികളും പിന്നെ ഹരിയുടെ മടിയില്‍ തലവച്ച് കിടക്കുമ്പോള്‍ ഹരി പറയാറുള്ള കഥകളും ഒക്കെ വല്ലാതെ മിസ് ചെയ്തു.


'അതിനീം പോവാലോ, നീ മരുന്നു കഴിച്ചോ?'

'കഴിക്കാന്‍ പോണേ ഉള്ളൂ' ഒരു പിടിമരുന്നുണ്ട് ഇനി എല്ലാദിവസവും. ഇതിനോളം ഇഷ്ടമില്ലാത്ത കാര്യമില്ല. പക്ഷെ നിവൃത്തിയില്ലല്ലോ


'നാളെ നേരത്തെ എണീക്കണം, രാവിലെത്തന്നെ സി.ഇ.ഒ യുടെ മീറ്റിങ്ങ് ഉണ്ട്, ഇനി അതെന്ത് കുരിശാണാവോ' ഹരിയുടെ സ്വരത്തില്‍ വല്ലാത്ത ഒരു വേവലാതി ഉണ്ടായിരുന്നു..

രാവിലെ നേരത്തെ എണീറ്റ് അടുക്കളയിൽ ചെന്നപ്പോഴേക്കും‌ ചേച്ചി പണിതുടങ്ങിയിരുന്നു.

“മോളെന്തിനാ നേരത്തെ എണീറ്റേ?”

രാവിലെ ഇഡ്ഡലി മതിയെന്ന് ഇന്നലെ പറഞ്ഞിരുന്നു. സാമ്പാറിനായി ചേച്ചി കഴുകി വച്ചിരിക്കുന്ന വെണ്ടക്ക മുറിക്കാനൊരുങ്ങിയപ്പോൾ ചേച്ചിയുടെ വകചോദ്യം.

“എനിക്കങ്ങനെ ക്ഷീണമൊന്നും തോന്നുന്നില്ല ചേച്ചീ” കുക്കിങ്ങിനു ചേച്ചിക്ക് നല്ല സ്പീഡാണു. നിത്യത്തൊഴിലഭ്യാസി എന്നല്ലേ. കൂടുതലും ചേച്ചിക്ക് ഒറ്റക്ക് ചെയ്യുന്നതാണു ഇഷ്ടം‌.

പെട്ടെന്നാണോർത്തത് ഇന്ന് ഹരിക്ക് നേരത്തെ ഓഫീസിൽ പോവണമെന്ന് പറഞ്ഞിരുന്നു . ചായയുമെടുത്ത് വിളിച്ചുണർത്താൻ ചെല്ലുമ്പോഴേക്കും‌ ഹരി എണീറ്റുകഴിഞ്ഞിരുന്നു.  ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണു ഹരിയുടെ മുഖം ശ്രദ്ധിച്ചത്. ആകെ വല്ലാതിരിക്കുന്നു. ഓഫീസിൽ കാര്യമായെന്തോ പ്രശ്നം നടക്കുന്നുണ്ട്

“എന്തേ ഹരി, എന്തിന്റെ മീറ്റിങ്ങ് ആണു ഓഫീസിൽ?”

തന്റെ ചോദ്യം ഹരിയിൽ‌ അത്ഭുതം സൃഷ്ടിച്ചു എന്നു ആ മുഖഭാവത്തിൽ നിന്നു മനസ്സിലായി. കുറെ കാലമായി ഹരിയുടെ ഓഫീസ് കാര്യങ്ങളെക്കുറിച്ച് തീരെ അന്വേഷിക്കാറില്ലല്ലോ.
                       
“ഹും‌,കാര്യങ്ങളുടെ പോക്കത്ര നല്ലരീതിയലല്ല. ശമ്പളം വൈകിത്തുടങ്ങി. പലരേയും ഫയർ ചെയ്യാനുള്ള ചാൻസുണ്ട്. ഇന്നത്തെ മീറ്റിങ്ങ് അതിനെക്കുറിച്ചൊക്കെ ആവാനാണു സാധ്യത.”

“ഹരി ടെൻ‌ഷനടിക്കണ്ട, കുറെയോക്കെ ഊഹാപോഹങ്ങൾ മാത്രമാവാനാണു സാധ്യത” ഒന്നു ആശ്വസിപ്പിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി

ഒന്നമർത്തിമൂളിക്കൊണ്ട് ഹരി എണീറ്റു.

ഹരി ഓഫീസിൽ പോയിക്കഴിഞ്ഞ്, റൂമിൽ വന്ന് കുറച്ച് നേരം കിടക്കാൻ തുടങ്ങുമ്പോഴാണു ഹരിയുടെ മെസേജ്. “മരുന്നു കഴിച്ചോ” എന്ന് ചോദിച്ച്. റിപ്ലെ അയച്ച് വന്ന് കിടന്നു. പുസ്തകങ്ങളുമാ‍യി വളരെ അകന്ന ബന്ധമാണു തനിക്കുള്ളതെങ്കിലും‌, ഹരിയുടെ കയ്യിൽ നല്ലൊരു പുസ്തകശേഖരമുണ്ട്. അതിൽ നിന്നൊരു പുസ്തകമെടുത്ത് ചുമ്മാ മറിച്ചു നോക്കി. ഒരു കവിതാ സമാഹാര‌ പുസ്തകം‌.. പലരുടേതായി കുറെ ചെറിയ കവിതകൾ‌. ചിലപ്പോ അത്ഭുതം തോന്നാറുണ്ട്, ഇതും വായിച്ച് സമയം കളയാൻ ഹരിക്കെങ്ങനെ തോന്നുന്നു എന്നു. ചുമ്മാതൊരു പേജ് തുറന്ന് നോക്കിയപ്പോൾ കണ്ട വരികൾ‌ ഒരു പുന:വായനക്കു പ്രേരിപ്പിച്ചു

“എന്റെ നിഴലിന്റെ അറ്റത്ത്,  നിന്റെ
കുനിഞ്ഞ മുഖം ചേർത്തു വച്ചു
എനിക്കായ് കുഴച്ച് വച്ച പുത്തരിച്ചോറിൽ‌
നിന്റെ‌ മുലപ്പാലിൻ‌ സ്വാദ് ചേർത്തു
എന്റെ‌ ജീവിതാഭാസഘോഷയാത്രയിൽ‌, നീ
ചോരയൂറും‌ നിശബ്ദതയാൽ‌ താളമിട്ടു.
……..

പകുതി മനസ്സിലായില്ലെങ്കിലും‌ കവിത വായിച്ചെത്തിച്ചു. അടുത്തകവിതയിലേക്ക് നോട്ടമെത്തും മുന്നെയാണു‌ പെട്ടെന്ന് കവിയുടെ പേരു ശ്രദ്ധിച്ചത്. ഹരി കിഴായൂർ.  ഇത്രകാലമായിട്ടും ഹരി അതിനെപറ്റി പറഞ്ഞട്ടില്ല. ഈ വർഷങ്ങൾക്കിടയിൽ അനേകം തവണ ഈ പുസ്തകങ്ങൾ‌ പൊടിതുടച്ച് വക്കാറുണ്ടെങ്കിലും താനും ഒന്നും തുറന്ന് വായിക്കാൻ മിനക്കെട്ടിട്ടുമില്ല. കവിതകളോടും ആ നാടിനോടുമുള്ള ഹരിയുടെ സ്നേഹം‌‌, ഹരിയുടെ ഭാഷയിൽ ആക്രാന്തം‌, തനിക്കറിയാത്തതല്ല. എന്നിരുന്നാലും ഹരി എഴുതുമെന്ന് കരുതിയില്ല. ഒരുപാട്കാര്യങ്ങൾ പറയുന്ന, തന്നെ പലപ്പോഴുമൊരു കേൾവിക്കാരിയുടെ സ്ഥാനം മാത്രം നൽകുന്ന തരത്തിൽ‌ സംസാരത്തിൽ ഡോമിനേറ്റ് ചെയ്യുന്ന ഹരി ഇത് പറയാത്തെന്താവും എന്നൊരു പിടിയുംകിട്ടുന്നില്ല. ചിലപ്പോൾ കവിതയോടുള്ള തന്റെ താൽ‌പ്പര്യക്കുറവ് കാരണമായിരിക്കും‌.ഹരിയുടെ നാട്ടിൽ പോവുമ്പോൾ‌ വൈകുന്നേരങ്ങളിൽ ഹരിയുടെ കൂടെ നടക്കാനിറങ്ങുക പതിവുണ്ട്. പനകൾ വരിയായി നിൽക്കുന്ന നാട്ടുവഴികളിലൂടെ, ഉണങ്ങിയ പാടത്തിന്റെ അരികിലൂടെ, പുഴ ലക്ഷ്യമാക്കി നടക്കുമ്പോൾ ഹരി വേറൊരാളായി പോവുന്നതു പോലെ തോന്നാറുണ്ട്. അവിടെയുള്ള ഓരോ മരത്തിനെ കുറിച്ചും, എന്തിനു സന്ധ്യക്ക് കൂടണയാൻ വെമ്പിപ്പറക്കുന്ന കിളിക്കൂട്ടങ്ങളെക്കുറിച്ചും ഹരിക്കോരോ കഥപറയാനുണ്ടാവും. ഇടക്കൊക്കെ മൂളിക്കൊടൂക്കുക എന്ന കാര്യം മാത്രമേ ഹരി തന്നിൽ നിന്നു പ്രതീക്ഷിക്കൂ.

പുഴയിലേക്കുള്ള ഓരോ യാത്രയിലും‌ എന്തെങ്കിലും‌ ഹരി കയ്യിൽക്കരുതും‌. അവിടെ നിന്ന് അസ്തമയം കണ്ട് പയ്യെ തിരിച്ചു നടക്കുമ്പോൾ‌ ആ മണൽ‌പ്പരപ്പിൽ‌ ഒരു കുഴിയുണ്ടാക്കി അതിട്ടു മൂടും. ഈ ഒരു വട്ടിനെപറ്റി ചോദിച്ചതിനുമാത്രം ഇതു വരെ വ്യക്തമായ ഒരു മറുപടി കിട്ടിയിട്ടില്ല. അലക്ഷ്യമായ ഒരു നോട്ടമോ, നി‌ർജ്ജീവമായ ഒരു ചിരിയോ മാത്രം‌ മറുപടിയായുണ്ടാവും. ഒരിക്കലെന്തോ ഒരു അന്തവും കുന്തവുമില്ലാത്ത ഒരു മറുപടി പറഞ്ഞു. “അടുത്ത ഒരു ജന്മത്തിൽ എനിക്കാവശ്യമുള്ള കാര്യങ്ങളാണു, അന്ന് വന്നെനിക്ക് എടുക്കാനുള്ളതാ”. അന്നത് കേട്ട് കുറെ ചിരിച്ചു.

ഹരിയുടെ മീറ്റിങ്ങ് എന്തായോ ആവോ. മീറ്റിങ്ങിനിടയിൽ എസ്.എം.എസ് അയക്കുന്നത് ഹരിക്കിഷ്ടമല്ല. കഴിഞ്ഞാൽ പറയുമായിരിക്കും. പുറത്തേക്ക് നടന്ന് ഗേറ്റ് വരെ ചെന്ന് മെയിൽ ബോക്സ് തുറന്നു നോക്കി. മൂന്ന് കത്തുണ്ട്. ഒരെണ്ണം ഹരിയുടെ മൊബൈൽ ബിൽ‌ ആണ്, പിന്നൊന്ന് എൽ.ഐ.സിയിൽനിന്ന്, പിന്നെയുള്ളത് ഇൻഷുറൻസ് പ്രീമിയം സംബന്ധിച്ച ഒരു കത്തും‌. ഈ മാസം‌ കുറെ പൈസ ആ വഴിക്ക് പോവും എന്ന് തോന്നുന്നു. ഹോം‌ ലോൺ വക നല്ലൊരു തുക മാസം വേറെ പോവുന്നുണ്ട്.

“മോളേ, ഫോൺ‌ അടിക്കുന്നുണ്ടെന്ന് തോന്നുന്നു” ചേച്ചിയുടെ വിളിച്ചു പറഞ്ഞതു കേട്ട് വേഗം ചെന്ന് മൊബൈലെടുത്തു നോക്കി. മെസേജാണു. ഹരിയുടെ

“കമ്പനി പകുതി പേരെ പറഞ്ഞു വിടുന്നു. ശമ്പളത്തിലും മറ്റും കുറച്ച് ഭേദഗതികളും വരുത്തുന്നു.”

ഹരിയെ വിളിച്ചു നോക്കി. രണ്ട് ബെല്ലടിച്ചപ്പോഴേക്കും‌ ഹരി ഫോൺ കട്ട് ചെയ്തു.

കുറച്ച് കഴിഞ്ഞപ്പോൾ ഒരു മെസേജ് കൂടെ.

“റിലീവിങ്ങ് നോട്ടിസ് പിരിയഡ് എടുത്തുമാറ്റി, ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പോവാം. “

********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

Monday, March 21, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ പതിനൊന്ന്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************

മെസേജ് കണ്ടപ്പോൾ‌ ഒരുപാട് സന്തോഷം തോന്നി. വന്ദന പ്രെഗ്നന്റ് ആണു. വേഗം ഹരിക്ക് കൺ‌ഗ്രാറ്റ്സ് പറഞ്ഞ് ഒരു മറുപടി അയച്ചു. കല്ല്യാണം കഴിഞ്ഞിത്രനാളായിട്ടും കുഞ്ഞുങ്ങളാവാത്തത് ഹരിയെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമായിരുന്നു.

“ഹരിയുടെ ഒരു വലിയ ട്രീറ്റ് ഉണ്ടല്ലോ” മാത്യൂസാണു.

“പിന്നെ ഇല്ലാതെ, അങ്ങനെ ഇത്തവണ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല”.

മാത്യൂസ് കസേര‌ വലിച്ചിട്ടടുത്തിരുന്നു.

“ശമ്പളം ഡിലേ ആവുന്നത് അത്ര നല്ല ലക്ഷണമല്ല. പലരും വേറെ ട്രൈ ചെയ്യുന്നു എന്നു കേൾക്കുന്നു.  മാഡമാണെങ്കിൽ ഒന്നും വ്യക്തമായി പറയുന്നുമില്ല. “ മാത്യൂസ് മുന്നിലെ സ്ക്രാപ്ബുക്കിൽ‌ പെൻസിൽ വച്ച് അലക്ഷ്യമായി കുത്തിവരച്ചുകൊണ്ട് പറഞ്ഞു. ഒന്നും മറുപടി പറയാൻ തോന്നിയില്ല. എന്തെങ്കിലും തന്നിൽ‌ നിന്നു വിട്ടുകിട്ടാനുള്ള തന്ത്രമാണു. ആദ്യമൊക്കെ ഈ ലോഹ്യം പറച്ചിലിന്റെ അർ‌ത്ഥം മനസ്സിലാക്കാതെ പലതും പറഞ്ഞിരുന്നു. ഒന്നു രണ്ട് അനുഭവത്തോടെ മതിയായി.

അധികം പ്രതികരണം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവത്തതു കാരണമാണോ എന്നറിയില്ല, മാത്യൂസ് വേഗം എഴുന്നേറ്റ് പോയി.  അങ്കിളിന്റെ ഫോൺ‌ പിന്നേയും ചിന്തകളിൽ നിന്നുണർത്തി.

“നാളെ രാവിലെ ലീവെടുത്തേക്കണം. അന്ന് പറഞ്ഞില്ലേ, എസ്.ബി.ഐയിൽ‌ ജോലി ചെയ്യുന്ന..അവർ‌. ഹാഫ്ഡേ എടുത്താൽ മതിയാവും‌“. മാത്യൂസിനോട് ലീവ് പറയാൻ‌ പകുതിവഴി എത്തിയതാ‍ണു. പിന്നെ തോന്നി, നാളെ രാവിലെ വിളിച്ചുപറയാം എന്ന്. ലീവ് എടുക്കുന്നത് മാത്യൂസിനെ സംബന്ധിച്ചിടത്തോളമൊരു മഹാപരാധമാണു.

മെയിലെടുത്ത് നോക്കി, ആ പ്രൊഫൈൽ ഐഡി കണ്ടുപിടിച്ചു. ഒന്നുകൂടി വെബ്സൈറ്റി പരതി നോക്കി. വലിയ കുഴപ്പമില്ലാത്ത ഒരു പ്രൊഫൈൽ‌. കാണാനും പക്വതവന്ന ഒരു മുഖം‌.


“ ഒരില ചോറ്, അല്ല, ചിക്കൻഫ്രൈ കിട്ടുമോ ചക്കരേ” മാട്രിമോണി സൈറ്റ് നോട്ടം കണ്ടുകൊണ്ട് വന്ന സ്നേഹയുടെ കളിയാക്കലും കയ്യിൽ ഒരു നുള്ളലും ഒരുമിച്ചായിരുന്നു.

“നാളെ കലാപരിപാടിയുണ്ട് മോളേ.. രാവിലെ ലീവാ.”  സ്നേഹ അധികം അവിടെ നിന്നില്ല. ശമ്പളം വൈകിയതിനു എല്ലാവരുടേയും ദേഷ്യം അവളോടായിരിക്കും എന്ന് അവൾക്കറിയാം. പാവം.

വൈകീട്ട് പണികൾ തീർത്ത് നേരത്തെ കിടന്നു. രാവിലെ നേരത്തെ തന്നെ അങ്കിളും ആന്റിയും വന്നു. ഈ പരിപാടി ബോറടിച്ചു തുടങ്ങിയിട്ടു കുറെ കാലമായി. ചില അരസികന്മാരുടെ ചോദ്യോത്തര പരിപാടികളും അവസാനം ബന്ധുജനങ്ങളുടെ വിലപേശലും‌ അളന്നു തൂക്കലും ..

പത്തുമണിയോടെ അവരെത്തി. പയ്യനും പയ്യന്റെ അപ്പനും അമ്മയും പിന്നെ അവരുടെ ഒരു അങ്കിളും മാത്രം‌. ഒരു എക്സിക്യുട്ടീവ് മോഡലിൽ ഡ്രസ് ചെയ്തിരുന്ന പയ്യൻ ഫോട്ടോയിൽ കണ്ടതിൽ നിന്നും അധികം വ്യത്യസ്തനായിരുന്നില്ല. പയ്യന്റെ അപ്പനും അമ്മയും സ്കൂൾ ടീച്ചേഴ്സ് ആയിരുന്നു എന്ന് അവരെ കണ്ടാൽ തന്നെ മനസ്സിലാവും. ഒരു ടിപ്പിക്കൽ  ക്ലീഷേ അധ്യാപകലക്ഷണമുണ്ട് രണ്ട് പേർക്കും.

അനിയനോടും അമ്മച്ചിയോടും അങ്കിളിനോടുമൊക്കെ സംസാരിച്ച് പതുക്കെ അമ്മ തന്റെ അടുത്തേക്ക് വന്നു.

“മോളിന്ന് ലീവെടുത്തല്ലേ, ജോലി എങ്ങനെ പോവുന്നു? ”

ഒരുതവണയും ഇല്ലാതിരുന്ന ഒരു പരിഭ്രമം‌ വാക്കുകളിൽ വന്നോ എന്നൊരു സംശയം. ആകെ ഒരു തപ്പും തടസ്സവും‌. അതുകണ്ടിട്ടാവണം അവർ‌ തുടർന്നു,

“എന്റെ അനിയത്തിയുടെ മകനും സോഫ്റ്റ്‌വെയർ എഞ്ചിനീയറാണു. നല്ല പണിയാണെന്ന് അവൻ‌ എപ്പോഴും പറയാറുണ്ട്. ജോലി, അതെന്തായാലും ആത്മാർത്ഥമായി ചെയ്യുക. ഓരോ ജോലിക്കും അതിന്റേതായ ഒരു രീതിയുണ്ടല്ലോ. പിന്നെ ഞങ്ങളെക്കുറിച്ചൊക്കെ അറിയാമോ?” അവർ ചിരിച്ചുകൊണ്ട് ചോദിച്ചു. ചിരിക്കുമ്പോൾ അവരുടെ മുഖത്തിനു നല്ല ഐശ്വര്യം‌. ഒരു പഴയ‌  സിനിമാനടിയെപ്പോലെ തോന്നിച്ചു

“ജോലി കുഴപ്പമില്ല. അത്ര പ്രഷറില്ല ഇപ്പോൾ”. അപ്പോഴേക്കും‌ ഹാളിൽ‌ അങ്കിളിന്റെ പൊട്ടിച്ചിരി കേട്ടു. അവരെന്തോ തമാശ പറഞ്ഞ് ചിരിക്കുകയാണു.

“മോൾ‌ ഇവിടെനിൽക്കൂ.ഞാനവനെ പറഞ്ഞ് വിടാം. നിങ്ങൾ സംസാരിക്കൂ” എന്ന് പറഞ്ഞു അവർ‌ ഹാളിലേക്ക് പോയി.

പിന്നെയും‌ പരിഭ്രമം‌ കൂടിയെന്ന് ഹൃദയമിടിപ്പിന്റെ താളത്തിൽ നിന്നും മനസ്സിലായി.

“പതിവു ചടങ്ങുകൾ തെറ്റിക്കുന്നില്ല. പേരൊക്കെ അറിയാലോലെ. ഞാൻ എസ്.ബി.ഐയിൽ ജോലി ചെയ്യുന്നു. രണ്ട് വർഷമായി. ബാക്കിയെല്ലാം ബയോഡാറ്റയിൽ കണ്ട് കാണും” ചിരിച്ചമുഖത്തോടെയുള്ള പുള്ളിക്കാരന്റെ സംസാരം‌ പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമായി

“കണ്ടിരുന്നു, ഇപ്പൊ ബാംഗ്ലൂരാണല്ലേ, ഇങ്ങോട്ട് ട്രാൻസ്ഫർ?”

“ഈവർഷം അവസാനം ലഭിക്കും. പേപ്പേഴ്സ് എല്ലാം നീക്കിയിട്ടുണ്ട്. എനിക്കും എത്രയും വേഗം നാട്ടിൽ വന്ന് സെറ്റിൽ ചെയ്യണമെന്നാണാഗ്രഹം‌. നിങ്ങൾ‌ ഐ.ടിക്കാരുടെ പറുദീസയാണല്ലോലേ, എന്റെ ട്രാൻസ്ഫർ കാൻസൽ ചെയ്യേണ്ടി വരുമോ?” ഒരു കുസൃതിയോടെയുള്ള ഈ ചോദ്യം തീരെ പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് തന്നെ ഒന്നു ചമ്മി.

പിന്നെ പതിവു പോലെ ചില ചോദ്യവും ഉത്തരവും. പക്ഷെ ഇപ്രാവശ്യം സംസാരിക്കാൻ തന്റെ ഭാഗത്തു നിന്നു ഒരു ശ്രമവും നടന്നു എന്നതാണു സത്യം‌.

പോവാൻ നേരത്ത് അങ്കിളും അവരുടെ പപ്പയും ഒക്കെ മാറിനിന്നു അൽ‌പ്പനേരം സംസാരിക്കുന്നുണ്ടായിരുന്നു. അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ‌ അങ്കിൾ വീട്ടിനുള്ളിലേക്ക് വന്ന് ഉറക്കെ പറഞ്ഞു.

“അവർക്കിഷ്ടമായി. അവർ നമ്മളെ പറ്റി നന്നായി അന്വേഷിച്ചിട്ടൊക്കെയാണു വന്നത്. അവർക്കിനി ആരോടും ചോദിക്കാനില്ല. നമ്മളുടെ അഭിപ്രായം മാത്രം അറിഞ്ഞാൽ മതി. എനിക്കറിയാവുന്ന കൂട്ടരാണു, അതുകൊണ്ട് തന്നെ ചുറ്റുപാടുകളെക്കുറിച്ചൊക്കെ ഇനി അന്വേഷിക്കേണ്ട കാര്യവുമില്ല. ഇനി ഡാലിയയുടെ അഭിപ്രായമാണറിയേണ്ടത്. നീ എന്തു പറയുന്നു?”

********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, February 23, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ പത്ത്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************

ആകാംക്ഷ നിറഞ്ഞ മുഖങ്ങള്‍ക്ക് പിടി കൊടുക്കാതെ സീറ്റിലേക്ക് നടന്നു. മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ അങ്കിളിന്റെ എസ്.എം.എസ്. കുറെ മാട്രിമോണിയല്‍ ഐഡികളാണു. കല്ല്യാണം അന്വേഷണം തുടങ്ങിയിട്ട് നാള്‍ കുറെ ആയി. മാട്രിമോണി സൈറ്റ് എടുത്ത് പ്രോഫൈല്‍ ഐഡി സെര്‍ച്ച് ചെയ്തു.

''കാര്യമായി ഇന്‍ക്രിമെന്റ് കിട്ടിയ ലക്ഷണമാണല്ലോ? കല്ല്യാണം ഒക്കെ ഇപ്പൊ ഉണ്ടാവോ?'' ഹരിയാണു

''അതെ ഹരി, ഞാന്‍ ഒരു ടിപ്പര്‍ ലോറി വാടകക്കെടുക്കാന്‍ പോവാ.. ശമ്പളം വീട്ടില്‍ കൊണ്ടു പോവണ്ടേ?''

ഹരി ചിരിച്ചുകൊണ്ട് തൊട്ടടുത്ത ക്യൂ ബിക്കിക്കിളില്‍ നിന്ന് ഒരു കസേര വലിച്ചിട്ട് അടുത്തിരുന്നു.

''എന്തായി വല്ലതും ഒത്തു വന്നോ, അതൊ പതിവുപോലെ അങ്കിളിനോട് പറഞ്ഞൊഴിയാന്‍ കുറ്റം വല്ലതും കണ്ട് പിടിച്ചോ ഡാലി?''

''ഏയ്, ഇനി ഈ ഐ.ഡികള്‍ നോക്കിയില്ലെങ്കില്‍ അത് മതി അങ്കിളിനു മുഖം വീര്‍പ്പിക്കാന്‍. അറിയാലോ?'' വീട്ടിലെ കാര്യങ്ങളെക്കുറിച്ച് അല്‍പ്പമെങ്കിലും അറിയാവുന്നയാള്‍ ഹരിയാണ്.

ഹരി മൌസ് എടുത്ത് ഫോട്ടോ ഗാലറി ക്ലിക്ക് ചെയ്തു. സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം എടുക്കപ്പെട്ട 80 മോഡല്‍ ചിത്രങ്ങള്‍. നോക്കാനേ തോന്നിയില്ല.

ഫോണ്‍ മുരളുന്ന ശബ്ദം ..അങ്കിളാണു. ''അങ്കിളേ, ഞാന്‍ നോക്കിക്കൊണ്ടിരിക്കാ. കുറച്ച് കഴിഞ്ഞട്ട് വിളിക്കാം'' പെട്ടെന്ന് തന്നെ കട്ട് ചെയ്തു

''ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോവുമ്പോള്‍ എന്നേം വിളിക്കണേ. ഇന്നു ഊണു കൊണ്ട് വന്നില്ല.'' ഹരി പതുക്കെ എണീറ്റ് സീറ്റിലേക്ക് പോയി. വീണ്ടും പ്രൊഫൈലിലേക്ക് ഊളിയിട്ടു. ഒരു െ്രെപവറ്റ് ബാങ്കിലെ ഉദ്യോഗസ്ഥനാണു.

വിശന്നുതുടങ്ങിയപ്പോഴാണു സമയം ഒരുപാടായി എന്ന് മനസ്സിലായത്. ഹരിയെ വിളിച്ച് പതുക്കെ താഴെ കാന്റീനിലോട്ട് നടക്കുമ്പോഴാണു ഹരിയുടെ ചോദ്യം

''അല്ല നമ്മുടെ ബാംഗ്ലൂര്‍ കല്ല്യാണാലോചന എന്തായി? സൊഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.. നീ പിന്നെ ഒന്നും പറഞ്ഞില്ലല്ലോ?''

''അത് വേണ്ട എന്ന് വച്ചു. ഞായറാഴ്ച പെണ്ണുകാണാന്‍ വന്നിരുന്നു. എന്റെ ഹരീ, ഒന്നും പറയേണ്ട. ഒരു കോമഡി ആയിരുന്നു. ചെക്കന്‍ എന്നോട് സംസാരിച്ച കാര്യങ്ങള്‍ കേള്‍ക്കണോ? ഏതു ഫ്രെയിം വര്‍ക്കാണു യൂസ് ചെയ്യുന്നത്? എന്തുകൊണ്ട് ഇതു യൂസ് ചെയ്തു കൂടാ. ഒരു ടെക്‌നിക്കല്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത പ്രതീതി ആയിരുന്നു. ഒരു ഒരു ''ഉണ്ണാമന്‍''

''ഹഹ'' ഹരിയുടെ പ്രതികരണം ഒരല്‍പ്പം ഉച്ചത്തിലായിരുന്നു. പലരും തിരിഞ്ഞുനോക്കി.

''ശാശ്വത് ആസ്‌ത്രേലിയ മൈഗ്രേഷന്‍ ശ്രമിക്കുന്നുണ്ട് എന്ന് കേട്ടു'' ഹരി അലക്ഷ്യമായി പറഞ്ഞു

''ഞാനും കേട്ടു. പക്ഷെ അവനു അത്യാവശ്യം കോണ്ടാക്റ്റുകള്‍ ഉണ്ടല്ലോ''

പതിവുപോലെ കാന്റീന്‍ പരിസരത്ത് മൊബൈല്‍ കമ്പനികളുടെ പ്രൊമോഷന്‍ ഓഫറുകളുമായി ടീഷര്‍ട്ടുകള്‍ ധരിച്ച യുവതീയുവാക്കള്‍ നിരന്നു നില്‍പ്പുണ്ടായിരുന്നു. ഒന്നു രണ്ട് പേര്‍ നീട്ടിയ നോട്ടീസുകള്‍ വാങ്ങി കയ്യില്‍പ്പിടിച്ചു. കാര്യമുണ്ടായിട്ടല്ല. സോഡെക്‌സ് കൂപ്പണ്‍ കൊടുത്ത് ടോക്കണ്‍ വാങ്ങി കൌണ്ടറിലേക്ക് ചെന്ന് ഭക്ഷണം വാങ്ങി ആളൊഴിഞ്ഞ ഒരു ടേബിളില്‍ ചെന്നിരുന്നു.

''ഞാന്‍ രണ്ട് ദിവസത്തേക്ക് ലീവാവും. ഒന്നുനാട്ടില്‍ പോണം'' തന്റെ മുഖത്തെ ചോദ്യഭാവം കണ്ടതുകൊണ്ടാണൊ എന്തോ ഹരി തുടര്‍ന്നു

''കുടുംബ വീട്ടില്‍ ഒരു പൂജ ഉണ്ട്. പിന്നെ കാവിലെ വേലയുമാണു. വന്ദനയേയും കൊണ്ട് പോണം. കുറെ കാലമായി പോയിട്ട്.''

ഹരി നാട്ടിലെ കാര്യം പറഞ്ഞു തുടങ്ങിയാല്‍ ഒരല്‍പ്പം വാചാലനാവും. പക്ഷെ അതു കേള്‍ക്കാന്‍ ഒരു രസമാണു. പലപ്പോഴായി കേട്ട വിവരണങ്ങളില്‍ നിന്ന് ആ വള്ളുവനാടന്‍ ഗ്രാമത്തിന്റെ ഒരു ചിത്രം തന്റെമനസ്സിലുണ്ട്.

''പോയി വരുമ്പോള്‍ കടുമാങ്ങ കൊണ്ടു വരാന്‍ മറക്കല്ലേ''
നാട്ടില്‍ നിന്നു വരുമ്പോള്‍ എന്തെങ്കിലുമൊക്കെ കൊണ്ട് വന്ന് വിതരണം ചെയ്യുന്ന ഒരു ശീലം ഹരിക്കുണ്ട്. കഴിഞ്ഞതവണ കൊണ്ട് വന്ന കടുമാങ്ങാ അച്ചാര്‍ താന്‍ അടിച്ചുമാറ്റിയിരുന്നു.

''നോക്കട്ടെ. അവിടെ എന്തുമാത്രം തിരക്കായിരിക്കും എന്ന് പറയാന്‍ പറ്റില്ല.'' ഹരി ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

തിരിച്ച് സീറ്റില്‍ വന്ന് പ്രൊജക്റ്റ് മാനേജ്‌മെന്റ് ടൂള്‍ എടുത്ത് നോക്കിയപ്പോള്‍ മൂന്ന് ടാസ്‌കുകള്‍ തന്റെ പേരില്‍ വന്നിട്ടുണ്ട്. ഇന്നത്തേക്കുള്ളതായി. പണിയില്‍ മുഴുകി സമയം പോയതറിഞ്ഞില്ല. പെട്ടെന്ന് ഹരിയുടെ കാബിനില്‍ ആളുകള്‍ കൂടിയത് ശ്രദ്ധിച്ചു. ഹരി തിടുക്കത്തില്‍ മെഷീന്‍ ഷട്ട് ഡൌണ്‍ ചെയ്തു പുറത്തേക്കിറങ്ങിപ്പോയി.

''മാത്യൂസ്, എന്താ, എന്താപറ്റ്യേ?'' ഹരിയുടെ ക്യൂബിക്കിളില്‍ തന്നെ നില്‍പ്പുണ്ടായിരുന്ന മാത്യൂസിനോട് കാര്യമന്വേഷിച്ചു.

''ഹരിയുടെ വൈഫിനെന്തോ അസുഖം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഫോണ്‍ വന്നിട്ട് പോയതാ''

എന്താണാവോ? അല്ലെങ്കില്‍ തന്നെ ഹരി പെട്ടെന്ന് നെര്‍വസ് ആവുന്ന കൂട്ടത്തിലാണു. വിളിച്ചു നോക്കിയാലോ? െ്രെഡവ് ചെയ്യുവയാവും. വീണ്ടും വര്‍ക്കിലേക്ക് തലപൂഴ്ത്തി.
ടീം മീറ്റിങ്ങ് കഴിഞ്ഞു വന്നപ്പോഴാണു മൊബൈല്‍ ശ്രദ്ധിച്ചത്. ഒരു മെസേജ് വന്നു കിടക്കുന്നു. അങ്കിളിന്റേതാവും എന്ന് കരുതി എടുത്ത് നോക്കിയപ്പോഴാണു. മെസേജ് ഹരിയുടേതാണു...
തുടരും
********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, February 13, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ ഒൻ‌പത്


മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************

പതിവിൽ‌ നിന്ന് വിപരീതമായി മുഖവുരയില്ലാതെ മാത്യൂസ് നേരിട്ട് പ്രൊജക്റ്റ് സ്റ്റാറ്റസ് റിപ്പോർട്ടിങ്ങിലേക്ക് കടന്നു. പൂർ‌ത്തിയാവാത്ത ബഗ് ഫിക്സിങ്ങിനെക്കുറിച്ച് ജിജുവിനോട് അൽ‌പ്പം പരുഷമായി സംസാരിക്കുകയും ചെയ്തു. 

“ഡാലിയ നാളെമുതൽ‌ സ്റ്റോർ‌ മൊഡ്യൂൾ‌ നോക്കണം‌. എല്ലാദിവസവും റിപ്പോർട്ട് മെയിലയക്കുകയും വേണം.“  മാത്യൂസ് ഒരൽ‌പ്പം കനത്തിൽ‌ പറഞ്ഞു നി‌ർത്തി. ജിജുവിന്റെ മുഖത്തെ തെളിച്ചം‌ നിമിഷനേരം‌ കൊണ്ട് ഇല്ലാതായി. ഇത്രനാളും ജിജു നോക്കിയ മൊഡ്യൂളായിരുന്നു അത്. വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി

ശമ്പളം‌ വൈകുന്നതിനെപ്പറ്റിയുള്ള ചർച്ചകളായിരുന്നു അന്നത്തെ ദിവസം മുഴുവൻ‌. എല്ലാവർക്കും നല്ല ടെൻ‌ഷനുണ്ട്. ജീവിതത്തെപറ്റിയും ഭാവിയെപറ്റിയും ഇന്നേവരെ ചിന്തിക്കാത്തവരെല്ലാം‌ ഇന്നതിനെപ്പറ്റിയുള്ള ആകുലകതകളിൽ മുഴുകിത്തുടങ്ങിയിരിക്കുന്നു. ഇപ്പോൾ‌ വൈകീട്ടുള്ള പാർട്ടികളെപ്പറ്റിയുള്ള പ്ലാനിങ്ങുകളൊന്നും എങ്ങും കേൾക്കുന്നില്ല.  ഇടക്കിടക്ക് അതുവഴി വരാറുള്ള സ്നേഹയെ വൈകീട്ട് ഒരുതവണപോലും കണ്ടില്ല. ശമ്പളം സംബന്ധിച്ച എല്ലാവരുടേയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മടുത്ത് കാണും.

വീട്ടിൽ‌ ചെന്നുകയറിയപ്പോഴേക്കും അനിയൻ‌ ഒന്നു രണ്ട് ബില്ലുകളെടുത്ത് നീട്ടി. ഇലക്ട്രിസിറ്റി ബില്ലും വാട്ടർ ബില്ലും ആണു. അടക്കാൻ സമയമുണ്ട്.  അവന്റെ സെമസ്റ്റർ‌ ഫീസ്  അടക്കേണ്ട സമയവും അടുത്തു എന്നു തോന്നുന്നു.

ഡീ, ഞാൻ പുറത്തേക്കിറങ്ങിയിട്ട് വരാം‌. കടയിൽ നിന്നും വല്ലോം വാങ്ങിക്കണോ?


വേണ്ട. നീ വേഗം ഇങ്ങ് വന്നേക്കണം. തന്റെ നിർ‌ദ്ദേശം കേൾക്കുന്നതിനു മുന്നെ ബൈക്ക് സ്റ്റാർട്ടാക്കിയ ശബ്ദം കേട്ടു.

പണിയൊക്കെ ഒതുക്കി കിടക്കാനൊരുങ്ങിയപ്പോൾ‌ മൊബൈലിൽ ഹരിയുടെ മെസേജ്

“ബെസ്റ്റ് ഓഫ് ലക്ക് “ ആദ്യം മനസ്സിലായില്ല. പിന്നെയാണതോർത്തത് നാളെയാണു പെർഫോമൻസ് അപ്രൈസൽ‌. കമ്പനിയുടെ അവസ്ഥ അത്ര നല്ലതല്ലാത്തതുകൊണ്ട് ഇപ്രാവശ്യം‌ അതുണ്ടാവില്ല എന്നാണു കരുതിയത്.

രാവിലെ ചെന്ന് സീറ്റിലിരുന്നപ്പോഴേക്കും പലരും ഇന്റേണൽ മെസഞ്ചറിൽ ജിജുവിന്റേയും ശാരിയുടേയും ‘ആൾ ദി ബെസ്റ്റ്’ വന്നു. ഒരു പതിനൊന്നു മണിയോടെ സ്നേഹ വന്ന് കോൺഫറൻസ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. പതിയെ മുഖത്തൊരു പ്രസന്നത വരുത്തി കോൺഫറൻസ് റൂമിലോട്ട് പോകുമ്പോൾ ചിരിച്ച മുഖവുമായി ഹരി വിരലുയർത്തിക്കാണിക്കുന്നുണ്ടായിരുന്നു.

“ടേക്ക് യുവർ സീറ്റ്” ചിരിക്കുന്ന മുഖവുമായി എച്ച്.ആർ സ്വാഗതം ചെയ്തു. സി.ഇ.ഒ യും ഉണ്ട് കൂടെ.

“പ്രൊജക്റ്റ് എങ്ങനെ പോവുന്നു. വർക്ക് ശരിക്കും ടൈറ്റാണല്ലേ?”

കയ്യിലെ പേപ്പറുകൾ‌ സി.ഇ.ഒക്ക് മുന്നിലേക്ക് നിരത്തി വക്കുന്നതിനിടയിൽ‌ അവർ ചോദ്യമെറിഞ്ഞു.

“മാനേജ് ചെയ്യാൻ പറ്റുന്നുണ്ട് മാഡം” ഒരു എനർജിയൊക്കെ ശബ്ദത്തിനുകൊടുത്തു പറഞ്ഞു

“പ്രൊജക്റ്റുകൾ ഒന്നു രണ്ടെണ്ണം കൂടി പൈപ്പ് ലൈനിൽ‌ ഉണ്ട്. ഡാലിയക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. ചിലപ്പോൾ ഓൺസൈറ്റ് പോവേണ്ടി വരും. പാസ്പോർട്ട് ഒക്കെ എടുത്ത് വച്ചിട്ടുണ്ടല്ലോലേ?” സി.ഇ.ഒ യുടെ ഊഴം.

“പാസ്പോർട്ട് ഉണ്ട് സർ. കമ്പനി ആവശ്യപ്പെടുന്ന രീതിയിൽ വർക്ക് ചെയ്യേണ്ടത് എന്റെ കടമയാണു എന്ന് വിശ്വസിക്കുന്നു“  പ്രതീക്ഷിച്ച ചോദ്യമായതുകൊണ്ട് കരുതിവച്ചിരുന്ന റെഡിമെയ്ഡ് മറുപടി പറഞ്ഞു. ഓൺസൈറ്റ് ഐടി പ്രൊഫഷനുകളെ സംബന്ധിച്ച് ആകർഷകമായ ചൂണ്ടയാണു. അതിൽ കുരുങ്ങാത്തവർ വിരളമാണു. അത് മാനേജ്മെന്റിനും നന്നായറിയാം‌. ജോയിൻ ചെയ്തമുതൽ‌ ഓൺ‌സൈറ്റും സ്വപ്നം കണ്ട് നടക്കുന്നവരാണു പകുതിയലധികവും‌.

“കഴിഞ്ഞ കാലയളവിലെ പെർഫോമൻസിനെക്കുറിച്ച് ഡാലിയ എങ്ങനെ വിലയിരുത്തുന്നു?”

“ടെക്നിക്കലി ചലഞ്ചിങ്ങ് ആയിട്ടുള്ള ചില പ്രൊജക്റ്റുകൾ ഉണ്ടായിരുന്നു. അതൊരു നല്ല എക്സ്പ്പീരിയൻസ് ആയിരുന്നു. നല്ലരീതിയിൽ പെർ‌ഫോം ചെയ്യാൻ സാധിച്ചു എന്ന് തന്നെയാണു എന്റെ വിശ്വാസം‌. “ കഴിഞ്ഞ അപ്രൈസലിലും താൻ ഇതേ ഉത്തരം തന്നെയാണു പറഞ്ഞത് എന്നാണോർമ്മ

“ഡാലിയയെക്കുറിച്ച് നല്ല റിപ്പോർട്ടുകൾ തന്നെയാണു ഞങ്ങൾക്ക് ലഭിച്ചട്ടുള്ളത്. എങ്കിലും ടെക്നോളജി അപ്ഡേറ്റിങ്ങിൽ ഡാലിയ ഒന്നുകൂടെ ശ്രദ്ധിക്കണം. അതുപോലെ പ്രൊജക്റ്റിനു ആവശ്യം വരുന്ന സമയത്ത് കൂടുതൽ സമയം കൊടുക്കാനും സാധിക്കണം. “ ഒന്നു ശ്വാസമെടുത്തുകൊണ്ട് എച്ച്.ആർ തുടർന്നു

“ഫ്ലക്സിബിൾ‌ ടൈമിങ്ങ് ആണു നമ്മുടെ എങ്കിലും‌ ടൈറ്റ് ഷെഡ്യൂളിൽ വർക്ക് ചെയ്യുമ്പോൾ‌ വൈകീട്ട് കുറച്ച് കൂടുതൽ സമയം ഇരിക്കേണ്ടി വരും‌. പ്രത്യേകിച്ചും‌ ആഗോള സാമ്പത്തികപ്രതിസന്ധിയിലൂടെയാണു നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നകാര്യം‌ പരിഗണിക്കുമ്പോൾ‌“

അവരെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ബോധിപ്പിക്കാനായി ചെറുതായൊന്ന് തലകുലുക്കി

“ശാശ്വതിനെപ്പോലുള്ളവർക്കെതിരെ കമ്പനിക്ക് കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വന്നത് പെർ‌ഫോമൻസിന്റെ കാര്യത്തിൽ‌ കൂടുതൽ‌ ഊന്നൽ കൊടുക്കാൻ തീരുമാനിച്ചതു കൊണ്ടാണു. അല്ലാതെ അതു സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായല്ല. ഡാലിയയെ ഒക്കെ വളരെ വാല്യുബിളായ റിസോഴ്സ് ആയാണു കമ്പനി കണക്കാക്കിയിരിക്കുന്നത്. ഇവിടെ നടക്കുന്ന അനാവശ്യ ഊഹാപോഹങ്ങളിൽ‌ ഡാലിയ ശ്രദ്ധകൊടുക്കുകയും വേണ്ട.”

“ഡാലിയക്ക് എന്തെങ്കിലും പറയാനുണ്ടോ” സി.ഇ.ഒ ഇടയിൽ കയറി ചോദിച്ചു


ഇല്ല എന്നർത്ഥത്തിൽ തലകുലുക്കിയപ്പോൾ‌ എച്ച്.ആർ തുടർന്നു

“ഇപ്രാവശ്യം ഒരു നിശ്ചിത ശതമാനം ഇൻ‌ക്രിമെന്റ് നൽകാനാണു കമ്പനിയുടെ തീരുനാനം. ഇത് പെർഫോമൻസുമായി ബന്ധപ്പെട്ടതല്ല. കമ്പനിയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന മുറക്ക് നല്ല രീതിയിൽ‌ ഒരു വർദ്ധന പ്രതിക്ഷിക്കാം‌“

“എത്ര ശതമാനമാണു മാഡം?”

“പത്ത് ശതമാനമാണു കമ്പനി നിശ്ചയിച്ച വർദ്ധന. ഞാൻ വീണ്ടും പറയുന്നു ഇതൊരു ഇൻ‌ട്രിം ഇൻ‌ക്രിമെന്റ് മാത്രമാണു”

“മാഡം‌, ഇപ്പൊഴത്തെ എന്റെ അവസ്ഥയിൽ അത് വളരെ വിഷമിപ്പിക്കുന്നതാണു. മാഡത്തിനറിയാവുന്നതു പോലെ സാമ്പത്തികപരമായ ചില ബാദ്ധ്യതകൾ എനിക്കുണ്ട്. അത് മറികടക്കുന്നതിനായി എനിക്കുള്ള ഒരു പാട് പ്രതീക്ഷകൾ നിലകൊള്ളുന്നത് ഈ ഇൻ‌ക്രിമെന്റിനെചുറ്റിപറ്റിയാണു.” തന്റെ മറുപടി എച്ച്.ആറിനത്ര ഇഷ്ടപ്പെട്ടില്ല എന്ന് മുഖഭാവത്തിൽ നിന്നു മനസ്സിലായി. ഒരു നിമിഷം സി.ഇ.ഒ യുടെ നേരെ നോക്കി, പയ്യെ തലതിരിച്ചു പറഞ്ഞു.

“കമ്പനിയുടെ അവസ്ഥ നിങ്ങളും മനസ്സിലാക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ‌ ദീർഘകാലം‌ കമ്പനിയുടെ ഒപ്പം വേണമെന്ന് ഞങ്ങൾ ആത്മാർത്ഥമായും ആഗ്രഹിക്കുന്നുണ്ട്. എന്ത് ചെയ്യാൻ സാധിക്കും എന്ന് ഞങ്ങളൊന്നു ഡിസ്കസ് ചെയ്യട്ടെ. അപ്പൊ ശരി”
.
അപ്രൈസൽ മീറ്റിങ്ങ് അവസാനിപ്പിച്ചുകൊണ്ടുള്ള സിഗ്നലാണു. ആകെ എടുത്തത് പതിനഞ്ച് മിനുറ്റ്. കഴിഞ്ഞ വർഷം രണ്ട് മണിക്കൂറോളം നീണ്ട അപ്രൈസൽ നാടകമാണു ഓർമ്മ വന്നത്. സീനിയർ അപ്രൈസൽ റിപ്പോർട്ട്സ്, പീർ റിപ്പോർട്ട്സ്, പെർഫോമൻസ് ചാർട്ട്സ്..അങ്ങനെ എന്തൊക്കെ വിശകലനങ്ങൾ ..ജാഡകൾ..


അവിടെ നിന്നിറങ്ങി പുറത്തേക്ക് വരുമ്പോൾ ഒരു പട തന്നെ കാത്ത് നിൽ‌പ്പുണ്ടായിരുന്നു

തുടരും
********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, February 6, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ എട്ട്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************
'ഡാലീ.. കം ഫാസ്റ്റ്' കാബില്‍ നിന്ന് ജിജുവിന്റെ ഓളിയിടല്‍ കേട്ടാണു പുറത്തേക്കിറങ്ങിയത്.

ഓഫീസ് കാബിന്റെ നിര്‍ത്താതെയുള്ള ഹോണടി വീട്ടുപടിക്കല്‍ മുഴങ്ങിക്കൊണ്ടിരുന്നു. ലഞ്ച്‌ബോക്‌സ് ബാഗിലേക്ക് എടുത്ത് വച്ച് ഗേറ്റിനരികിലേക്ക് ഓടിച്ചെല്ലുമ്പോള്‍ കാബിന്റെ ഡോറും തുറന്ന് വച്ച് അവര്‍ അക്ഷമരായി നില്‍ക്കുകയായിരുന്നു.

പെട്ടെന്ന് ഓടിയതിന്റെയാവും നന്നായി കിതക്കുന്നുണ്ടായിരുന്നു. ശാരിയും ജിജുവും പതിവുപോലെ പുതിയ ഹിന്ദി സിനിമയുടെ കഥകളില്‍ മുഴുകിയിരിക്കുന്നു.ജിജു ഒരു സിനിമാഭ്രാന്തനാണു. ബോളിവുഡ് സിനിമകളുടേയും സിനിമാനടിയുടേയും വിശേഷങ്ങളല്ലാതെ വേറൊന്നും ജിജുവിന്റെ നാവില്‍ നിന്നു വരിക വളരെ അപൂര്‍വ്വമാണു.

വേറേ ജോലി നോക്കേണ്ടി വരോ? സിനിമാവിശേഷം നിര്‍ത്തി, ശാരി പെട്ടെന്നൊരു ആത്മഗതം പോലെ ഉറക്കെ ചോദിച്ചു.

അതിനു വേറെന്തു പണിയറിയാന്‍? ജിജുവിന്റെ മറുപടി ചോദ്യം പകുതി തമാശയായിരുന്നെങ്കിലും അതിലെ വിഷമിപ്പിക്കുന്ന വസ്തുത തള്ളിക്കളയാവുന്നതലല്ലോ. ശീതീകരിച്ച തുറന്ന ഹാളില്‍ അട്ടിയിട്ടിരിക്കുന്ന ചത്വരങ്ങള്‍ക്കുള്ളില്‍ തങ്ങളുടേതായ ഒരു ലോകം സൃഷ്ടിച്ച് രാജാവും രാജ്ഞിയും കളിക്കാനല്ലാതെ തനിക്കൊക്കെ വേറെന്തറിയാം? ഈ ലോകം തകര്‍ന്നാല്‍ അവിടെ താനടങ്ങുന്ന ഒരുപാട് പേര്‍ ഇല്ലാതാവും.

'ഇന്ന് കുറച്ച് ബഗ് ഫിക്‌സിങ്ങ് പെന്‍ഡിങ്ങ് ഉണ്ട്. രാവിലെ തന്നെ തീര്‍ത്ത് കമിറ്റ് ചെയ്തില്ലെങ്കില്‍ മാത്യുസിന്റെ ദുര്‍മുഖം കാണേണ്ടിവരും. ചിലസമയത്ത് അങ്ങോരുടെ പാട് കണ്ടാല്‍ ചൊറിഞ്ഞു വരും. ചുമ്മാ ഇരുന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരു വരി പോലും കോഡ് എഴുതണ്ട.' ജിജുവിന്റെ ധര്‍മ്മരോഷം തിളച്ച് പൊന്തുന്നുണ്ട്.

'ങ്ങാ, പെണ്ണായി ജനിച്ചില്ലല്ലോ..ചിലരൊക്കെ ഇവിടെ കോഡ് ചെയ്തില്ലെങ്കിലെന്താ, അപ്രെയ്‌സലും ഇന്‍ക്രിമെന്റുമൊക്കെ യഥാസമയം ടേബിളിലെത്തുമല്ലോ' ജിജുവിന്റെ അര്‍ത്ഥം വച്ചുള്ള കമന്റ് ശാരികയെ ടാര്‍ജറ്റ് ചെയ്താണു. അവളത് കേള്‍ക്കാത്ത പോലെ ഇരുന്നു. ജിജു പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയാണു. അര്‍ഹമല്ലാത്ത പരിഗണനകളൂടേയും തൊഴുത്തില്‍കുത്തുകളൂടേയും ആകെത്തുകയാണു അപ്രയ്‌സല്‍ എന്ന പേരില്‍ വര്‍ഷാവര്‍ഷമരങ്ങേറുന്ന മാനേജ്‌മെന്റ് നാടകമെന്ന് തോന്നാറുണ്ട്.

കാബില്‍ നിന്നിറങ്ങി ലിഫ്റ്റിലേക്ക് നടക്കുമ്പോള്‍ ഹരിയെക്കണ്ടു. പതിവു പ്രസന്നഭാവത്തിനെന്തോ കുറവുണ്ട്. ആരോ മരിച്ചിരുന്നു എന്ന് കേട്ടിരുന്നു.

ഗുഡ്‌മോണിങ്ങ് ഡാലി – ഹരിയുടെ ശബ്ദത്തില്‍ ഒരു ചടങ്ങ് കഴിക്കാനുള്ള വ്യഗ്രത

ഗുഡ്‌മോണിങ്ങ് ഹരി, ഹൌ ആര്‍ യു?

ഹരി എന്തേലും പറയുന്നതിനു മുന്നെ ശാരിയുടെ മൊബൈല്‍ റിങ്ങ് ചെയ്തു. ലിഫ്റ്റിലായതുകൊണ്ടാണോ എന്തോ അവള്‍ അതു കട്ട് ചെയ്തു.

സീറ്റില്‍ ചെന്നിരുന്ന് സിസ്റ്റം ഓണാക്കി അപ് ആയി വരുന്നതുംകാത്തിരിക്കുമ്പോള്‍ മൊബൈല്‍ ബെല്ലടിച്ചു. ബാങ്കിന്റെ ചെന്നൈ ഓഫീസില്‍ നിന്നാണു. ലോണിന്റെ ഇ.സി.എസ് പേയ്‌മെന്റ് റിമൈന്‍ഡര്‍ കോള്‍ ആയിരിക്കൂം

'ഗുഡ് മോണിങ്ങ്, ദിസ് ഇസ് വിവേക് കാളിങ്ങ് ഓണ്‍ ബിഹാഫ് ഓഫ് എച്.എസ്.ബി.സി. താങ്കളുടെ പേഴ്‌സണല്‍ ലോണിന്റെ ഇ.സി.എസ് അഞ്ചാം തീയ്യതി സബ്മിറ്റ് ചെയ്യും. അക്കൌണ്ടില്‍ ആവശ്യത്തിനു തുക ഉണ്ടല്ലോ അല്ലേ. അതൊന്നു ഓര്‍മ്മിപ്പിക്കുവാന്‍ വിളിച്ചതാണൂ'

റെക്കോഡ് ചെയ്ത് വച്ചപോലെ എല്ലാമാസവും ഈ വാചകം കേട്ടുതുടങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. അമ്മയുടെ ഓപ്പറേഷനു വേണ്ടി എടുത്ത ലോണാണു. അന്ന് വേറെ നിവൃത്തിയില്ലായിരുന്നു. ഇനി ഒരു കൊല്ലം കൂടെ ഉണ്ട്. സാലറി ഇന്നലെ ക്രെഡിറ്റ് ആവേണ്ടതായിരുന്നു. വന്നോ എന്ന് പരിശോധിക്കാന്‍ വേണ്ടി നെറ്റ് ബാങ്കിങ്ങ് വെബ്‌സൈറ്റ് എടൂത്തതും പിന്നില്‍ നിന്ന് റോണിയുടെ ശബ്ദം കേട്ടു.

'നോക്കണ്ട, വന്നിട്ടില്ല. ഞാന്‍ ഇപ്പൊ നോക്കിയതേ ഉള്ളൂ'

'പണിയാവോ റോണീ' തന്റെ ശബ്ദത്തിന്റെ ഇടറിച്ച റോണിക്ക് മനസ്സിലായോ ആവോ.

'ചാന്‍സുണ്ട്, സ്‌നേഹയുടെ സംസാരത്തില്‍ നിന്ന് സാലറി ഇതുവരെ ഇട്ടട്ടില്ല എന്നാണു മനസ്സിലായത്' ഇടിത്തീയായി റോണിയുടെ വാക്കുകളൊഴുകിയെത്തി. റോണിയ്ക്ക് വലിയ ഭാവവ്യത്യാസമുണ്ടെന്ന് തോന്നിയില്ല. അല്ലെങ്കിലും ഒരു റബ്ബര്‍ മുതലാളിയുടെ ഏകമകനു ശമ്പളം ഒരു വലിയ ആവശ്യകതയല്ലല്ലോ.

ഒരു സ്‌ക്രാപ്പ് ബുക്കെടുത്ത് വെറുതെ ഒന്നു കണക്കു കൂട്ടി നോക്കി. ഈ പതിനഞ്ചാംതീയ്യതിക്കുള്ളില്‍ അടക്കേണ്ടതും ആവശ്യമുള്ളതുമായ തുക മാത്രം 15,000 രൂപ വരും. ബാങ്കില്‍ അത്രയും തുക എന്തായാലും കാണും.

' മെയിലൊന്ന് നോക്ക്യേ ഡാലി ' ജിജുവിന്റെ ചാറ്റ് മെസേജ്

എന്താണാവോ എന്നാലോചിച്ച് മെയില്‍ബോക്‌സ് തുറന്നപ്പോള്‍ ഒരു 'അണ്‍റീഡ്' മെയില്‍. എച്ച്.ആറിന്റെ.

'ശമ്പളം ബാങ്കില്‍ ഇടുവാന്‍ മൂന്ന് ദിവസത്തെ താമസം ഉണ്ട്. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു' ഇതാണു വലിച്ച് നീട്ടിയെഴുതിയ മെയിലിന്റെ രത്‌നച്ചുരുക്കം. കുറെ നേരത്തേക്ക് ഒരു ശൂന്യതയായിരുന്നു മനസ്സില്‍. വല്ലാതെ ഭാരം കുറഞ്ഞ അവസ്ഥ. വായിച്ചും കേട്ടുമറിഞ്ഞിരുന്ന റിസഷന്‍ എന്ന ഭീകരാവസ്ഥയിലേക്ക് താന്‍ തന്റെ ജീവിതവും മുറുകെപ്പിടിച്ചുകൊണ്ട് മൂക്കുകുത്താന്‍ പോവുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാനുള്ള ഒരു വിഷമം.

തലപൊക്കി നോക്കിയപ്പോള്‍ ഹരിയുടെ ക്യൂബിക്കിളില്‍ മാത്യൂസും റോണിയും കൂടി സംസാരിച്ചു നില്‍ക്കുന്നു. അവര്‍ക്ക് മൂന്ന് പേര്‍ക്കും ശമ്പളം കൃത്യമായി വന്ന്കാണും. മാനേജ്‌മെന്റിന്റെ സ്വന്തം ആളുകളാണല്ലോ. തലയുയര്‍ത്താതെ കുറച്ചു നേരം കണക്കുകള്‍ കൂട്ടിവച്ച സ്‌ക്രാപ്പ് ബുക്കിലേക്ക് നോക്കി അനങ്ങാതെയിരുന്നു. വല്ലാത്ത നിശബ്ദത അനുഭവപ്പെടുന്നു.

'വെള്ളിയാഴ്ച സാലറി വരുംട്ടോ. ഒരു ബാങ്ക് ട്രാന്‍സ്ഫര്‍ ഇഷ്യു. അല്ലാതെ വേറെ വിഷയമൊന്നുമില്ല' സ്‌നേഹയാണു. ബോട്ടിലില്‍ വെള്ളം നിറക്കാനുള്ള പോക്കാണു. മറുപടി പറയാന്‍ തോന്നിയില്ല.

പതിയെ എണീറ്റു പാന്‍ട്രിയിലേക്ക് ചെന്നു. ഒന്ന് മുഖം കഴുകി. മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ഒരു നിമിഷമെങ്കിലും ഇന്റര്‍വ്യൂകോളായിരിക്കും എന്നാശിച്ചുപോയി. ജോണങ്കിളാണു. അങ്കിളിന്റെ മകന്‍ ഈ വര്‍ഷം ബി.ടെക് പാസൌട്ട് ആണു. ജോലി നോക്കാന്‍ പറഞ്ഞുള്ള വിളിയാണു. ബയോഡാറ്റ ഫോര്‍വേഡ് ചെയ്യാന്‍ പറയുക അല്ലാതെ വേറെ ഓപ്ഷന്‍ ഇല്ലല്ലോ. അവരുടെ ഒക്കെ വിചാരം താനൊക്കെ പറഞ്ഞാല്‍ ഇവിടെ ജോലി ലഭിക്കും എന്നാണു. എന്തെങ്കിലും മറുത്ത് പറഞ്ഞാല്‍ പിന്നെ അതുമതി പ്രശ്‌നങ്ങള്‍ക്ക്.

ടീം മീറ്റിങ്ങിനു പോകാനായി നോട്ട്പാഡും പേനയുമെടുത്ത് കോണ്‍ഫറന്‍സ് റൂമിലേക്ക് നടന്നു. ശാരി പതിയെ ഒപ്പമെത്തി താഴ്ന്ന ശബ്ദത്തില്‍ താന്‍ മാത്രം കേള്‍ക്കെ പറഞ്ഞു

'ഒരു ബാഡ് ന്യൂസുണ്ട്. നമ്മുടെ പ്രൊജക്റ്റില്‍ ഇനിയും ഫയറിങ്ങ്. മാത്യൂസില്‍ നിന്ന് കിട്ടിയതാണു. ആരോടും പറയണ്ട'

കയ്യിലെ പുസ്തകം മുറുകെപിടിച്ച് കോണ്‍ഫറന്‍സ് റൂമിലേക്ക് ചെല്ലുമ്പോള്‍ വലിഞ്ഞ് മുറുകിയമുഖവുമായി മാത്യൂസും ഹരിയും കാത്തിരിക്കുന്നുണ്ടായിരുന്നു.

തുടരും
********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, January 29, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ ഏഴ്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************

ഒരുമിനുറ്റ് നേരത്തെ നിശബ്ദതക്ക് ശേഷവും ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. മീറ്റിങ്ങ് കഴിഞ്ഞ് പുറത്തേക്കിറങ്ങി സീറ്റിൽ വന്നിരുന്ന് ഒരു അഞ്ച് മിനുറ്റ് കഴിഞ്ഞില്ല സ്നേഹയുടെ മെയിൽ വന്നു. വിശദമായ നയപ്രഖ്യാപനങ്ങളടങ്ങിയ ഒരു മെയിൽ‌.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് തന്നെ കമ്പനിയിലെ അന്തരീക്ഷം‌ ആകെ മാറിമറിഞ്ഞു.വല്ലാതെ കനംവച്ച ഒരു അവസ്ഥ. അധികമാരും സംസാരിക്കുന്നില്ല. എല്ലാവരും‌ റെസ്യൂം അപ്ഡേറ്റ് ചെയ്യുന്നു, ജോബ്സൈറ്റുകൾ തുറന്ന് നോക്കുന്നു.

തന്നെ സംബന്ധിച്ചാണെങ്കിൽ‌ അങ്ങനെ ഒരു തോന്നൽ ഇതുവരെ ഉണ്ടാവുന്നുമില്ല. നനഞ്ഞ കോഴിയുടെ അവസ്ഥ. ഫോൺ‌ ചെറുതായി ഒന്നു വിറച്ചപ്പോളൊന്ന് എടുത്തു നോക്കി. വന്ദനയുടെ എസ്.എം.എസ്. വൈകീട്ട് വീട്ടിലേക്ക് വാങ്ങിവരേണ്ട പച്ചക്കറിയുടെ ലിസ്റ്റ് ആണു. പണിയൊക്കെ ഒതുക്കി ഇറങ്ങി നേരെ റിലയൻസിലേക്ക് ചെന്നപ്പോൾ അവിടെ നല്ല തിരക്ക്. ഒരുവിധം സാധനങ്ങളോക്കെ വാങ്ങി ബിൽ‌ പേ ചെയ്തു പുറത്തേക്കിറങ്ങിയപ്പോളാണു ഹരീഷിനെ കണ്ടത്. വല്ലാത്ത സർ‌പ്രൈസ് ആയിപ്പോയി. കോളേജിൽ‌ ഒന്നിച്ചു പഠിച്ചതാണു. പിന്നെ  ഇടക്ക് ഒന്നു രണ്ട് തവണം ഞാൻ‌ കണ്ടിരുന്നു.

കയ്യിലെ കവറുകൾ കാറിന്റെ ബാക്ക് സീറ്റിലേക്ക് വച്ച് ഹരീഷിന്റെ മുന്നിലേക്ക് ചെന്നു. അവൻ‌ തീരെ പ്രതീക്ഷിച്ചില്ല എന്ന് മുഖഭാവം വ്യക്തമാക്കി.

അളിയാ, നീ? ആ നീ ഇവിടാണല്ലോ..അതു ഞാനങ്ങ് മറന്നുപോയി

നീ എന്താ ഇവിടെ?

ഞാൻ‌ ഇവിടെ ഹെൽ‌ത്ത് ഡിപ്പാർട്ട്മെന്റിൽ ജോയിൻ‌ ചെയ്തെടാ. കഴിഞ്ഞ മാസം‌. അട്ടപ്പാടിയിൽ നിന്ന് ഒരു ശാപമോക്ഷം.

ഞങ്ങളുടെ കൂട്ടത്തിൽ ആദ്യം‌ തന്നെ സർക്കാർ ജോലിയിൽ കയറിയത് ഹരീഷാണു. അവന്റെ അമ്മ സർ‌വീസിലിരിക്കുമ്പോൾ മരിക്കുകയായിരുന്നു.


യാത്ര പറഞ്ഞ് ഇറങ്ങാൻ നേരത്ത് അവനൊരു ചോദ്യമെറിഞ്ഞു

മച്ചൂ, രഹ്നയുടെ വല്ല വിവരവും പിന്നെ അറിഞ്ഞോ?

ഇല്ല എന്ന് പറഞ്ഞതിന്റെ കനം കൂടിപ്പോയതു കൊണ്ടാണോ എന്നറിയില്ല അവൻ പിന്നെ കൂടുതലൊന്നും അവൻ ചോദിച്ചില്ല.

പച്ചക്കറികളുമായി വന്ന് കേറുമ്പോൾ തന്നെ വന്ദന ചായ തയ്യാറാക്കിയിരുന്നു. പനി വിട്ടുമാറിയതിന്റെ ഉന്മേഷം കണ്ണുകളിൽ വായിക്കാം‌.

ചായകുടിച്ച് കുളിമുറിയിൽ കയറി ഫ്രഷ് ആയി വന്നപ്പോഴാണു മനസ്സിലേക്ക് ഒരു തണുത്തകാറ്റ് പോലെ വീണ്ടുമാചിന്തകൾ‌ ഊളിയിട്ടെത്തിയത്.

അവിടപ്പടി പൊട്യാ ഹരീ

സ്റ്റോർ‌റൂമിൽ ചെന്ന് പഴയ ചിലപെട്ടികൾ തപ്പൽ‌ തുടങ്ങിയപ്പോൾ‌ വന്ദന അടുക്കളയിൽ നിന്ന് ഓളിയിട്ടു. പൊടിയുടെ അലർജി ഉളതുകൊണ്ട് അങ്ങോട്ട് വരില്ല അവൾ‌.  ഡയറികളെല്ലാം ഒരു കവറിലാക്കി വച്ചിരുന്നതുകൊണ്ട് അതുതപ്പിയെടുക്കാൻ അധികം പ്രയാസമുണ്ടായില്ല.  ജനുവരിയിലെ ആ മഞ്ഞുപെയ്തിരുന്ന ദിനങ്ങൾ രേഖപ്പെടുത്തിയ പേജ് തുറക്കുമ്പോൾ‌ നെഞ്ചിടുപ്പ് കൂടുന്നത് അറിയാൻ കഴിഞ്ഞു. കറുത്ത, തീരെവൃത്തിയില്ലാത്ത അക്ഷരങ്ങൾക്കിടയിൽ ചുരുണ്ട് കിടക്കുന്ന ആ തലമുടിയിഴ അവിടെത്തന്നെ ഉണ്ടായിരുന്നു.

ഒരു ക്യാമ്പിൽ വച്ച് , ക്യാമ്പ് ഫയറിനു ചുറ്റുമിരുന്ന് ഞങ്ങൾ പാടിയും ആടിയും തകർത്ത് കൊണ്ടിരിക്കുകയായിരുന്നു...താളത്തിൽ‌‌ ചുവടുകൾ വച്ച്  താനും‌ സനീഷും ദിവ്യയുമടങ്ങുന്ന സംഘം കൈകോർത്ത് പിടിച്ച് സംഘാംഗങ്ങളെ ഒരു ഉത്സവാന്തരീക്ഷത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമമായിരുന്നു... ഏറ്റവും ഇടതു വശത്ത് നിന്നിരുന്ന തന്റെ  ഇടം കൈ ഗ്രഹിച്ചുകൊണ്ട് പെട്ടെന്ന് ഞങ്ങളുടെ കൂടെ ചേർന്ന ആ കറുത്ത ചുരിദാറുകാരിയെഅത് വരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കുസൃതിച്ചിരിയോടെ  തോളോട് ചേർന്ന് നിന്നുകൊണ്ട് നൃത്തച്ചുവടുകൾ വച്ച അവൾ‌ തന്റെ  ശ്രദ്ധ പാട്ടിൽ നിന്നും മാറ്റിക്കളഞ്ഞു. ഒരുപാടൊന്നും നീളമില്ലെങ്കിലും നല്ല ഭംഗിയുള്ള ആ ചുരുണ്ട മുടികൾ മുഖത്തേക്ക് പാറി വീണുകൊണ്ടിരുന്നു.. അതിനു ശേഷം‌ അവളെ മനപ്പൂർവ്വം തന്റെ  ടീമിലേക്ക് കൊണ്ടുവന്നത് അവളുടെ സാമീപ്യം ആഗ്രഹിച്ചതു കൊണ്ടായിരിക്കാം. കവിതയും‌ കഥയും നാട്ടുവിശേഷങ്ങളുമടങ്ങുന്ന ഭാണ്ഡത്തിനെ കെട്ടുകളഴിച്ച് വച്ചപ്പോൾ പലപ്പോഴും തനിക്ക് കേൾവിക്കാരന്റെ വേഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

സംസാരിച്ച് തുടങ്ങിയാൽ പരിസരം‌ മറന്ന് പോവുന്ന അവളുമായി പെട്ടെന്നാണു അടുത്തത്. ക്യാമ്പിൽ‌ സംസാരവിഷയമാവാനും താമസമുണ്ടായിരുന്നില്ല. ഇടക്കിടക്ക് കയ്യിൽ‌ നുള്ളുന്ന സ്വഭാവം‌ ആദ്യമൊക്കെ ദേഷ്യം‌ വരുമായിരുന്നെങ്കിലും‌ പിന്നെ സ്വകാര്യമായ ഇഷ്ടങ്ങളിലൊന്നായത് മാറി. ക്യാമ്പിലെ മികച്ച ടീമായി മാറുവാൻ‌ ഞങ്ങളെ പ്രാപ്തരാക്കിയത് അവളുടെ ഉത്സാഹവും കഴിവും തന്നെയായിരുന്നു.

യാത്ര പറഞ്ഞിറങ്ങുമ്പോൾ‌ തലകുനിച്ചു കൊണ്ട് തന്റെ  കയ്യിൽ പിടിച്ചവൾ അല്പനേരം നിന്നു... എപ്പോഴും കാറ്റുവീശുന്ന ആ കുന്നിൻ മുകളിലെ കലാലയത്തിലെ കാറ്റിന്റെ കുസൃതിമൂലം വീണ്ടും ആ മുടിയിഴക മുഖത്തേക്ക് പാറിവീണു...പതിയെ പതിയെ അവളുടെ കൈ വിടുവിച്ച് യാത്രപറയാതെ നടന്നിറങ്ങുമ്പോൾ‌, അവളുടെ മുടിയിൽ നിന്നും  പൊട്ടിച്ചെടുത്ത ഒരു മുടിയിഴ ഡയറിയിലെ ഒരു താളിൽ‌ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു

പിന്നെയും ഓരോ കാരണങ്ങൾ‌ പറഞ്ഞ് അവിടേക്കുള്ള യാത്രകൾ‌ പതിവാകുകയായിരുന്നു.  കൂടെ മിക്കവാറും വന്നിരുന്നത് ഹരീഷും.‌ സ്വതവേ പേടിത്തൊണ്ടനായിരുന്ന അവനെ കൂടെ കൂട്ടാൻ ആദ്യമൊക്കെ വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു. അങ്ങനെ ഒരു ദിവസത്തിലാണു അവളുടെ നാട്ടുകാരനായ ജിതീഷ് ഒരു കത്തുമായി വന്നത്.

“അത്യാവശ്യമായി ഒന്ന് കാണണം” അത്രമാത്രമായിരുന്നു ആ കത്തിലുണ്ടായിരുന്നത്.

അടുത്ത സമരത്തിന്റെ ദിവസം‌ ആ കുന്ന് കയറിചെന്നപ്പോൾ, അവിടെ എന്നെ കാത്തിരുന്നത് കരഞ്ഞ് കലങ്ങിയ അവളുടെ മുഖമായിരുന്നു.

തുടരും
********************

Sunday, January 23, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ ആറ്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************
മൃതദേഹം രാധേട്ടന്റെ നാട്ടിലേക്കയക്കാനുള്ള ഏർപ്പാടുകളൊക്കെ ചെയ്ത് വീട്ടിലെത്തുമ്പോൾ‌ നേരം‌ പുലർച്ചയായി. വാതിൽ‌ തുറന്ന വന്ദനയുടെ ക്ഷീണിച്ച  മുഖം‌ കണ്ടപ്പോൾ‌ തന്നെ മനസ്സ് പിന്നേയും അസ്വസ്ഥമായി.

പനികുറവുണ്ടോ? എന്ന ചോദ്യത്തിനു പതിഞ്ഞ ശബ്ദത്തിൽ‌ ഒരു മൂളൽ‌.

രാധേട്ടന്റെ മരണം അവളെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഇതുവരെ ഉറങ്ങിയിട്ടില്ല എന്ന് ആ കണ്ണുകൾ‌ കണ്ടാലറിയാം‌

നേരെ കുളിച്ച് വന്നപ്പോൾ അടുക്കളയിൽ തട്ടലും മുട്ടലും കേൾക്കുന്നു. വന്ദന ഭക്ഷണം ചൂടാക്കുന്ന തിരക്കിലാണ്.

എനിക്ക് വിശക്കുന്നില്ല. കിടക്കാം‌.

അതിനും‌ മറുപടിയില്ല. അവൾ‌ പോയി കിടക്കയിൽ കയറികിടന്നു. ഭക്ഷണം ഒഴിവാക്കാൻ ഒരുകാരണവശാലും സമ്മതിക്കുന്ന പ്രകൃതമല്ല അവളുടേത്.

കിടന്നിട്ടും ഉറക്കം വന്നില്ല. അവളും ഒന്നും സംസാരിച്ചില്ല.

രാവിലെ ഓഫീസിലെത്തിയപ്പോൾ‌ വൈകി. എല്ലാവരും സീറ്റുകളിൽ നേരത്തേ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. ഏറ്റവും വൈകി വരുന്ന ജയറാം പോലും മോണിറ്ററിൽ ഉറ്റു നോക്കിയിരിക്കുന്നു. ചെവിയിൽ‌ ഹെഡ്ഫോണില്ലാതെ ആദ്യമായാണു ജയറാമിനെ സീറ്റിൽ വച്ച് കാണുന്നത്.ഡാലിയയുടെ സീറ്റിൽ ചെന്ന് ഒന്ന് വിഷ് ചെയ്തു. ഒരു വിളറിയ ചിരി ചിരിച്ച് അവളും തിരിച്ച് വിഷ് ചെയ്തു. അധികം സംസാരിക്കാൻ നിന്നില്ല. നേരെ നടന്ന് സീറ്റിൽ ചെന്ന് മെയിലൊക്കെ ചെക്ക് ചെയ്തു.. ഇന്ന് ജനറൽ മീറ്റിങ്ങ് ഉണ്ടെന്നറിയിച്ചുകൊണ്ട് എച്ച്.ആറിന്റെ മെയിലുണ്ട്. ഫോർ‌വേഡ് മെയിലുകൾ വളരെ കുറവാണിന്ന്.

ശാശ്വതിനെ വിളിക്കാൻ മറന്നു പോയി എന്ന് അപ്പോഴാണു ഓർത്തത്. ഫോണെടുത്ത് വിളിച്ചു. രണ്ട് തവണ അടുപ്പിച്ച് വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല.

പിന്നെ ജോലിയിലേക്ക് മുഴുകി.  ഇടയിൽ‌ വെള്ളമെടുക്കാൻ‌ പാൻ‌ട്രിയിലേക്ക് പോയപ്പോൾ‌ അവിടെ ഡാലിയയും ജയറാമും പിന്നെ ഒന്നു രണ്ട് ജൂനിയർസും കൂടി നിൽക്കുന്നു. ഇന്നത്തെ മീറ്റിങ്ങ് ആയിരിക്കും ചർച്ചാ വിഷയം‌

എന്താ ഗൂഡാലോചന?

ഓ, എന്ത് ഗൂഡാലോചന ഹരീ, ഇന്നലെ ഉറങ്ങിയിട്ടില്ല. ഇനി ഇപ്പൊ എച്ച്.ആറിന്റെ മീറ്റിങ്ങ് എന്തിനാണാവോ എന്തോ? അതെപ്പറ്റി സംസാരിക്കുകയായിരുന്നു.

ങ്ങും, എന്തായാലും ഒരു അരമണിക്കൂർ കൂടെ കാത്തിരിക്കാം

ഹരിക്കൊക്കെ അറിയാമായിരിക്കും. നിങ്ങളൊക്കെ മാനേജ്മെന്റിന്റെ സ്വന്തം ആളുകളല്ലേ . ഡാലിയ വിടാൻ ഭാവമില്ല

ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല. എല്ലാവരും വല്ലാതെ അസ്വസ്ഥരായിരിക്കുകയാണ്. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വമാണല്ലോ ഒരുവനെ വേട്ടയാടുന്ന ചിന്തകളിൽ വലുത്. ഓഫീസ് നിറയെ നെടുവീർപ്പുകളും‌ മരവിച്ച നോട്ടങ്ങളും‌ തണുത്ത ശബ്ദങ്ങളും മാത്രമായ പോലെ.

കോൺ‌ഫറൻസ് റൂമിലേക്ക് മാത്യൂസിനൊപ്പം എത്തുമ്പോഴേക്കും എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു.  ആകെ ഒരു നിശബ്ദത. ഞങ്ങൾ മുൻ‌നിരയിലുള്ള ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചതും ഒരു ഫയലും ലാപ്ടോപുമായി എച്ച്.ആറും അഡ്മിനിസ്ട്രേഷനിലെ പെൺകുട്ടിയും‌ കടന്നുവന്നു.

എല്ലാവരേയും നോക്കി വിഷ് ചെയ്ത് കയ്യിലെ ഫയൽ‌ നിവർത്തി വച്ച്, പതിഞ്ഞ ശബ്ദത്തിൽ‌ അവർ‌ തുടങ്ങി

“കഴിഞ്ഞ ദിവസം‌ നടന്ന സംഭവമെല്ലാവരും‌ അറിഞ്ഞുകാണും‌. അതിനെച്ചൊല്ലിയുള്ള ഊഹാപോഹങ്ങൾക്ക് ഒരു അന്ത്യം വരുത്തി, കമ്പനിയുടെ സ്റ്റാൻഡ് വ്യക്തമാക്കുക എന്നതാണു ഈ മീറ്റിങ്ങിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നു.”

മൂക്കിനു ഒരു ഭാരമെന്ന പോലെ അവർ കൊണ്ട് നടന്നിരുന്ന കണ്ണട നേരെയാക്കി തുടർന്നു.

“ ആഗോള സാമ്പത്തികമാന്ദ്യം ഐ.ടി മേഖലയെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുകയാണല്ലോ. നിങ്ങളിൽ ചിലർ ഇതിനകം‌ അറിഞ്ഞു കഴിഞ്ഞപോലെ നമ്മുടെ ചില പ്രൊജക്റ്റുകളേയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്. എന്ന് വച്ച് കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ഒരിക്കലും ഞാൻ അർ‌ത്ഥമാക്കുന്നില്ല. പക്ഷെ സാമ്പത്തികമാന്ദ്യത്തിൽ നിന്ന് കരകയറുന്നതിനു നമുക്ക് ചില മുൻ‌കരുതലുകൾ എടുത്തേ പറ്റൂ”

ശ്രോതാക്കളിൽ ഇടിമുഴക്കം സൃഷ്ടിച്ച് കൊണ്ടിരുന്ന വാക്കുകൾ ഒന്ന് നിർത്തി മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം എടുത്ത് കുടിച്ച്, എല്ലാവരേയും ഒന്നു നോക്കി അവർ‌ തുടർന്നു

“ റിസോഴ്സുകളെ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. അതിനായി കമ്പനി ചില അഴിച്ചുപണികളും മാറ്റങ്ങളും വരുത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അനാവശ്യമായ ചിലവുകളും വെട്ടിച്ചുരുക്കേണ്ടതുണ്ട്. അതെല്ലാം‌ വിശദമായി ഈ മീറ്റിങ്ങ് കഴിഞ്ഞയുടൻ സ്നേഹ നിങ്ങൾക്ക് മെയിലയക്കുന്നതാണു.

അതിൽ പ്രധാനമായവ ഇപ്രകാരമാണു. കയ്യിലെ ഫയലിൽ നിന്നും ഒരു പ്രിന്റൌട്ട് എടുത്ത് നോക്കിക്കൊണ്ട് അവർ ശബ്ദമുയർത്തി വായിച്ചു തുടങ്ങി

റിസോഴ്സിനെ മാക്സിമം ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട് എന്നതുകൊണ്ട്, എല്ലാവരും അവരവരുടെ ടൈംഷിറ്റ് യഥാസമയം പൂരിപ്പിക്കുക.

പെർ‌ഫോമൻസ് അപ്രൈസലുകളിൽ‌ മോശം പ്രകടനം‌ കാഴ്ചവച്ചവരുടെ കറന്റ് സ്റ്റാറ്റിറ്റിക്സ് പ്രൊജക്റ്റ് ലീഡേഴ്സ് അറിയിക്കുക

ചിലവു ചുരുക്കലിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തേക്ക് കോമ്പോ ലീവ് ഉണ്ടായിരിക്കുന്നതല്ല

വർക്കിങ്ങ് സമയം കഴിഞ്ഞാൽ‌ എ.സി ഓഫ് ചെയ്യുക

വൈകി വർക്ക് ചെയ്യുമ്പോളനുവദിച്ചിരുന്ന ടാക്സി അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ല

കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും മെയിലിൽ അറിയിക്കുന്നതായിരിക്കും

 ഈ ദുർ‌ഘടമായ ഘട്ടത്തെ തരണം ചെയ്യുന്നതിനു നിങ്ങളുടെ എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണം ഞങ്ങൾക്കാവശ്യമുണ്ട്. “

അവർ പറഞ്ഞ് നിർത്തി.

എനി കമന്റ്സ്?

നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഞങ്ങൾക്ക് നേരെ അവരുടെ ചോദ്യമുയർന്നു.
 ***********************

Friday, January 14, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ അഞ്ച്

  മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം‌
*****************************************************************************
“ഒന്നും പറയാറായിട്ടില്ല, ഇരുപത്തിനാലു മണിക്കൂർ‌ ഒബ്സർ‌വേഷനിലാണ്” ഡോക്ടർ‌ തിടുക്കത്തിൽ‌ നടന്നു പോയി.

അപ്പോഴേക്കും രാധേട്ടന്റെ അടുത്ത ചില ബന്ധുക്കൾ‌ എത്തി. ചിലമുഖങ്ങൾ‌ പരിചയമുണ്ട്. ആശുപത്രിയിൽ‌ രണ്ട് പേരിൽ‌ കൂടുതൽ‌ നിൽ‌ക്കാൻ‌ സമ്മതിക്കില്ല. ഓരോരുത്തരായി യാത്രപറഞ്ഞിറങ്ങി. കുട്ടികളിൽ രണ്ട് പേർ‌ കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞു.

“ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം “ യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു.

തിരിച്ചുള്ള യാത്രയിൽ‌ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. മുന്നിലെ സീറ്റിൽ സ്ഥാനം‌ പിടിച്ച പയ്യൻ‌ തലയും താഴ്ത്തി മൊബൈലിലെ കീപാഡിൽ‌ തുരുതുരെ വിരലമർത്തുന്നുണ്ടായിരുന്നു. ഇടക്കൊന്നു ശ്രദ്ധിച്ചപ്പോൾ‌ അവന്റെ മുഖത്ത് വിവിധ ഭാവങ്ങൾ‌ വിരിയുന്നത് കണ്ടു. മൊബൈലും എസ് .എം.എസും സൃഷ്ടിക്കുന്ന ലോകം‌ അവൻ‌ നന്നായി ആസ്വദിക്കുന്നു.

“ഹരീ, കുറേ ശമ്പളമെണ്ണി വാങ്ങുന്നതല്ലേ, ഈ ഫോണോന്നു മാറ്റിക്കൂടേ” ശാശ്വതിന്റെ സ്ഥിരം‌ അഭ്യർ‌ത്ഥനയാണ്. ക്യാമറയും ജി.പി.ആർ.എസുമില്ലാത്ത ഫോണിനെക്കുറിച്ച് അവനുമാത്രമല്ല, ചുറ്റുമുള്ള ഭൂരിഭാഗം‌ പേർക്കും‌ പുച്ഛമായിരുന്നു.

ഫോണിനെക്കുറിച്ചുള്ള ചിന്തകൾക്ക് ഭംഗം വരുത്തിയത് മൊബൈലിന്റെ തുടർച്ചയായ ശബ്ദമാണു. ഡാഷ്ബോർ‌ഡിലിരുന്ന ഫോൺ‌ മുന്നിലിരുന്ന പയ്യൻ എടുത്തു നോക്കി, പിന്നെ എന്റെ നേരെ നോക്കി “കൃഷ്ണവേണി” എന്നു പിറുപിറുത്തു. വണ്ടി സൈഡിലേക്കൊതുക്കി ഫോണെടുത്തു.

“ഹരി‌, ദേവേട്ടന്റെ നമ്പർ‌ ഒന്നു തരുമോ” കൃഷ്ണവേണിയുടെ നനഞ്ഞ ശബ്ദം‌. നനുത്ത വേനൽ‌മഴ കരിയിലയിൽ‌ വീഴുന്ന ഒരു പ്രതീതിയാണു..

“കയ്യിൽ‌ ഇപ്പോഴില്ല, ഞാൻ വീട്ടിലെത്തിയിട്ട് അയച്ചു തരാം‌. ആം ഡ്രൈവിങ്ങ് നൌ. ബൈ”. ഫോൺ‌ കട്ട് ചെയ്ത് മുന്നോട്ട് എടുക്കുമ്പോഴും‌ സഹയാത്രികൻ‌ മൊബൈലിലെ ബട്ടണുകൾക്ക് മേൽ‌ താണ്ഡവമാടുകയായിരുന്നു

കൃഷ്ണവേണിയെ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടത് ഇച്ചേയിയുടെ ശ്രാദ്ധത്തിനു നാട്ടിൽ പോയപ്പോഴായിരുന്നു.

ഇച്ചേയി മരിച്ചതറിയാൻവൈകി.” ഉമ്മറത്തെ തൂണിനു പിന്നിൽചാരിനിന്നുകൊണ്ടുള്ള വേണിയുടെ സംസാരത്തിലെവിടെയോ ഒരു കുറ്റബോധത്തിന്റെ അംശംകലർന്നതായി തോന്നി. ഒരു പക്ഷെ അത് തന്റെ‌ തോന്നലാവാം‌. ഇച്ചേയി എന്ന് ഞങ്ങൾ വിളിക്കുന്ന എന്റെ മൂത്ത ചേച്ചി മരിച്ചിട്ട് മൂന്ന് വർഷമായി. സ്വന്തം സഹോദരനായ തന്നെക്കാളും ഇച്ചേയിക്കിഷ്ടം വേണിയെയായിരുന്നു. അതിനാൽ തന്നെ കുട്ടിക്കാലത്ത് പ്രധാന ശത്രുക്കളിലൊരാളായി വേണി പെട്ടെന്നു തന്നെ മാറി.

സ്കൂളില്ലാത്ത ദിവസങ്ങളിൽ വീട്ടിലെ പശുവിനെ പറമ്പിൽതീറ്റിക്കാൻ കൊണ്ട് പോവുക എന്ന ദൌത്യംതന്റെ തലയിലായിരുന്നു. ഒരുകയ്യിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ കമ്പും വീശി പശുവിനേയും കൊണ്ട് പറമ്പിൽ അലയുക എന്നത് തനിക്കേറെ ഇഷ്ടമുള്ള കാര്യവുമായിരുന്നു. പൂവാങ്കുറുന്നില പറിക്കാൻ വരുന്ന ശങ്കരൻവൈദ്യരുംഅയിനിചക്കയുടെ കുരുപറക്കാൻ വരുന്ന അമ്മിണിയമ്മൂമ്മയുംഅടങ്ങുന്ന സുഹൃത് വലയം കൂടുതൽ വികസിച്ചത് ഗോപാലകവേഷത്തിന്റെ സമയത്തായിരുന്നു.

അന്ന് കൊയ്ത്ത് കഴിഞ്ഞ സമയമായതുകൊണ്ട് ഇച്ചേയി നെല്ല് പുഴുങ്ങുന്ന തിരക്കിലായി. സമയത്താണു വേണി കൂടുതലടുത്തത്. പെൺകുട്ടികളോട് സംസാരിക്കുന്നത് ആൺകുട്ടികൾക്ക് കുറച്ചിലാണു എന്ന ധാരണയുള്ളതിനാലുംവേണിയെ പലപ്പോഴും ശത്രുസ്ഥാനത്ത് നിർത്തിയിരുന്നതിനാലുംഅവളുമായി ഒരു അകലം പാലിച്ചിരുന്നു.

ഹരി, മോക്ഷമി രണ്ട് കട വരുമ്പോൾകൊണ്ടുവരണേഎന്ന വേണിയുടെ അഭ്യർത്ഥന തള്ളിക്കളയാനും തോന്നിയില്ല. കർക്കടകമാസത്തിൽദശപുഷ്പംപൂജിക്കുന്ന ചടങ്ങിലേക്ക് ചെടികൾ പറച്ചുകൊടുക്കുക എന്നത് ഇച്ചേയി സ്ഥിരം തന്നെ  ഏൽപ്പിക്കുന്നതാണു. ഇവളുടെ കയ്യിലെ വള ഊരിപ്പോവുമോ എന്നാണു ആദ്യംതോന്നിയത്. പിന്നെ ഒരു പെൺകുട്ടിയുടെ അഭ്യർത്ഥന തന്നിലെ ആൺകുട്ടിയുടെ അഭിമാനത്തെ ഉണർത്തി എന്നും പറയാം..

മുയൽചെവിയൻ പറിച്ചു കൊടുക്കുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയില്ല. കുറച്ചു ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോൾ അവൾ‌ തന്നെയും‌ നോക്കി നിൽപ്പുതന്നെ നിൽക്കുന്നതു കണ്ടു. ചെറിയ ചമ്മലോടെ വീണ്ടും തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ‌ ‘നാളെ കാണാം‘ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് അവൾ നടന്നകന്നു. പിന്നീട് കർ‌ക്കടകമാസം‌ കഴിയുന്നത് വരെ അതും‌ പറഞ്ഞ് സ്ഥിരം‌ പിന്നാലെ വരും.

“ഹരിക്ക് കൈനോക്കാനറിയുമോ?” വേണിയുടെ ചോദ്യം‌ ഞെട്ടലിനൊപ്പം ചിരിയും വരുത്തി. “ഇല്ല” എന്ന് പറഞ്ഞ്  നീട്ടിപ്പിടിച്ച വേണിയുടെ കയ്യിൽ‌ കയ്യിലുണ്ടായിരുന്ന വടികൊണ്ട് ചെറിയ അടി കൊടുത്തപ്പോൾ‌ അവളുടെ മുഖത്ത് ചെറിയ നിരാശ പരന്നു.

“എന്താപ്പോ കൈ നോട്ടമറിഞ്ഞട്ട്? രാജകുമാരനെപ്പോൾ‌ വരുമെന്നറിയാനാണോ” തന്റെ കുസൃതിയോടെയുള്ള ചോദ്യത്തിന്റെ മുന്നിൽ‌ പെട്ടെന്നു തലയും താഴ്ത്തി നടന്നകലുന്ന വേണിയുടെ ചിത്രം‌ മനസ്സിൽ‌ തെളിഞ്ഞു വന്നു.

പെട്ടെന്ന് സാദിഖിന്റെ മൊബൈൽ‌ ബെല്ലടിച്ചു. എസ്.എം.എസ് വായനയെ ശല്ല്യപ്പെടുത്തിയതിന്റെ ഒരു കെറുവ് അവന്റെ മുഖത്ത് കാണാം.  ഫോൺ‌ എടുത്ത് ഹെലോ പറഞ്ഞതും അവൻ‌ ഗിയറിൻ‌മേൽ ഇരുന്ന എന്റെ ഇടത് കൈ പിടിച്ചതും ഒരുമിച്ചായിരുന്നു

ഫോൺ‌ വച്ച് വിളറിയമുഖത്തോടെ എന്നെ നോക്കി. ഞാൻ‌ വേഗം‌കുറച്ച് സൈഡ് ഒതുക്കുന്നതിനിടെ ചിതറിയ ശബ്ദത്തിൽ‌ അവന്റെ ശബ്ദം‌ ഞങ്ങളുടെ കാതിലേക്ക് എത്തി..

 “രാധേട്ടൻ‌……..”

***********************