Sunday, February 13, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ ഒൻ‌പത്


മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************

പതിവിൽ‌ നിന്ന് വിപരീതമായി മുഖവുരയില്ലാതെ മാത്യൂസ് നേരിട്ട് പ്രൊജക്റ്റ് സ്റ്റാറ്റസ് റിപ്പോർട്ടിങ്ങിലേക്ക് കടന്നു. പൂർ‌ത്തിയാവാത്ത ബഗ് ഫിക്സിങ്ങിനെക്കുറിച്ച് ജിജുവിനോട് അൽ‌പ്പം പരുഷമായി സംസാരിക്കുകയും ചെയ്തു. 

“ഡാലിയ നാളെമുതൽ‌ സ്റ്റോർ‌ മൊഡ്യൂൾ‌ നോക്കണം‌. എല്ലാദിവസവും റിപ്പോർട്ട് മെയിലയക്കുകയും വേണം.“  മാത്യൂസ് ഒരൽ‌പ്പം കനത്തിൽ‌ പറഞ്ഞു നി‌ർത്തി. ജിജുവിന്റെ മുഖത്തെ തെളിച്ചം‌ നിമിഷനേരം‌ കൊണ്ട് ഇല്ലാതായി. ഇത്രനാളും ജിജു നോക്കിയ മൊഡ്യൂളായിരുന്നു അത്. വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി

ശമ്പളം‌ വൈകുന്നതിനെപ്പറ്റിയുള്ള ചർച്ചകളായിരുന്നു അന്നത്തെ ദിവസം മുഴുവൻ‌. എല്ലാവർക്കും നല്ല ടെൻ‌ഷനുണ്ട്. ജീവിതത്തെപറ്റിയും ഭാവിയെപറ്റിയും ഇന്നേവരെ ചിന്തിക്കാത്തവരെല്ലാം‌ ഇന്നതിനെപ്പറ്റിയുള്ള ആകുലകതകളിൽ മുഴുകിത്തുടങ്ങിയിരിക്കുന്നു. ഇപ്പോൾ‌ വൈകീട്ടുള്ള പാർട്ടികളെപ്പറ്റിയുള്ള പ്ലാനിങ്ങുകളൊന്നും എങ്ങും കേൾക്കുന്നില്ല.  ഇടക്കിടക്ക് അതുവഴി വരാറുള്ള സ്നേഹയെ വൈകീട്ട് ഒരുതവണപോലും കണ്ടില്ല. ശമ്പളം സംബന്ധിച്ച എല്ലാവരുടേയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മടുത്ത് കാണും.

വീട്ടിൽ‌ ചെന്നുകയറിയപ്പോഴേക്കും അനിയൻ‌ ഒന്നു രണ്ട് ബില്ലുകളെടുത്ത് നീട്ടി. ഇലക്ട്രിസിറ്റി ബില്ലും വാട്ടർ ബില്ലും ആണു. അടക്കാൻ സമയമുണ്ട്.  അവന്റെ സെമസ്റ്റർ‌ ഫീസ്  അടക്കേണ്ട സമയവും അടുത്തു എന്നു തോന്നുന്നു.

ഡീ, ഞാൻ പുറത്തേക്കിറങ്ങിയിട്ട് വരാം‌. കടയിൽ നിന്നും വല്ലോം വാങ്ങിക്കണോ?


വേണ്ട. നീ വേഗം ഇങ്ങ് വന്നേക്കണം. തന്റെ നിർ‌ദ്ദേശം കേൾക്കുന്നതിനു മുന്നെ ബൈക്ക് സ്റ്റാർട്ടാക്കിയ ശബ്ദം കേട്ടു.

പണിയൊക്കെ ഒതുക്കി കിടക്കാനൊരുങ്ങിയപ്പോൾ‌ മൊബൈലിൽ ഹരിയുടെ മെസേജ്

“ബെസ്റ്റ് ഓഫ് ലക്ക് “ ആദ്യം മനസ്സിലായില്ല. പിന്നെയാണതോർത്തത് നാളെയാണു പെർഫോമൻസ് അപ്രൈസൽ‌. കമ്പനിയുടെ അവസ്ഥ അത്ര നല്ലതല്ലാത്തതുകൊണ്ട് ഇപ്രാവശ്യം‌ അതുണ്ടാവില്ല എന്നാണു കരുതിയത്.

രാവിലെ ചെന്ന് സീറ്റിലിരുന്നപ്പോഴേക്കും പലരും ഇന്റേണൽ മെസഞ്ചറിൽ ജിജുവിന്റേയും ശാരിയുടേയും ‘ആൾ ദി ബെസ്റ്റ്’ വന്നു. ഒരു പതിനൊന്നു മണിയോടെ സ്നേഹ വന്ന് കോൺഫറൻസ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. പതിയെ മുഖത്തൊരു പ്രസന്നത വരുത്തി കോൺഫറൻസ് റൂമിലോട്ട് പോകുമ്പോൾ ചിരിച്ച മുഖവുമായി ഹരി വിരലുയർത്തിക്കാണിക്കുന്നുണ്ടായിരുന്നു.

“ടേക്ക് യുവർ സീറ്റ്” ചിരിക്കുന്ന മുഖവുമായി എച്ച്.ആർ സ്വാഗതം ചെയ്തു. സി.ഇ.ഒ യും ഉണ്ട് കൂടെ.

“പ്രൊജക്റ്റ് എങ്ങനെ പോവുന്നു. വർക്ക് ശരിക്കും ടൈറ്റാണല്ലേ?”

കയ്യിലെ പേപ്പറുകൾ‌ സി.ഇ.ഒക്ക് മുന്നിലേക്ക് നിരത്തി വക്കുന്നതിനിടയിൽ‌ അവർ ചോദ്യമെറിഞ്ഞു.

“മാനേജ് ചെയ്യാൻ പറ്റുന്നുണ്ട് മാഡം” ഒരു എനർജിയൊക്കെ ശബ്ദത്തിനുകൊടുത്തു പറഞ്ഞു

“പ്രൊജക്റ്റുകൾ ഒന്നു രണ്ടെണ്ണം കൂടി പൈപ്പ് ലൈനിൽ‌ ഉണ്ട്. ഡാലിയക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. ചിലപ്പോൾ ഓൺസൈറ്റ് പോവേണ്ടി വരും. പാസ്പോർട്ട് ഒക്കെ എടുത്ത് വച്ചിട്ടുണ്ടല്ലോലേ?” സി.ഇ.ഒ യുടെ ഊഴം.

“പാസ്പോർട്ട് ഉണ്ട് സർ. കമ്പനി ആവശ്യപ്പെടുന്ന രീതിയിൽ വർക്ക് ചെയ്യേണ്ടത് എന്റെ കടമയാണു എന്ന് വിശ്വസിക്കുന്നു“  പ്രതീക്ഷിച്ച ചോദ്യമായതുകൊണ്ട് കരുതിവച്ചിരുന്ന റെഡിമെയ്ഡ് മറുപടി പറഞ്ഞു. ഓൺസൈറ്റ് ഐടി പ്രൊഫഷനുകളെ സംബന്ധിച്ച് ആകർഷകമായ ചൂണ്ടയാണു. അതിൽ കുരുങ്ങാത്തവർ വിരളമാണു. അത് മാനേജ്മെന്റിനും നന്നായറിയാം‌. ജോയിൻ ചെയ്തമുതൽ‌ ഓൺ‌സൈറ്റും സ്വപ്നം കണ്ട് നടക്കുന്നവരാണു പകുതിയലധികവും‌.

“കഴിഞ്ഞ കാലയളവിലെ പെർഫോമൻസിനെക്കുറിച്ച് ഡാലിയ എങ്ങനെ വിലയിരുത്തുന്നു?”

“ടെക്നിക്കലി ചലഞ്ചിങ്ങ് ആയിട്ടുള്ള ചില പ്രൊജക്റ്റുകൾ ഉണ്ടായിരുന്നു. അതൊരു നല്ല എക്സ്പ്പീരിയൻസ് ആയിരുന്നു. നല്ലരീതിയിൽ പെർ‌ഫോം ചെയ്യാൻ സാധിച്ചു എന്ന് തന്നെയാണു എന്റെ വിശ്വാസം‌. “ കഴിഞ്ഞ അപ്രൈസലിലും താൻ ഇതേ ഉത്തരം തന്നെയാണു പറഞ്ഞത് എന്നാണോർമ്മ

“ഡാലിയയെക്കുറിച്ച് നല്ല റിപ്പോർട്ടുകൾ തന്നെയാണു ഞങ്ങൾക്ക് ലഭിച്ചട്ടുള്ളത്. എങ്കിലും ടെക്നോളജി അപ്ഡേറ്റിങ്ങിൽ ഡാലിയ ഒന്നുകൂടെ ശ്രദ്ധിക്കണം. അതുപോലെ പ്രൊജക്റ്റിനു ആവശ്യം വരുന്ന സമയത്ത് കൂടുതൽ സമയം കൊടുക്കാനും സാധിക്കണം. “ ഒന്നു ശ്വാസമെടുത്തുകൊണ്ട് എച്ച്.ആർ തുടർന്നു

“ഫ്ലക്സിബിൾ‌ ടൈമിങ്ങ് ആണു നമ്മുടെ എങ്കിലും‌ ടൈറ്റ് ഷെഡ്യൂളിൽ വർക്ക് ചെയ്യുമ്പോൾ‌ വൈകീട്ട് കുറച്ച് കൂടുതൽ സമയം ഇരിക്കേണ്ടി വരും‌. പ്രത്യേകിച്ചും‌ ആഗോള സാമ്പത്തികപ്രതിസന്ധിയിലൂടെയാണു നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നകാര്യം‌ പരിഗണിക്കുമ്പോൾ‌“

അവരെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ബോധിപ്പിക്കാനായി ചെറുതായൊന്ന് തലകുലുക്കി

“ശാശ്വതിനെപ്പോലുള്ളവർക്കെതിരെ കമ്പനിക്ക് കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വന്നത് പെർ‌ഫോമൻസിന്റെ കാര്യത്തിൽ‌ കൂടുതൽ‌ ഊന്നൽ കൊടുക്കാൻ തീരുമാനിച്ചതു കൊണ്ടാണു. അല്ലാതെ അതു സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായല്ല. ഡാലിയയെ ഒക്കെ വളരെ വാല്യുബിളായ റിസോഴ്സ് ആയാണു കമ്പനി കണക്കാക്കിയിരിക്കുന്നത്. ഇവിടെ നടക്കുന്ന അനാവശ്യ ഊഹാപോഹങ്ങളിൽ‌ ഡാലിയ ശ്രദ്ധകൊടുക്കുകയും വേണ്ട.”

“ഡാലിയക്ക് എന്തെങ്കിലും പറയാനുണ്ടോ” സി.ഇ.ഒ ഇടയിൽ കയറി ചോദിച്ചു


ഇല്ല എന്നർത്ഥത്തിൽ തലകുലുക്കിയപ്പോൾ‌ എച്ച്.ആർ തുടർന്നു

“ഇപ്രാവശ്യം ഒരു നിശ്ചിത ശതമാനം ഇൻ‌ക്രിമെന്റ് നൽകാനാണു കമ്പനിയുടെ തീരുനാനം. ഇത് പെർഫോമൻസുമായി ബന്ധപ്പെട്ടതല്ല. കമ്പനിയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന മുറക്ക് നല്ല രീതിയിൽ‌ ഒരു വർദ്ധന പ്രതിക്ഷിക്കാം‌“

“എത്ര ശതമാനമാണു മാഡം?”

“പത്ത് ശതമാനമാണു കമ്പനി നിശ്ചയിച്ച വർദ്ധന. ഞാൻ വീണ്ടും പറയുന്നു ഇതൊരു ഇൻ‌ട്രിം ഇൻ‌ക്രിമെന്റ് മാത്രമാണു”

“മാഡം‌, ഇപ്പൊഴത്തെ എന്റെ അവസ്ഥയിൽ അത് വളരെ വിഷമിപ്പിക്കുന്നതാണു. മാഡത്തിനറിയാവുന്നതു പോലെ സാമ്പത്തികപരമായ ചില ബാദ്ധ്യതകൾ എനിക്കുണ്ട്. അത് മറികടക്കുന്നതിനായി എനിക്കുള്ള ഒരു പാട് പ്രതീക്ഷകൾ നിലകൊള്ളുന്നത് ഈ ഇൻ‌ക്രിമെന്റിനെചുറ്റിപറ്റിയാണു.” തന്റെ മറുപടി എച്ച്.ആറിനത്ര ഇഷ്ടപ്പെട്ടില്ല എന്ന് മുഖഭാവത്തിൽ നിന്നു മനസ്സിലായി. ഒരു നിമിഷം സി.ഇ.ഒ യുടെ നേരെ നോക്കി, പയ്യെ തലതിരിച്ചു പറഞ്ഞു.

“കമ്പനിയുടെ അവസ്ഥ നിങ്ങളും മനസ്സിലാക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ‌ ദീർഘകാലം‌ കമ്പനിയുടെ ഒപ്പം വേണമെന്ന് ഞങ്ങൾ ആത്മാർത്ഥമായും ആഗ്രഹിക്കുന്നുണ്ട്. എന്ത് ചെയ്യാൻ സാധിക്കും എന്ന് ഞങ്ങളൊന്നു ഡിസ്കസ് ചെയ്യട്ടെ. അപ്പൊ ശരി”
.
അപ്രൈസൽ മീറ്റിങ്ങ് അവസാനിപ്പിച്ചുകൊണ്ടുള്ള സിഗ്നലാണു. ആകെ എടുത്തത് പതിനഞ്ച് മിനുറ്റ്. കഴിഞ്ഞ വർഷം രണ്ട് മണിക്കൂറോളം നീണ്ട അപ്രൈസൽ നാടകമാണു ഓർമ്മ വന്നത്. സീനിയർ അപ്രൈസൽ റിപ്പോർട്ട്സ്, പീർ റിപ്പോർട്ട്സ്, പെർഫോമൻസ് ചാർട്ട്സ്..അങ്ങനെ എന്തൊക്കെ വിശകലനങ്ങൾ ..ജാഡകൾ..


അവിടെ നിന്നിറങ്ങി പുറത്തേക്ക് വരുമ്പോൾ ഒരു പട തന്നെ കാത്ത് നിൽ‌പ്പുണ്ടായിരുന്നു

തുടരും
********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക