Saturday, January 29, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ ഏഴ്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************

ഒരുമിനുറ്റ് നേരത്തെ നിശബ്ദതക്ക് ശേഷവും ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. മീറ്റിങ്ങ് കഴിഞ്ഞ് പുറത്തേക്കിറങ്ങി സീറ്റിൽ വന്നിരുന്ന് ഒരു അഞ്ച് മിനുറ്റ് കഴിഞ്ഞില്ല സ്നേഹയുടെ മെയിൽ വന്നു. വിശദമായ നയപ്രഖ്യാപനങ്ങളടങ്ങിയ ഒരു മെയിൽ‌.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് തന്നെ കമ്പനിയിലെ അന്തരീക്ഷം‌ ആകെ മാറിമറിഞ്ഞു.വല്ലാതെ കനംവച്ച ഒരു അവസ്ഥ. അധികമാരും സംസാരിക്കുന്നില്ല. എല്ലാവരും‌ റെസ്യൂം അപ്ഡേറ്റ് ചെയ്യുന്നു, ജോബ്സൈറ്റുകൾ തുറന്ന് നോക്കുന്നു.

തന്നെ സംബന്ധിച്ചാണെങ്കിൽ‌ അങ്ങനെ ഒരു തോന്നൽ ഇതുവരെ ഉണ്ടാവുന്നുമില്ല. നനഞ്ഞ കോഴിയുടെ അവസ്ഥ. ഫോൺ‌ ചെറുതായി ഒന്നു വിറച്ചപ്പോളൊന്ന് എടുത്തു നോക്കി. വന്ദനയുടെ എസ്.എം.എസ്. വൈകീട്ട് വീട്ടിലേക്ക് വാങ്ങിവരേണ്ട പച്ചക്കറിയുടെ ലിസ്റ്റ് ആണു. പണിയൊക്കെ ഒതുക്കി ഇറങ്ങി നേരെ റിലയൻസിലേക്ക് ചെന്നപ്പോൾ അവിടെ നല്ല തിരക്ക്. ഒരുവിധം സാധനങ്ങളോക്കെ വാങ്ങി ബിൽ‌ പേ ചെയ്തു പുറത്തേക്കിറങ്ങിയപ്പോളാണു ഹരീഷിനെ കണ്ടത്. വല്ലാത്ത സർ‌പ്രൈസ് ആയിപ്പോയി. കോളേജിൽ‌ ഒന്നിച്ചു പഠിച്ചതാണു. പിന്നെ  ഇടക്ക് ഒന്നു രണ്ട് തവണം ഞാൻ‌ കണ്ടിരുന്നു.

കയ്യിലെ കവറുകൾ കാറിന്റെ ബാക്ക് സീറ്റിലേക്ക് വച്ച് ഹരീഷിന്റെ മുന്നിലേക്ക് ചെന്നു. അവൻ‌ തീരെ പ്രതീക്ഷിച്ചില്ല എന്ന് മുഖഭാവം വ്യക്തമാക്കി.

അളിയാ, നീ? ആ നീ ഇവിടാണല്ലോ..അതു ഞാനങ്ങ് മറന്നുപോയി

നീ എന്താ ഇവിടെ?

ഞാൻ‌ ഇവിടെ ഹെൽ‌ത്ത് ഡിപ്പാർട്ട്മെന്റിൽ ജോയിൻ‌ ചെയ്തെടാ. കഴിഞ്ഞ മാസം‌. അട്ടപ്പാടിയിൽ നിന്ന് ഒരു ശാപമോക്ഷം.

ഞങ്ങളുടെ കൂട്ടത്തിൽ ആദ്യം‌ തന്നെ സർക്കാർ ജോലിയിൽ കയറിയത് ഹരീഷാണു. അവന്റെ അമ്മ സർ‌വീസിലിരിക്കുമ്പോൾ മരിക്കുകയായിരുന്നു.


യാത്ര പറഞ്ഞ് ഇറങ്ങാൻ നേരത്ത് അവനൊരു ചോദ്യമെറിഞ്ഞു

മച്ചൂ, രഹ്നയുടെ വല്ല വിവരവും പിന്നെ അറിഞ്ഞോ?

ഇല്ല എന്ന് പറഞ്ഞതിന്റെ കനം കൂടിപ്പോയതു കൊണ്ടാണോ എന്നറിയില്ല അവൻ പിന്നെ കൂടുതലൊന്നും അവൻ ചോദിച്ചില്ല.

പച്ചക്കറികളുമായി വന്ന് കേറുമ്പോൾ തന്നെ വന്ദന ചായ തയ്യാറാക്കിയിരുന്നു. പനി വിട്ടുമാറിയതിന്റെ ഉന്മേഷം കണ്ണുകളിൽ വായിക്കാം‌.

ചായകുടിച്ച് കുളിമുറിയിൽ കയറി ഫ്രഷ് ആയി വന്നപ്പോഴാണു മനസ്സിലേക്ക് ഒരു തണുത്തകാറ്റ് പോലെ വീണ്ടുമാചിന്തകൾ‌ ഊളിയിട്ടെത്തിയത്.

അവിടപ്പടി പൊട്യാ ഹരീ

സ്റ്റോർ‌റൂമിൽ ചെന്ന് പഴയ ചിലപെട്ടികൾ തപ്പൽ‌ തുടങ്ങിയപ്പോൾ‌ വന്ദന അടുക്കളയിൽ നിന്ന് ഓളിയിട്ടു. പൊടിയുടെ അലർജി ഉളതുകൊണ്ട് അങ്ങോട്ട് വരില്ല അവൾ‌.  ഡയറികളെല്ലാം ഒരു കവറിലാക്കി വച്ചിരുന്നതുകൊണ്ട് അതുതപ്പിയെടുക്കാൻ അധികം പ്രയാസമുണ്ടായില്ല.  ജനുവരിയിലെ ആ മഞ്ഞുപെയ്തിരുന്ന ദിനങ്ങൾ രേഖപ്പെടുത്തിയ പേജ് തുറക്കുമ്പോൾ‌ നെഞ്ചിടുപ്പ് കൂടുന്നത് അറിയാൻ കഴിഞ്ഞു. കറുത്ത, തീരെവൃത്തിയില്ലാത്ത അക്ഷരങ്ങൾക്കിടയിൽ ചുരുണ്ട് കിടക്കുന്ന ആ തലമുടിയിഴ അവിടെത്തന്നെ ഉണ്ടായിരുന്നു.

ഒരു ക്യാമ്പിൽ വച്ച് , ക്യാമ്പ് ഫയറിനു ചുറ്റുമിരുന്ന് ഞങ്ങൾ പാടിയും ആടിയും തകർത്ത് കൊണ്ടിരിക്കുകയായിരുന്നു...താളത്തിൽ‌‌ ചുവടുകൾ വച്ച്  താനും‌ സനീഷും ദിവ്യയുമടങ്ങുന്ന സംഘം കൈകോർത്ത് പിടിച്ച് സംഘാംഗങ്ങളെ ഒരു ഉത്സവാന്തരീക്ഷത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമമായിരുന്നു... ഏറ്റവും ഇടതു വശത്ത് നിന്നിരുന്ന തന്റെ  ഇടം കൈ ഗ്രഹിച്ചുകൊണ്ട് പെട്ടെന്ന് ഞങ്ങളുടെ കൂടെ ചേർന്ന ആ കറുത്ത ചുരിദാറുകാരിയെഅത് വരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കുസൃതിച്ചിരിയോടെ  തോളോട് ചേർന്ന് നിന്നുകൊണ്ട് നൃത്തച്ചുവടുകൾ വച്ച അവൾ‌ തന്റെ  ശ്രദ്ധ പാട്ടിൽ നിന്നും മാറ്റിക്കളഞ്ഞു. ഒരുപാടൊന്നും നീളമില്ലെങ്കിലും നല്ല ഭംഗിയുള്ള ആ ചുരുണ്ട മുടികൾ മുഖത്തേക്ക് പാറി വീണുകൊണ്ടിരുന്നു.. അതിനു ശേഷം‌ അവളെ മനപ്പൂർവ്വം തന്റെ  ടീമിലേക്ക് കൊണ്ടുവന്നത് അവളുടെ സാമീപ്യം ആഗ്രഹിച്ചതു കൊണ്ടായിരിക്കാം. കവിതയും‌ കഥയും നാട്ടുവിശേഷങ്ങളുമടങ്ങുന്ന ഭാണ്ഡത്തിനെ കെട്ടുകളഴിച്ച് വച്ചപ്പോൾ പലപ്പോഴും തനിക്ക് കേൾവിക്കാരന്റെ വേഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

സംസാരിച്ച് തുടങ്ങിയാൽ പരിസരം‌ മറന്ന് പോവുന്ന അവളുമായി പെട്ടെന്നാണു അടുത്തത്. ക്യാമ്പിൽ‌ സംസാരവിഷയമാവാനും താമസമുണ്ടായിരുന്നില്ല. ഇടക്കിടക്ക് കയ്യിൽ‌ നുള്ളുന്ന സ്വഭാവം‌ ആദ്യമൊക്കെ ദേഷ്യം‌ വരുമായിരുന്നെങ്കിലും‌ പിന്നെ സ്വകാര്യമായ ഇഷ്ടങ്ങളിലൊന്നായത് മാറി. ക്യാമ്പിലെ മികച്ച ടീമായി മാറുവാൻ‌ ഞങ്ങളെ പ്രാപ്തരാക്കിയത് അവളുടെ ഉത്സാഹവും കഴിവും തന്നെയായിരുന്നു.

യാത്ര പറഞ്ഞിറങ്ങുമ്പോൾ‌ തലകുനിച്ചു കൊണ്ട് തന്റെ  കയ്യിൽ പിടിച്ചവൾ അല്പനേരം നിന്നു... എപ്പോഴും കാറ്റുവീശുന്ന ആ കുന്നിൻ മുകളിലെ കലാലയത്തിലെ കാറ്റിന്റെ കുസൃതിമൂലം വീണ്ടും ആ മുടിയിഴക മുഖത്തേക്ക് പാറിവീണു...പതിയെ പതിയെ അവളുടെ കൈ വിടുവിച്ച് യാത്രപറയാതെ നടന്നിറങ്ങുമ്പോൾ‌, അവളുടെ മുടിയിൽ നിന്നും  പൊട്ടിച്ചെടുത്ത ഒരു മുടിയിഴ ഡയറിയിലെ ഒരു താളിൽ‌ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു

പിന്നെയും ഓരോ കാരണങ്ങൾ‌ പറഞ്ഞ് അവിടേക്കുള്ള യാത്രകൾ‌ പതിവാകുകയായിരുന്നു.  കൂടെ മിക്കവാറും വന്നിരുന്നത് ഹരീഷും.‌ സ്വതവേ പേടിത്തൊണ്ടനായിരുന്ന അവനെ കൂടെ കൂട്ടാൻ ആദ്യമൊക്കെ വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു. അങ്ങനെ ഒരു ദിവസത്തിലാണു അവളുടെ നാട്ടുകാരനായ ജിതീഷ് ഒരു കത്തുമായി വന്നത്.

“അത്യാവശ്യമായി ഒന്ന് കാണണം” അത്രമാത്രമായിരുന്നു ആ കത്തിലുണ്ടായിരുന്നത്.

അടുത്ത സമരത്തിന്റെ ദിവസം‌ ആ കുന്ന് കയറിചെന്നപ്പോൾ, അവിടെ എന്നെ കാത്തിരുന്നത് കരഞ്ഞ് കലങ്ങിയ അവളുടെ മുഖമായിരുന്നു.

തുടരും
********************

Sunday, January 23, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ ആറ്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************
മൃതദേഹം രാധേട്ടന്റെ നാട്ടിലേക്കയക്കാനുള്ള ഏർപ്പാടുകളൊക്കെ ചെയ്ത് വീട്ടിലെത്തുമ്പോൾ‌ നേരം‌ പുലർച്ചയായി. വാതിൽ‌ തുറന്ന വന്ദനയുടെ ക്ഷീണിച്ച  മുഖം‌ കണ്ടപ്പോൾ‌ തന്നെ മനസ്സ് പിന്നേയും അസ്വസ്ഥമായി.

പനികുറവുണ്ടോ? എന്ന ചോദ്യത്തിനു പതിഞ്ഞ ശബ്ദത്തിൽ‌ ഒരു മൂളൽ‌.

രാധേട്ടന്റെ മരണം അവളെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഇതുവരെ ഉറങ്ങിയിട്ടില്ല എന്ന് ആ കണ്ണുകൾ‌ കണ്ടാലറിയാം‌

നേരെ കുളിച്ച് വന്നപ്പോൾ അടുക്കളയിൽ തട്ടലും മുട്ടലും കേൾക്കുന്നു. വന്ദന ഭക്ഷണം ചൂടാക്കുന്ന തിരക്കിലാണ്.

എനിക്ക് വിശക്കുന്നില്ല. കിടക്കാം‌.

അതിനും‌ മറുപടിയില്ല. അവൾ‌ പോയി കിടക്കയിൽ കയറികിടന്നു. ഭക്ഷണം ഒഴിവാക്കാൻ ഒരുകാരണവശാലും സമ്മതിക്കുന്ന പ്രകൃതമല്ല അവളുടേത്.

കിടന്നിട്ടും ഉറക്കം വന്നില്ല. അവളും ഒന്നും സംസാരിച്ചില്ല.

രാവിലെ ഓഫീസിലെത്തിയപ്പോൾ‌ വൈകി. എല്ലാവരും സീറ്റുകളിൽ നേരത്തേ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. ഏറ്റവും വൈകി വരുന്ന ജയറാം പോലും മോണിറ്ററിൽ ഉറ്റു നോക്കിയിരിക്കുന്നു. ചെവിയിൽ‌ ഹെഡ്ഫോണില്ലാതെ ആദ്യമായാണു ജയറാമിനെ സീറ്റിൽ വച്ച് കാണുന്നത്.ഡാലിയയുടെ സീറ്റിൽ ചെന്ന് ഒന്ന് വിഷ് ചെയ്തു. ഒരു വിളറിയ ചിരി ചിരിച്ച് അവളും തിരിച്ച് വിഷ് ചെയ്തു. അധികം സംസാരിക്കാൻ നിന്നില്ല. നേരെ നടന്ന് സീറ്റിൽ ചെന്ന് മെയിലൊക്കെ ചെക്ക് ചെയ്തു.. ഇന്ന് ജനറൽ മീറ്റിങ്ങ് ഉണ്ടെന്നറിയിച്ചുകൊണ്ട് എച്ച്.ആറിന്റെ മെയിലുണ്ട്. ഫോർ‌വേഡ് മെയിലുകൾ വളരെ കുറവാണിന്ന്.

ശാശ്വതിനെ വിളിക്കാൻ മറന്നു പോയി എന്ന് അപ്പോഴാണു ഓർത്തത്. ഫോണെടുത്ത് വിളിച്ചു. രണ്ട് തവണ അടുപ്പിച്ച് വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല.

പിന്നെ ജോലിയിലേക്ക് മുഴുകി.  ഇടയിൽ‌ വെള്ളമെടുക്കാൻ‌ പാൻ‌ട്രിയിലേക്ക് പോയപ്പോൾ‌ അവിടെ ഡാലിയയും ജയറാമും പിന്നെ ഒന്നു രണ്ട് ജൂനിയർസും കൂടി നിൽക്കുന്നു. ഇന്നത്തെ മീറ്റിങ്ങ് ആയിരിക്കും ചർച്ചാ വിഷയം‌

എന്താ ഗൂഡാലോചന?

ഓ, എന്ത് ഗൂഡാലോചന ഹരീ, ഇന്നലെ ഉറങ്ങിയിട്ടില്ല. ഇനി ഇപ്പൊ എച്ച്.ആറിന്റെ മീറ്റിങ്ങ് എന്തിനാണാവോ എന്തോ? അതെപ്പറ്റി സംസാരിക്കുകയായിരുന്നു.

ങ്ങും, എന്തായാലും ഒരു അരമണിക്കൂർ കൂടെ കാത്തിരിക്കാം

ഹരിക്കൊക്കെ അറിയാമായിരിക്കും. നിങ്ങളൊക്കെ മാനേജ്മെന്റിന്റെ സ്വന്തം ആളുകളല്ലേ . ഡാലിയ വിടാൻ ഭാവമില്ല

ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല. എല്ലാവരും വല്ലാതെ അസ്വസ്ഥരായിരിക്കുകയാണ്. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വമാണല്ലോ ഒരുവനെ വേട്ടയാടുന്ന ചിന്തകളിൽ വലുത്. ഓഫീസ് നിറയെ നെടുവീർപ്പുകളും‌ മരവിച്ച നോട്ടങ്ങളും‌ തണുത്ത ശബ്ദങ്ങളും മാത്രമായ പോലെ.

കോൺ‌ഫറൻസ് റൂമിലേക്ക് മാത്യൂസിനൊപ്പം എത്തുമ്പോഴേക്കും എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു.  ആകെ ഒരു നിശബ്ദത. ഞങ്ങൾ മുൻ‌നിരയിലുള്ള ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചതും ഒരു ഫയലും ലാപ്ടോപുമായി എച്ച്.ആറും അഡ്മിനിസ്ട്രേഷനിലെ പെൺകുട്ടിയും‌ കടന്നുവന്നു.

എല്ലാവരേയും നോക്കി വിഷ് ചെയ്ത് കയ്യിലെ ഫയൽ‌ നിവർത്തി വച്ച്, പതിഞ്ഞ ശബ്ദത്തിൽ‌ അവർ‌ തുടങ്ങി

“കഴിഞ്ഞ ദിവസം‌ നടന്ന സംഭവമെല്ലാവരും‌ അറിഞ്ഞുകാണും‌. അതിനെച്ചൊല്ലിയുള്ള ഊഹാപോഹങ്ങൾക്ക് ഒരു അന്ത്യം വരുത്തി, കമ്പനിയുടെ സ്റ്റാൻഡ് വ്യക്തമാക്കുക എന്നതാണു ഈ മീറ്റിങ്ങിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നു.”

മൂക്കിനു ഒരു ഭാരമെന്ന പോലെ അവർ കൊണ്ട് നടന്നിരുന്ന കണ്ണട നേരെയാക്കി തുടർന്നു.

“ ആഗോള സാമ്പത്തികമാന്ദ്യം ഐ.ടി മേഖലയെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുകയാണല്ലോ. നിങ്ങളിൽ ചിലർ ഇതിനകം‌ അറിഞ്ഞു കഴിഞ്ഞപോലെ നമ്മുടെ ചില പ്രൊജക്റ്റുകളേയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്. എന്ന് വച്ച് കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ഒരിക്കലും ഞാൻ അർ‌ത്ഥമാക്കുന്നില്ല. പക്ഷെ സാമ്പത്തികമാന്ദ്യത്തിൽ നിന്ന് കരകയറുന്നതിനു നമുക്ക് ചില മുൻ‌കരുതലുകൾ എടുത്തേ പറ്റൂ”

ശ്രോതാക്കളിൽ ഇടിമുഴക്കം സൃഷ്ടിച്ച് കൊണ്ടിരുന്ന വാക്കുകൾ ഒന്ന് നിർത്തി മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം എടുത്ത് കുടിച്ച്, എല്ലാവരേയും ഒന്നു നോക്കി അവർ‌ തുടർന്നു

“ റിസോഴ്സുകളെ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. അതിനായി കമ്പനി ചില അഴിച്ചുപണികളും മാറ്റങ്ങളും വരുത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അനാവശ്യമായ ചിലവുകളും വെട്ടിച്ചുരുക്കേണ്ടതുണ്ട്. അതെല്ലാം‌ വിശദമായി ഈ മീറ്റിങ്ങ് കഴിഞ്ഞയുടൻ സ്നേഹ നിങ്ങൾക്ക് മെയിലയക്കുന്നതാണു.

അതിൽ പ്രധാനമായവ ഇപ്രകാരമാണു. കയ്യിലെ ഫയലിൽ നിന്നും ഒരു പ്രിന്റൌട്ട് എടുത്ത് നോക്കിക്കൊണ്ട് അവർ ശബ്ദമുയർത്തി വായിച്ചു തുടങ്ങി

റിസോഴ്സിനെ മാക്സിമം ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട് എന്നതുകൊണ്ട്, എല്ലാവരും അവരവരുടെ ടൈംഷിറ്റ് യഥാസമയം പൂരിപ്പിക്കുക.

പെർ‌ഫോമൻസ് അപ്രൈസലുകളിൽ‌ മോശം പ്രകടനം‌ കാഴ്ചവച്ചവരുടെ കറന്റ് സ്റ്റാറ്റിറ്റിക്സ് പ്രൊജക്റ്റ് ലീഡേഴ്സ് അറിയിക്കുക

ചിലവു ചുരുക്കലിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തേക്ക് കോമ്പോ ലീവ് ഉണ്ടായിരിക്കുന്നതല്ല

വർക്കിങ്ങ് സമയം കഴിഞ്ഞാൽ‌ എ.സി ഓഫ് ചെയ്യുക

വൈകി വർക്ക് ചെയ്യുമ്പോളനുവദിച്ചിരുന്ന ടാക്സി അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ല

കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും മെയിലിൽ അറിയിക്കുന്നതായിരിക്കും

 ഈ ദുർ‌ഘടമായ ഘട്ടത്തെ തരണം ചെയ്യുന്നതിനു നിങ്ങളുടെ എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണം ഞങ്ങൾക്കാവശ്യമുണ്ട്. “

അവർ പറഞ്ഞ് നിർത്തി.

എനി കമന്റ്സ്?

നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഞങ്ങൾക്ക് നേരെ അവരുടെ ചോദ്യമുയർന്നു.
 ***********************

Friday, January 14, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ അഞ്ച്

  മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം‌
*****************************************************************************
“ഒന്നും പറയാറായിട്ടില്ല, ഇരുപത്തിനാലു മണിക്കൂർ‌ ഒബ്സർ‌വേഷനിലാണ്” ഡോക്ടർ‌ തിടുക്കത്തിൽ‌ നടന്നു പോയി.

അപ്പോഴേക്കും രാധേട്ടന്റെ അടുത്ത ചില ബന്ധുക്കൾ‌ എത്തി. ചിലമുഖങ്ങൾ‌ പരിചയമുണ്ട്. ആശുപത്രിയിൽ‌ രണ്ട് പേരിൽ‌ കൂടുതൽ‌ നിൽ‌ക്കാൻ‌ സമ്മതിക്കില്ല. ഓരോരുത്തരായി യാത്രപറഞ്ഞിറങ്ങി. കുട്ടികളിൽ രണ്ട് പേർ‌ കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞു.

“ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം “ യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു.

തിരിച്ചുള്ള യാത്രയിൽ‌ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. മുന്നിലെ സീറ്റിൽ സ്ഥാനം‌ പിടിച്ച പയ്യൻ‌ തലയും താഴ്ത്തി മൊബൈലിലെ കീപാഡിൽ‌ തുരുതുരെ വിരലമർത്തുന്നുണ്ടായിരുന്നു. ഇടക്കൊന്നു ശ്രദ്ധിച്ചപ്പോൾ‌ അവന്റെ മുഖത്ത് വിവിധ ഭാവങ്ങൾ‌ വിരിയുന്നത് കണ്ടു. മൊബൈലും എസ് .എം.എസും സൃഷ്ടിക്കുന്ന ലോകം‌ അവൻ‌ നന്നായി ആസ്വദിക്കുന്നു.

“ഹരീ, കുറേ ശമ്പളമെണ്ണി വാങ്ങുന്നതല്ലേ, ഈ ഫോണോന്നു മാറ്റിക്കൂടേ” ശാശ്വതിന്റെ സ്ഥിരം‌ അഭ്യർ‌ത്ഥനയാണ്. ക്യാമറയും ജി.പി.ആർ.എസുമില്ലാത്ത ഫോണിനെക്കുറിച്ച് അവനുമാത്രമല്ല, ചുറ്റുമുള്ള ഭൂരിഭാഗം‌ പേർക്കും‌ പുച്ഛമായിരുന്നു.

ഫോണിനെക്കുറിച്ചുള്ള ചിന്തകൾക്ക് ഭംഗം വരുത്തിയത് മൊബൈലിന്റെ തുടർച്ചയായ ശബ്ദമാണു. ഡാഷ്ബോർ‌ഡിലിരുന്ന ഫോൺ‌ മുന്നിലിരുന്ന പയ്യൻ എടുത്തു നോക്കി, പിന്നെ എന്റെ നേരെ നോക്കി “കൃഷ്ണവേണി” എന്നു പിറുപിറുത്തു. വണ്ടി സൈഡിലേക്കൊതുക്കി ഫോണെടുത്തു.

“ഹരി‌, ദേവേട്ടന്റെ നമ്പർ‌ ഒന്നു തരുമോ” കൃഷ്ണവേണിയുടെ നനഞ്ഞ ശബ്ദം‌. നനുത്ത വേനൽ‌മഴ കരിയിലയിൽ‌ വീഴുന്ന ഒരു പ്രതീതിയാണു..

“കയ്യിൽ‌ ഇപ്പോഴില്ല, ഞാൻ വീട്ടിലെത്തിയിട്ട് അയച്ചു തരാം‌. ആം ഡ്രൈവിങ്ങ് നൌ. ബൈ”. ഫോൺ‌ കട്ട് ചെയ്ത് മുന്നോട്ട് എടുക്കുമ്പോഴും‌ സഹയാത്രികൻ‌ മൊബൈലിലെ ബട്ടണുകൾക്ക് മേൽ‌ താണ്ഡവമാടുകയായിരുന്നു

കൃഷ്ണവേണിയെ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടത് ഇച്ചേയിയുടെ ശ്രാദ്ധത്തിനു നാട്ടിൽ പോയപ്പോഴായിരുന്നു.

ഇച്ചേയി മരിച്ചതറിയാൻവൈകി.” ഉമ്മറത്തെ തൂണിനു പിന്നിൽചാരിനിന്നുകൊണ്ടുള്ള വേണിയുടെ സംസാരത്തിലെവിടെയോ ഒരു കുറ്റബോധത്തിന്റെ അംശംകലർന്നതായി തോന്നി. ഒരു പക്ഷെ അത് തന്റെ‌ തോന്നലാവാം‌. ഇച്ചേയി എന്ന് ഞങ്ങൾ വിളിക്കുന്ന എന്റെ മൂത്ത ചേച്ചി മരിച്ചിട്ട് മൂന്ന് വർഷമായി. സ്വന്തം സഹോദരനായ തന്നെക്കാളും ഇച്ചേയിക്കിഷ്ടം വേണിയെയായിരുന്നു. അതിനാൽ തന്നെ കുട്ടിക്കാലത്ത് പ്രധാന ശത്രുക്കളിലൊരാളായി വേണി പെട്ടെന്നു തന്നെ മാറി.

സ്കൂളില്ലാത്ത ദിവസങ്ങളിൽ വീട്ടിലെ പശുവിനെ പറമ്പിൽതീറ്റിക്കാൻ കൊണ്ട് പോവുക എന്ന ദൌത്യംതന്റെ തലയിലായിരുന്നു. ഒരുകയ്യിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ കമ്പും വീശി പശുവിനേയും കൊണ്ട് പറമ്പിൽ അലയുക എന്നത് തനിക്കേറെ ഇഷ്ടമുള്ള കാര്യവുമായിരുന്നു. പൂവാങ്കുറുന്നില പറിക്കാൻ വരുന്ന ശങ്കരൻവൈദ്യരുംഅയിനിചക്കയുടെ കുരുപറക്കാൻ വരുന്ന അമ്മിണിയമ്മൂമ്മയുംഅടങ്ങുന്ന സുഹൃത് വലയം കൂടുതൽ വികസിച്ചത് ഗോപാലകവേഷത്തിന്റെ സമയത്തായിരുന്നു.

അന്ന് കൊയ്ത്ത് കഴിഞ്ഞ സമയമായതുകൊണ്ട് ഇച്ചേയി നെല്ല് പുഴുങ്ങുന്ന തിരക്കിലായി. സമയത്താണു വേണി കൂടുതലടുത്തത്. പെൺകുട്ടികളോട് സംസാരിക്കുന്നത് ആൺകുട്ടികൾക്ക് കുറച്ചിലാണു എന്ന ധാരണയുള്ളതിനാലുംവേണിയെ പലപ്പോഴും ശത്രുസ്ഥാനത്ത് നിർത്തിയിരുന്നതിനാലുംഅവളുമായി ഒരു അകലം പാലിച്ചിരുന്നു.

ഹരി, മോക്ഷമി രണ്ട് കട വരുമ്പോൾകൊണ്ടുവരണേഎന്ന വേണിയുടെ അഭ്യർത്ഥന തള്ളിക്കളയാനും തോന്നിയില്ല. കർക്കടകമാസത്തിൽദശപുഷ്പംപൂജിക്കുന്ന ചടങ്ങിലേക്ക് ചെടികൾ പറച്ചുകൊടുക്കുക എന്നത് ഇച്ചേയി സ്ഥിരം തന്നെ  ഏൽപ്പിക്കുന്നതാണു. ഇവളുടെ കയ്യിലെ വള ഊരിപ്പോവുമോ എന്നാണു ആദ്യംതോന്നിയത്. പിന്നെ ഒരു പെൺകുട്ടിയുടെ അഭ്യർത്ഥന തന്നിലെ ആൺകുട്ടിയുടെ അഭിമാനത്തെ ഉണർത്തി എന്നും പറയാം..

മുയൽചെവിയൻ പറിച്ചു കൊടുക്കുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയില്ല. കുറച്ചു ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോൾ അവൾ‌ തന്നെയും‌ നോക്കി നിൽപ്പുതന്നെ നിൽക്കുന്നതു കണ്ടു. ചെറിയ ചമ്മലോടെ വീണ്ടും തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ‌ ‘നാളെ കാണാം‘ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് അവൾ നടന്നകന്നു. പിന്നീട് കർ‌ക്കടകമാസം‌ കഴിയുന്നത് വരെ അതും‌ പറഞ്ഞ് സ്ഥിരം‌ പിന്നാലെ വരും.

“ഹരിക്ക് കൈനോക്കാനറിയുമോ?” വേണിയുടെ ചോദ്യം‌ ഞെട്ടലിനൊപ്പം ചിരിയും വരുത്തി. “ഇല്ല” എന്ന് പറഞ്ഞ്  നീട്ടിപ്പിടിച്ച വേണിയുടെ കയ്യിൽ‌ കയ്യിലുണ്ടായിരുന്ന വടികൊണ്ട് ചെറിയ അടി കൊടുത്തപ്പോൾ‌ അവളുടെ മുഖത്ത് ചെറിയ നിരാശ പരന്നു.

“എന്താപ്പോ കൈ നോട്ടമറിഞ്ഞട്ട്? രാജകുമാരനെപ്പോൾ‌ വരുമെന്നറിയാനാണോ” തന്റെ കുസൃതിയോടെയുള്ള ചോദ്യത്തിന്റെ മുന്നിൽ‌ പെട്ടെന്നു തലയും താഴ്ത്തി നടന്നകലുന്ന വേണിയുടെ ചിത്രം‌ മനസ്സിൽ‌ തെളിഞ്ഞു വന്നു.

പെട്ടെന്ന് സാദിഖിന്റെ മൊബൈൽ‌ ബെല്ലടിച്ചു. എസ്.എം.എസ് വായനയെ ശല്ല്യപ്പെടുത്തിയതിന്റെ ഒരു കെറുവ് അവന്റെ മുഖത്ത് കാണാം.  ഫോൺ‌ എടുത്ത് ഹെലോ പറഞ്ഞതും അവൻ‌ ഗിയറിൻ‌മേൽ ഇരുന്ന എന്റെ ഇടത് കൈ പിടിച്ചതും ഒരുമിച്ചായിരുന്നു

ഫോൺ‌ വച്ച് വിളറിയമുഖത്തോടെ എന്നെ നോക്കി. ഞാൻ‌ വേഗം‌കുറച്ച് സൈഡ് ഒതുക്കുന്നതിനിടെ ചിതറിയ ശബ്ദത്തിൽ‌ അവന്റെ ശബ്ദം‌ ഞങ്ങളുടെ കാതിലേക്ക് എത്തി..

 “രാധേട്ടൻ‌……..”

***********************

Sunday, January 9, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ നാല്

(ഇതൊരു ചെറിയ അദ്ധ്യായമാണു. ഗൾ‌ഫ് മലയാളിയിൽ‌ വന്നു കൊണ്ടിരിക്കുന്നതിനോട് സിങ്ക് ചെയ്യുവാൻ വേണ്ടിയാണു   ഈ ചെറിയ അദ്ധ്യായം പോസ്റ്റുന്നത്)

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം‌
****

തിരിച്ച് വിളിക്കാനായി തുടങ്ങിയപ്പോഴേക്കും വന്ദനയുടെ കോൾ‌ വന്നു.

“മീറ്റിങ്ങിലായിരുന്നോ? ഞാൻ കുറെയായി വിളിക്കുന്നു. നമ്മുടെ രാധേട്ടനെ ചെറുതായി നെഞ്ചുവേദന. ഹോസ്പിറ്റലിൽ‌ കൊണ്ടുപോയി. രണ്ടാമത്തെയാണിതിപ്പോ.. ഭാഗ്യത്തിനു മുകളിൽ താമസിക്കുന്ന പിള്ളേരുണ്ടായിരുന്നു സ്ഥലത്ത്. അതോണ്ട് രക്ഷപ്പെട്ടു. സമയത്തിനു ആശുപത്രിയിൽ എത്തിക്കാൻ പറ്റി. വരുന്ന വഴിക്ക് അവിടെ കയറിയട്ടല്ലേ വരൂ?”

വന്ദന ഒറ്റശ്വാസത്തിൽ പറഞ്ഞു നിർ‌ത്തി.

“ശരി, ഞാൻ‌ വേഗം ഇറങ്ങുവാൻ നോക്കട്ടെ”

ഫോൺ‌ കട്ട് ചെയ്തു സീറ്റിലേക്ക് നടക്കുമ്പോൾ‌ ഓഫീസിൽ അവിടവിടെയായി രണ്ടും മൂന്നും പേർ‌ ചേർന്ന് കൂടി നിൽക്കുന്നു. എല്ലാവരും വളരെ താഴ്ന്ന ശബ്ദത്തിൽ സംസാരിക്കുന്നുമുണ്ട്.

അനിശ്ചിതത്വം‌.. നാളെയാരു എന്ന അനിശ്ചിതത്വത്തിന്റെ പിരിമുറുക്കമായിരിക്കും‌ ഇനി ഓഫീസ് മുഴുവൻ‌..

മാത്യൂസിനോട് പറഞ്ഞു ഓഫീസിൽ നിന്നിറങ്ങുമ്പോൾ‌ ഡാലിയയുടെ ക്യൂബിക്കിളിലേക്കൊന്നു പാളി നോക്കി..അവൾ‌ തലയും താഴ്ത്തി, സ്ക്രാപ് ബുക്കിൽ ഒരു പെൻസിൽ‌ കൊണ്ട് ഒരു വട്ടം വരച്ച് കൊണ്ടിരിക്കുന്നു. വല്ലാതെ ഭയന്നിട്ടുണ്ട്.

“ഹരി, ഇറങ്ങുകയാണോ? ഞാനും വരുന്നു. എന്നെ ഒന്നു ടൌണിൽ‌ ഡ്രോപ് ചെയ്യൂ” വിശാലാണു.

ലിഫ്റ്റിറങ്ങി, വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടക്കുമ്പോഴാണു ഒരുകാര്യമോർത്തത്. ഇതുവരെ വിശാൽ‌ ഒന്നും സംസാരിച്ചില്ല. അല്ലെങ്കിൽ‌ പുതിയ സിസ്റ്റം‌ കോൺഫിഗറേഷനെക്കുറിച്ചും‌ ക്ലൌഡ് കമ്പ്യൂട്ടിങ്ങിനെക്കുറിച്ചുമൊക്കെ വാതോരോതെ സംസാരിക്കുന്ന സീനിയർ‌ സിസ്റ്റം‌ അഡ്മിനിസ്റ്റേറേയും ശാശ്വത് സംഭവം‌ ഭയപ്പെടുത്തിയിട്ടുണ്ട് എന്ന് ചുരുക്കം.

‘ഹൌസിങ്ങ് ലോൺ‌, കാർ‌ ലോൺ, കുട്ടികളുടെ സ്കൂൾ‌ ഫീസ്, ട്യൂഷൻ‌ ഫീസ്…ഹോ..ആലോചിക്കുമ്പോൾ‌ തന്നെ പേടിയാവുന്നു. ലോണുകൾ‌ തന്നെ ഒരു ഇരുപത്തിയയ്യായിരം‌ രൂപ വരും‌“ വിശാൽ‌ വായതുറന്നു.

“ഹും..” എന്റെ അലക്ഷ്യമായ മൂളൽ‌ വിശാലിനെ വീണ്ടും മൌനത്തിലേക്ക് നയിച്ചു.

മനസ്‌ രാധേട്ടനെക്കുറിച്ചുള്ള ചിന്തകളിലായിരുന്നു. ഇപ്പോൾ‌ താമസിക്കുന്ന അപ്പാർട്ട്മെന്റ്സിന്റെ തൊട്ടടുത്ത വില്ലയാണു രാധേട്ടന്റെ. ഇൻ‌കംടാക്സ് ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണൻ‌ ചേട്ടൻ‌ ആളൊരു രസികനാണ്. മക്കൾ‌ രണ്ട് പേരും‌ വിദേശത്ത് ജോലി ചെയ്യുന്നു. ഭാര്യ മരിച്ച ശേഷം‌ അധികം‌ പുറത്തേക്കൊന്നും‌ ഇറങ്ങാതിരുന്ന അദ്ദേഹം‌ ഈയടുത്ത കാലത്താണു റെസിഡൻഷ്യൽ‌ അസോസിയേഷന്റെ പ്രവർത്തനങ്ങളിലൊക്കെ സജീവമായത്

“ഇവിടെ നിർത്തിക്കോളൂ ഹരീ” വിശാലിന്റെ നിർ‌ദ്ദേശമാണു ചിന്തകളിൽ നിന്നും ഉണർത്തിയത്.

വിശാലിനെ ഇറക്കി വണ്ടി മുന്നോട്ട് എടുത്ത് അധികം‌ മുന്നോട്ട് പോകാൻ സാധിക്കും മുന്നെ ബ്ളോക്ക് ആരംഭിച്ചു.

“എടോ ഹരീ, താനൊരിക്കലും‌ നാട്ടിലുള്ള ഭൂമി വിൽക്കരുത്. നാട്ടിലെ ബന്ധം വിച്ഛേദിച്ച് പട്ടണത്തിൽ‌ വന്ന് ചേർന്ന എന്നെ കണ്ടില്ലേ. ഈ ഒഴുക്കിൽ‌ ചീഞ്ഞ ചകിരിച്ചോറുപോലെ ഇങ്ങനെ…”

എന്ന് സംസാരം തുടങ്ങിയാലും‌ രാധേട്ടൻ ഈ ഒരു ഡയലോഗ് പറയാതെ സംഭാഷണം‌ അവസാനിപ്പിക്കാറില്ല. നാട്ടിൽ‌ ഭാഗത്തിൽ കിട്ടിയ നിലവും‌ തൊടിയുമെല്ലാം വിറ്റുപെറുക്കിയാണു രാധേട്ടനിവിടെ വീട് വാങ്ങിയത്. ഇപ്പോൾ‌ ഒരു കൂട്ടിനാരെങ്കിലും ഉണ്ടാവട്ടെ എന്ന മക്കളുടെ കടും‌പിടുത്തത്തിനു വഴങ്ങിയാണു മുകളിലത്തെ നില വാടകക്ക് കൊടുക്കാൻ തീരുമാനിച്ചത്. അവിടെ ഇപ്പോൾ‌ ബി.ടെക്കിനു പഠിക്കുന്ന നാലു കുട്ടികളാണു ഉള്ളത്.

വന്ദനയെ വലിയ കാര്യമാണു രാധേട്ടനു. അവൾക്കും അങ്ങനെ തന്നെയാണു. ഓഫീസിൽ നിന്ന് വല്ലാതെ വൈകുന്ന ദിവസങ്ങളിൽ‌ രാധേട്ടന്റെ സാന്നിധ്യം‌  അവിടെ ഉള്ളത് തനിക്കൊരുപാട് ആശ്വാസം നൽകിയിരുന്നു.

കാർ‌ പാർക്ക് ചെയ്ത് റിസപ്ഷനിൽ ചെന്ന് ഐ.സി.യു ചോദിച്ച് അങ്ങോട്ട് നടക്കുമ്പോൾ‌ ഫോണിൽ എസ്.എം.എസ് വന്ന ശബ്ദം.‌

“അടുത്തത് എന്റെ നമ്പറാവും, അല്ലെ?” ഡാലിയയുടെ മെസേജ്.

മറുപടി കൊടുക്കാൻ‌ തോന്നിയില്ല. ലിഫ്റ്റിൽ‌ കയറി ഐസിയുവിനു മുന്നിലേക്ക് ചെല്ലുമ്പോൾ‌ തന്നെ സ്ഥിതിഗതികളത്ര പന്തിയല്ല എന്നു മനസ്സിലായി.  ഐ.സി.യുവിന്റെ മുന്നിൽ രാധേട്ടന്റെ വകയിലെ ഒരു ചെറിയമ്മയുടെ മകൻ നിൽ‌പ്പുണ്ടായിരുന്നു. ഒന്നു രണ്ട് തവണയൊക്കെ കണ്ടട്ടുണ്ട് അയാളെ. അയാളോട് വിവരങ്ങളന്വേഷിക്കാനായി മുന്നോട്ട് ചെന്നതും വാതിൽ തുറന്ന് ഡോക്ടർ‌ നേരെ വന്നതും ഒരുമിച്ചായിരുന്നു.

അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക