Tuesday, December 21, 2010

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - ഭാഗം മൂന്ന്

 സ്വപ്നത്തിന്റെ  അച്ചുകള്‍ തേടുന്നവര്‍  - ഭാഗം മൂന്ന്

അദ്ധ്യായം ഒന്ന് വായിക്കാൻ‌
അദ്ധ്യായം രണ്ട്  വായിക്കാൻ‌




*****
“റോണി ഇതു വരെ കോഡ് കമിറ്റ് ചെയ്തട്ടില്ല. ഇനി എപ്പൊ അപ്ഡേറ്റ് ചെയ്യാനാ.” മാത്യൂസിന്റെ മുഖത്ത് ദേഷ്യവും അക്ഷമയും ഒരുമിച്ച് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

വൈകീട്ടത്തെ ക്ലയന്റ് കാളിനു മുന്നെ ഇത് അപ്ഡേറ്റ് ചെയ്യേണ്ടത് മറ്റാരേക്കാളും മാത്യൂസിന്റെ ആവശ്യമാണു. മാത്യൂസ് എന്റെ സീറ്റിൽ നിന്നു പോയതും റോണിയുടെ ചാറ്റ് മെസേജ് എന്റെ സ്ക്രീനിൽ മിന്നി.

“അളിയോ, അവനിത്തിരി ടെൻഷനടിക്കട്ടെ. ആ ബഗ് ഞാൻ കാലത്തേ ഫിക്സ് ചെയ്തതാ. പക്ഷെ കുറച്ചുകൂടി കഴിഞ്ഞേ കമിറ്റ് ചെയ്യുന്നുള്ളൂ.”

ചിരിക്കാതെന്തു ചെയ്യാൻ! ശാരികയെ ചൊല്ലി ഒരു ശീതസമരം അവർക്കിടയിലുണ്ടെന്ന് കമ്പനിയിൽ മൊത്തം പാട്ടാണു. ജൂനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശാരിക ഈ കമ്പനിയിൽ ജോയിൻ ചെയ്തതു മുതൽ‌ ഇരുവരും തമ്മിൽ ഒരു മത്സരം ഉടലെടുത്തു എന്നത് പരസ്യമായ രഹസ്യമാണു. അത്കൊണ്ട് പ്രയോജനം ലഭിച്ചതു ശാരികക്കു തന്നെയാണു. അതു പരമാവധി മുതലെടുക്കുവാൻ‌ അവൾക്കറിയുകയും ചെയ്യാം.

“ഇന്നലത്തെ കളി ചീറ്റിപ്പോയടേ”പിന്നേയും റോണിയുടെ മെസേജ്. ഇന്റർ‌വ്യൂവിനു പരക്കെ അംഗീകരിച്ച കോഡാണു ഈ ‘കളി’.

“എന്തേ പ്രിപെയറായിരുന്നില്ലേ”

“ഓ, കട്ട ചോദ്യങ്ങളായിരുന്നു. കുറെ ഒക്കെ പറഞ്ഞു. പക്ഷെ അവർ‌ അവസാനം‌ പൊളിച്ചടുക്കി” റോണിയുടെ സത്യസന്ധമായ മറുപടി.

“ഡാ, എനിക്കിന്ന് നേരത്തെ ഇറങ്ങണം‌. പാതിരാത്രി വരെ ഇരിക്കാൻ പറ്റില്ല. വൈഫിനു സുഖമില്ല. നീയതങ്ങ് കമിറ്റ് ചെയ്തേ” ഞാനൊന്നു ചൂണ്ടയിട്ടു നോക്കി

“ഹും‌. ശരി. ഞാനാ മരത്തലയനിട്ട് ഒരു പണികൊടുക്കാനുള്ള പ്ലാനായിരുന്നു. ചെയ്തേക്കാം“

“താങ്ക്സ് ഡിയർ” ചാറ്റ് ബോക്സ് ക്ലോസ് ചെയ്തു മെയിൽ ബോക്സ് ഒന്നു റിഫ്രഷ് ചെയ്തപ്പോഴേക്കും റോണിയുടെ മെയിൽ വന്നു. അവൻ തന്ന വാക്ക് പാലിച്ചു.

പിന്നെ കുറച്ച് നേരത്തേക്ക് എല്ലാവരും തിരക്കിലായി. ഞാനും മാത്യൂസും കൂടെ സെർവർ അഡ്മിനിസ്ട്രേറ്ററുടെ അടുത്തേക്ക് പോയി. മൂന്നരയോടെ അപ്ഡേഷനെല്ലാം‌ കഴിഞ്ഞ് സീറ്റിൽ‌ വന്നിരുന്നപ്പോഴേക്കും‌ കഫ്റ്റേരിയയിലേക്ക് പോവാനായി ഡേവിഡും‌ ശാശ്വതും‌ ഡാലിയയും ക്യൂബിക്കിളിന്റെയടുത്തേക്ക് വന്നു.

“ദീപക്കിനെ വിളിച്ചോ ഡാലിയാ?” എന്റെ ചോദ്യത്തിനു ഡാലിയയുടെ വക ഒരു ചിരിയായിരുന്നു മറുപടി
“അവനേതോ ഇരകിട്ടിയിട്ടുണ്ട്. രാവിലെ തുറന്ന‌ യാഹൂമെസഞ്ചർ ഇതുവരെ അടച്ചിട്ടില്ല. ചാറ്റ് മാനിയാക്. “ ഡേവിഡ് പിറുപിറുത്തു

കഫ്റ്റേരിയയിൽ‌ പതിവിനു വിപരീതമായി തീരെ തിരക്കില്ല. ചായയുമെടുത്ത് ഒരു ഒഴിഞ്ഞ മൂലയിൽ ഞങ്ങൾ നാലു പേരും‌ സ്ഥാനം പിടിച്ചു
ശാശ്വത് ഒന്നും മിണ്ടാതെ ചായക്കോപ്പിലേക്ക് നോക്കിക്കൊണ്ട് തലയും താഴ്ത്തി ഇരിക്കുകയാണു. ഡേവിഡ് പതിവുപോലെ തൊട്ടടുത്തെ ടേബിളിലെ പെ‌ൺകൊച്ചുങ്ങളെ നോക്കിക്കൊണ്ട് ചായ നുണയുന്നു.

“ പുതിയ പ്രൊജക്റ്റുകളൊന്നും ആയിട്ടില്ല, മാത്രമല്ല ഉള്ളത് പോവുന്ന ലക്ഷണവും കാണുന്നുണ്ട് കമ്പനി അത്ര നല്ല കണ്ടീഷനിൽ‌ ആണെന്നു ഹരിക്കു തോന്നുന്നുണ്ടോ?.” ഡാലിയയുടെ ചോദ്യത്തിൽ വല്ലാത്ത വേവലാതി ഉണ്ടായിരുന്നു.

“റിസഷൻ‌ എന്ന മഞ്ഞുമലയുടെ മുകൾഭാഗം മാത്രമേ നാമിപ്പോൾ കണ്ട്തുടങ്ങിയിട്ടുള്ളൂ. ഒന്നും പറയാറായിട്ടില്ല” അവിടേയും ഇവിടേയും തൊടാതെയുള്ള എന്റെ മറുപടി ഡാലിയയെ തൃപ്തിപ്പെടുത്തിയിട്ടില്ല എന്ന് അവളുടെ മുഖത്ത് നിന്ന് മനസ്സിലായി.

“രാവിലെ പത്രമെടുത്ത് നോക്കാൻ‌ പേടിയാണു. പിരിച്ചുവിടലും കമ്പനികളുടെ വൈൻ‌ഡപ്പും..ഹോ..” പതുക്കെ തലയുയർ‌ത്തിക്കൊണ്ട് ശാശ്വത് എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു

“അവളിന്നു ലീവാണെന്നു തോന്നുന്നു.. “ എന്റെ ചോദ്യഭാവത്തിലുള്ള നോട്ടം കണ്ട് ഡേവിഡ് തുടർന്നു. “ഹാ, ആ മറ്റേ മൂക്കത്ത് കാക്കാപ്പുള്ളിയുടെ അമ്മ്യാരേ” .

“ഇവിടെ ആനക്കാര്യത്തിന്റെയിടക്കാ”..ദേഷ്യത്തിൽ ഡാലിയയുടെ ശബ്ദം ഒരൽ‌പ്പം ഉറക്കെയായി. കാര്യം‌ പന്തിയല്ല എന്ന് മനസ്സിലാക്കിയ ഡേവിഡ് പതുക്കെ എണീറ്റു. കൂടെ ഞങ്ങളും.

തിരിച്ച് കമ്പനിയിൽ ചെന്ന് അരമണിക്കൂർ കഴിഞ്ഞപ്പോൾ മാത്യൂസ് പതുക്കെ അടുത്തേക്ക് വന്നു. തലയുയർത്തി നോക്കിയപ്പോൾ‌ അവിടവിടെയായി എല്ലാവരും ‌ കൂടി നിൽക്കുന്നു.

“ശാശ്വതിനെ എച്ച്.ആർ‌ വിളിപ്പിച്ചിരിക്കുകയാണു. “ പതിഞ്ഞ ശബ്ദത്തിലുള്ള മാത്യൂസിന്റെ മറൂപടിയിൽ വല്ലാത്ത ഒരു ദുരൂഹത അനുഭവപ്പെട്ടു.

“കുറെ നാളുകളായി അവന്റെ പെർ‌ഫോമൻ‌സും കീഴ്പോട്ടാണു. പ്രൊഡക്റ്റിവിറ്റി വളരെ കുറഞ്ഞു. മാത്രവുമല്ല അവൻ‌ ഇപ്പോൾ ബില്ലിങ്ങ് റിസോഴ്സും അല്ലല്ലോ” മാത്യൂസിന്റെ ശബ്ദത്തിനു ഒരു ആരാച്ചാരുടെ ന്യായീകരണത്തിന്റെ ഭാഷ ഉണ്ടായിരുന്നോ?

ഞാൻ പതുക്കെ എണീറ്റ് ദീപകിന്റെ അടുത്തേക്ക് ചെന്നു. ഡാലിയയും ദീപക്കും ഒന്നും മിണ്ടാതെ കയ്യിലൊരു സ്ക്രാപ്പ് ബുക്കും കയ്യിൽ പിടിച്ച് ഇരിക്കുന്നു

“ഹരീ ശാശ്വതിന്റെ സിസ്റ്റം ലോക്ക് ചെയ്തു.” ദീപക്ക് മോണിറ്ററിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

അവിടെ ഇരുന്നാൽ എച്ച്.ആറിന്റെ കാബിൻ കാണാം. പെട്ടെന്ന് തലകുമ്പിട്ട് കൊണ്ട് ശാശ്വത് പുറത്തേക്ക് വന്നു. കയ്യിൽ കുറെ പേപ്പറുകളുമുണ്ട്. കൂടി നിന്നവരുടെ നേരെ നോക്കാതെ തലകുമ്പിട്ട് കൊണ്ട് ശാശ്വത് പുറത്തേക്ക് നടന്നു.


അവനെ വിളിക്കാനായി ഫോൺ‌ എടുത്ത് നോക്കിയപ്പോഴാണു ശ്രദ്ധിച്ചത്. ഫോണിൽ‌ 6 മിസ്ഡ് കോൾ‌. എല്ലാം വന്ദനയുടെ.

========================

അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

Monday, December 13, 2010

നോവൽ‌‌ - അദ്ധ്യായം രണ്ട്

സ്വപ്നത്തിന്റെ  അച്ചുകള്‍ തേടുന്നവര്‍  - ഭാഗം രണ്ട്

(ഒന്നാമത്തെ ഭാഗമിവിടെ വായിക്കാം)

ഹരി, നീ വരുന്നോ കഴിക്കാൻ‌? മുഖമുയർ‌ത്തിനോക്കിയപ്പോൾ‌ വിനോദ് ടിഫിൻ ബോക്സുമായി ഭക്ഷണം‌ കഴിക്കാൻ തയ്യാറെടുത്തു നിൽ‌ക്കുന്നു. അപ്പോഴാണു ഇന്ന് ഉച്ചഭക്ഷണം‌ കൊണ്ടു വരാൻ മറന്ന കാര്യം‌ ഓർമ്മ വന്നത്. ഇനി കാന്റീൻ തന്നെ ശരണം‌. എന്തായാലും‌ ഓഫീസിനു പുറത്തേക്കിറങ്ങണം. വന്ദനയ്ക്കെങ്ങനെ ഉണ്ട് എന്നു വിളിച്ചന്വേഷിക്കുകയും വേണം.

വിളിക്കാനായി ഫോണെടുത്തതും‌ വീട്ടിൽ നിന്ന് അമ്മയുടെ ഫോൺ‌ വന്നതും ഒരുമിച്ചായിരുന്നു.


“നീ ഈ ആഴ്ചവരുന്നില്ലേ. അപ്പുക്കുട്ടേട്ടന്റെ മോളുടെ കല്ല്യാണ നിശ്ചയമാണു ഈ ശനിയാഴ്ച. മറക്കണ്ട. നിന്റെ കാര്യങ്ങൾക്ക് അവരെല്ലാം വന്നിരുന്നു. പോവാതിരിക്കാൻ പറ്റില്ല.ആ പിന്നെ വടക്കേലെ ശങ്കരൻ മരിച്ചു. ഇന്നലെ രാവിലെ. എലിപ്പനിയായിരുന്നു. ഇന്നലെതന്നെ സംസ്കാരോം‌ കഴിഞ്ഞു.”


ഞെട്ടിയില്ല. പക്ഷെ ശരീരത്തിന്റെ ഭാരം‌ കുറഞ്ഞ് ഒഴുകി നടക്കുന്നപോലെ…അമ്മയുടെ തുടർന്നുള്ള വാ‍ക്കുകളൊക്കെ ഒരുപാട് കാതങ്ങൾക്കകലെനിന്നൊഴുകി വരുന്ന പോലെ…മനസ്സ് മുഴുവൻ ശങ്കരേട്ടനെ ചുറ്റിപ്പറ്റിയായിരുന്നു.

കുട്ടിക്കാലത്ത് ഞങ്ങളുടെ ഹീറോയായിരുന്നു ശങ്കരേട്ടൻ‌‌. ഒരു തോർത്തുമുണ്ടും ധരിച്ച് കയ്യിലൊരു വെട്ടുകത്തിയോ കൈകോട്ടോ ആയി തിരക്കുപിടിച്ച് നടന്നു നീങ്ങുന്ന ആ രൂപം‌ ഞങ്ങൾ‌ക്ക് സുപരിചിതവുമായിരുന്നു.

അമ്മയുടെ വീട്ടിൽ വിഷൂനും ഓണത്തിനുമൊക്കെ ചെല്ലുമ്പോൾ‌ “ശ്ശൂരെ കുട്ടി വന്നോ” എന്ന് ചോദിച്ച് ഓടിയെത്തുന്ന ശങ്കരേട്ടനോട് എനിക്കെന്തോ ഒരടുപ്പം‌ തോന്നിയിരുന്നു. വൈകീട്ട് പണികഴിഞ്ഞ് ശങ്കരേട്ടൻ വരുമ്പോൾ‌ കടപ്പറമ്പത്ത് കാവ് വരെ നടക്കാൻ എന്നേം കൊണ്ടു പോവും. സർ‌പ്പക്കാവിനും പാടങ്ങൾക്കും ഇടയിലൂടെ റെയിൽ‌വേ ട്രാക്ക് കടന്ന്, ഇരുവശവും പനകൾ നിറഞ്ഞ ആ വള്ളുവനാടൻ വഴികളിലൂടെ ശങ്കരേട്ടന്റെ കൂടെയുള്ള യാത്ര മനസ്സിൽ നിന്നും പോവുന്നുമില്ല. വഴിയിലൂടെ വരുന്നവരോടെല്ലാം “ശ്ശൂരുള്ള നാരാണീടെ മോനാ” എന്ന് പരിചയപ്പെടുത്തിയും‌ എന്റെ പിന്നാലെ ഓടിയെത്തിയും കഥകൾ പറഞ്ഞുമൊക്കെയാണു യാത്രകൾ‌.


ശങ്കരേട്ടാ, എന്താ കാവില് കാണുന്ന ആ വെളിച്ചം?

അതു കുട്ട്യേ, നാഗങ്ങൾ‌ മാണിക്യം കൊണ്ട് നടക്കുന്ന സ്ഥലമാ..അങ്ങോട്ടോന്നും ഇപ്പൊ നോക്കണ്ട.


പാടത്തിനരികിലുള്ള ആ സർപ്പക്കാവ് അന്നു മുതൽ‌ എന്റെ സ്വപ്നങ്ങളിലെ നാഗദൈവങ്ങളുടെ ആവാസസ്ഥലമായി മാറി.. നാഗമാണിക്യം‌ തലയിൽ ചൂടിയ നാഗരാജാവും ആ സർപ്പക്കാവും അതിലെ പാടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന അരയാൽ മരത്തിലെ കടവാവലുകളും സ്വപ്നത്തിലേക്ക് വന്ന് എന്റെ ഉറക്കം കളഞ്ഞ രാത്രികൾ ഒരുപാടുണ്ട്.. വന്ദനയോട് വിശദീകരണം പറഞ്ഞ് മടുത്ത നാളുകൾ‌..


പൊഴേലിപ്പൊഴും വെള്ളോണ്ടാവോ ശങ്കരേട്ടാ..
എവിടെ..മേടമാസമല്ലേ.. തിരുമിറ്റക്കോട്ട് അമ്പലത്തിനടുത്ത് മുങ്ങാൻ‌ പാകത്തിനിത്തിരി വെള്ളണ്ടാവും‌.അതും ജാസ്ത്യൊന്നൂല്ല്യ.

ശങ്കരേട്ടൻ നന്നായി നീന്തും. വെള്ളിലപ്പെട്ടി അമ്പലത്തിലെ കുളത്തിൽ ഞങ്ങളെ കരക്കിരുത്തി മുങ്ങാങ്കുഴിയിടുകയും മലർന്നുനീന്തിയും ഞങ്ങളുടെ കയ്യടി വാങ്ങുന്നത് ശങ്കരേട്ടനൊരു ഹരമായിരുന്നു.


ഇതിന്റടിയിൽ‌ ഒരു കൊട്ടാരണ്ട്..മുത്തും‌ പവിഴൊക്കെ പതിച്ച ഒരു കൊട്ടാരം‌. ദേവിക്ക് വിശ്രമിക്കാനുള്ളതാ… മുങ്ങി നിവർന്നു വന്ന് കരയിലിരുന്ന എന്നേം മാളുവിനേയും നോക്കി ശങ്കരേട്ടന്റെ വെളിപ്പെടുത്തൽ


മാളുവിന്റെ മുഖത്ത് ആശ്ചര്യത്തിന്റെ വേലിയേറ്റം‌.

ചുമ്മാ പുളുവടിക്കില്ലേ ശങ്കരേട്ടാ എന്ന് ഞാൻ‌.


ഇപ്പൊ വരാമെന്ന് പറഞ്ഞതും കുളത്തിനടിയിലേക്ക് ശങ്കരേട്ടൻ ഊളിയിട്ടതുമൊരുമിച്ചായിരുന്നു.

ഞങ്ങളുടെ ആശങ്കൾക്ക് വിരാമമിട്ടുകൊണ്ട് ചുരുട്ടിപ്പിടിച്ച് കയ്യുമായി ശങ്കരേട്ടൻ കരയിലേക്ക് കയറിവന്നു. മാളുവിനു നേരെ കൈ നീട്ടി. അവളൊരു കൌതുകത്തോടെ ചുരുട്ടിപ്പിടിച്ച കൈ നിവർത്തി. നല്ല ഭംഗിയുള്ള ഒരു വെള്ളാരംകല്ല്.

കൊട്ടാരത്തിലെ മുറ്റത്ത് നിറയെ ഇങ്ങനത്തെ കല്ലുകളാ..

അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി ശങ്കരേട്ടൻ പറഞ്ഞു. പെണ്ണിനു ഗമ കൂടാൻ വേറെ കാര്യ്ം വേണോ? ആ കല്ലും പിടിച്ച് അവൾ ഞങ്ങളുടെ മുന്നിൽ‌ കുറെ നാൾ‌ പോസിട്ടു നടന്നു.

ആദ്യമായി ജോലികിട്ടി നാട്ടിൽ ചെന്നപ്പോൾ‌ ശങ്കരേട്ടന്റെ കയ്യിൽ അമ്മയുടെ നിർദ്ദേശപ്രകാരം‌ ഒരു നൂറുരൂപ വച്ചു കൊടുത്തു.

അതങ്ങട് വാങ്ങൂ ശങ്കരാ, കുട്ടി ഒരു സന്തോഷത്തിനു തന്നതല്ലേ..ഒന്നൂല്ലേലും നീ കുറെ കൊണ്ട് നടന്നോനല്ലേ..

അതുവാങ്ങാൻ മടികാണിച്ച ശങ്കരേട്ടനോട് അമ്മൂമ്മയുടെ നിർ‌ദ്ദേശം‌.

അതും വാങ്ങി തെക്കോട്ട് പാടത്തിലേക്ക് കണ്ണും നട്ട് നിന്നിരുന്ന ശങ്കരേട്ടന്റെ മുഖം‌ മനസ്സിൽ നിന്നു മായുന്നില്ല. യാത്ര പറഞ്ഞിറങ്ങുമ്പോൾ‌ ഇടക്കൊന്ന് തിരിഞ്ഞു നോക്കി…ശ്ശൂരുള്ള കുട്ടിയെ യാത്രയാക്കാൻ ശങ്കരേട്ടനെന്തോ വന്നില്ല. അമ്മയുടെ ആഴ്ചവിശേഷങ്ങളിൽ നിന്നു പിന്നീടറിഞ്ഞു, ശങ്കരേട്ടന്റെ മകൻ‌ ദീനം വന്ന് മരിച്ചെന്നും ഭാര്യ വേറെ വിവാഹം കഴിച്ചെന്നും മറ്റും..അവസാനം‌ ഇന്നു ഇതും‌.


ഫോൺ‌ പിന്നേയും ബെല്ലടിക്കുന്നതു കേട്ടപ്പോഴാണു സ്ഥലകാലബോധം തിരിച്ചു കിട്ടിയത്. വന്ദനയാണ്. ഒരു കുറ്റബോധത്തോടെയാണു ഫോൺ‌ എടുത്തത്.

പനി കുറവുണ്ട്. ഞാൻ ഒന്ന് ആവിപിടിച്ചു. വൈകീട്ടാവുമ്പോഴേക്കും നന്നായി കുറയും. എന്തായി പ്രൊജക്റ്റ് ഡിപ്ലോയ്മെന്റൊക്കെ കഴിഞ്ഞോ? ക്ലയന്റ് എന്തു പറഞ്ഞു? – പരാതിയുടെയോ പരിഭവത്തിന്റേയോ ലാഞ്ചന പോലുമില്ലാതെ വന്ദന.


കഴിഞ്ഞട്ടില്ല. നല്ല തിരക്കിലാണു. ഞാൻ പിന്നെ വിളിക്കാം ശങ്കരേട്ടന്റെ മരണത്തെക്കുറിച്ച് അവളോട് പറഞ്ഞില്ലല്ലോ എന്നോർത്തത് അപ്പോഴാണൂ. സാരമില്ല, വൈകീട്ട് പറയാം‌.

ഭക്ഷണം കഴിച്ച് ക്യൂബിക്കിളിലേക്ക് ചെല്ലുമ്പോൾ‌‌ അവിടെ മുഖവും ചുവപ്പിച്ച് പിറുപിറുത്തുകൊണ്ട് മാത്യൂസ് നിൽ‌പ്പുണ്ടായിരുന്നു


അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക


Thursday, December 9, 2010

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍




 (എന്റെ കഥയുടെ ആദ്യഭാഗം നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. ഇത് കഥ എന്നതിലുപരി എന്നെ സംബന്ധിച്ചിടത്തോളം ചിലപ്പോഴോകെ ഒരു ഡയറി എഴുത്തിന്റെ നിലവാരത്തിലേക്ക് താഴ്ന്നു പോയി എന്ന് വരാം. ക്ഷമിക്കുമല്ലോ)

സ്വപ്നത്തിന്റെ  അച്ചുകള്‍ തേടുന്നവര്‍  - ഭാഗം ഒന്ന്‍  


ഹരീ..നല്ല പനി..കിടക്കയിൽ കഴുത്തിനൊപ്പം പുതപ്പു വലിച്ചു ചുറ്റി ചുരുണ്ടുകൂടി കിടന്നുകൊണ്ടുള്ള വന്ദനയുടെ പരാതികേട്ടപ്പോൾ ചിരിയാണു വന്നതു.. ഇനിയിപ്പൊ താൻ ചെന്നു നെറ്റിയിൽ കൈവച്ച് നല്ല ചൂടുണ്ട് എന്ന് പറയുന്നതു വരെ ഇതിങ്ങനെ പറഞ്ഞോണ്ടിരിക്കും. വിവാഹം കഴിഞ്ഞു മഹാനഗരത്തിൽ അവളേയും കൊണ്ടെത്തിയിട്ടിതു വർഷം നാലായി..തിരക്കുപിടിച്ച ഔദ്യോഗികജീവിതത്തിനിടയിലെ പരക്കം പാച്ചിലിൽ തന്നിൽ നിന്നെന്നും അവൾ ആഗ്രഹിച്ചത് ഇത്തരം കാര്യങ്ങളായിരുന്നു. കുഞ്ഞു പനി വന്നാൽ പിന്നെ തന്റെ സാമീപ്യം വേണം, ഇടക്കിടക്ക് നെറ്റിയിൽ കൈ വച്ച് പനിയുടെ അളവെടുത്തു ഉറക്കെ പറഞ്ഞു വേവലാതിപ്പെടണം, മരുന്നു കഴിക്കേണ്ട സമയമായാൽ ഇംഗ്ലീഷ് മരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള അവളുടെ വാദഗതികൾ സമ്മതിച്ച് കൊടുക്കണം..

മൊബൈൽ ശബ്ദിച്ചു.. ഇന്ന് പ്രൊജക്റ്റ് ഡിപ്ലോയ്മെന്റ് ദിവസമാണല്ലോ.. ഇനിയിപ്പോ മാത്യൂസിന്റെ ബി.പി കൂടും..തുരുതുരെ വിളിതുടങ്ങും..ഇതൊരു പതിവാണു. ഓഫീസിലേക്കിറങ്ങാൻ വൈകി..വന്ദനയുടെ അടുത്തു ചെന്നു നെറ്റിയിലൊന്നു തലോടി, പതിവു പല്ലവികളുടെ കെട്ടഴിച്ചു.. 

"ഞാനിന്നു ഓഫീസിൽ നിന്നു നേരത്തെ വരാം നമുക്കൊന്നു ഡോക്ടറെ കാണാം.. രാവിലെ ഓഫീസിൽ ചെന്നേ പറ്റൂ..ഇന്നി പ്രൊജക്റ്റ് ഡിപ്ലോയ്മെന്റ് ദിവസമാ.."

അതൊന്നും വേണ്ട..വൈകിട്ടാവുമ്പോഴേക്കും മാറും.. ഇത് മകരമാസത്തിലെ തണുപ്പു തുടങ്ങുമ്പോൾ എനിക്കു സ്ഥിരം ഉള്ളതാ..

വന്ദനയുടെ പുതിയ കണ്ടുപിടുത്തം. എല്ലാത്തിനും ഇങ്ങനെ എന്തെങ്കിലും  ഒരു ന്യായീകരണം ഉണ്ടാവും

ഹരിക്കുഞ്ഞേ.. ദേവകിചേച്ചിയാണ്. ബ്രേക്ക്ഫാസ്റ്റ് മേശയിൽ നിരത്തിക്കഴിഞ്ഞുള്ള പതിവു വിളി..

ഹരി കഴിച്ചോളൂ, ഞാനിത്തിരി നേരം കിടക്കട്ടെ..ഓഫീസിൽ പോവാൻ വൈകണ്ട..

വേഗം കഴിച്ച് നഗരത്തിന്റെ തിരക്കുകളിലേക്കിറങ്ങിയപ്പോൾ മനസ്സു മുഴുവൻ വന്ദനയായിരുന്നു.. പലപ്പോഴും അവളെ മനസ്സിലാക്കാൻ സാധിക്കുന്നില്ല..തന്നെപ്പോലെ അല്ല, അവൾ പഠിച്ചതും വളർന്നതും എല്ലാം നഗരത്തിൽ. വിവാഹം കഴിക്കുമ്പോൾ നല്ലകമ്പനിയിൽ ഉണ്ടായിരുന്ന ജോലി തന്റെ ട്രാൻസ്ഫറോടു കൂടി ഉപേക്ഷിച്ച അവളുടെ തീരുമാനം അന്നെല്ലാവരേയും അമ്പരപ്പിച്ചു.. ഒരു പരിധി വരെ തന്നേയും.ഞായറാഴ്ച്ചകളിൽ പുറത്തേക്ക് പോവാൻ ഇഷ്ടമില്ലാത്ത, തന്റെ നിഴലിൽ മറഞ്ഞിരിക്കാനിഷ്ടപ്പെടുന്ന, കണ്ണുകൾ കൊണ്ടൊരുപാട് സംസാരിക്കുന്ന അവൾ പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നുമുണ്ട്..

ഫോൺ നിർത്താതെ ചിലക്കുന്നു..കാർ പതുക്കെ റോഡിന്റെ അരികിലേക്കു ഒതുക്കി ഫോൺ എടുത്തു.. മാത്യൂസാണു.. ഒരു പ്രൊജക്റ്റ് മാനേജർ എന്ന നിലയിൽ ജോലിയോട് അദ്ദേഹം പുലർത്തുന്ന സത്യസന്ധത സമ്മതിക്കണം. രാത്രിയും പകലുമില്ലാതെ ജോലിചെയ്യും.. ടെൻഷൻ അടിക്കുന്നതിലും മറ്റുള്ളവരെ ടെൻഷൻ അടിപ്പിക്കുന്നതിലും മിടുക്കൻ.  ആം ഓൺ ദി വേ..വിൽ റീച്ച് വിത്തിൻ ടെൻ മിനിറ്റ്സ്”..ഇനി കൃത്യം പത്ത് മിനിറ്റുകൾക്കു ശേഷം മാത്യൂസ് വിളിക്കും..

ഓഫീസിലെ വിശേഷങ്ങൾ വന്ദന സ്വമേധയാ ഒന്നും ചോദിക്കാറില്ല. അങ്ങോട്ടെങ്ങാനും പറഞ്ഞാൽ പലപ്പോഴും അലക്ഷ്യമായ ഒരു മൂളൽ മാത്രം. ആദ്യമൊക്കെ ഓഫീസിലെ സംഭവവികാസങ്ങൾ അവളോടു പറയുമായിരുന്നു.പിന്നെ പിന്നെ അവൾ വലിയ താല്പര്യം പ്രകടിപ്പിക്കാതായപ്പോൾ അതങ്ങു നിന്നു
 
ഓഫീസിലോട്ട് ചെന്നു കേറിയപ്പോഴേ അവിടെ മാത്യൂസ് കാര്യങ്ങൾ ഒരു യുദ്ധസമാനമായ അന്തരീക്ഷത്തിലെത്തിച്ചിട്ടുണ്ട് എന്നു മനസ്സിലായി. എല്ലാവരോടും ഒന്നു ചിരിച്ചെന്നു വരുത്തി വേഗം സീറ്റിൽ ചെന്നിരുന്നു സിസ്റ്റം ഓണാക്കി. മെയിലുകൾ നോക്കാൻ‌ സമയം കിട്ടിയില്ല. അതിനു മുന്നേ മാത്യൂസ് ഓടി വന്നു.  പതിവുപോലെ ഉത്തരം‌ താങ്ങുന്ന പല്ലിയുടെ വിഷമങ്ങൾ‌.. ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു തോന്നാൻ മുഖത്തൽ‌പ്പം സഹതാപം ചാലിച്ചു ഇരുന്നുകൊടുത്തു. 

ഐ.ടി എന്ന ‘ഗ്ലാമറസ് ലോകം‌‘ (ചിലരുടെകണ്ണിലെങ്കിലും) സൃഷ്ടിച്ചിരിക്കുന്നതു മാത്യൂസിനെപ്പോലുള്ളവർക്ക് വേണ്ടിയാണെന്നു തോന്നുന്നു. പ്രൊജക്റ്റ്, ക്ലയന്റ് ഡിസ്കഷൻ, അപ്രൈസൽ,പിന്നെ സ്റ്റോക്ക് മാർക്കറ്റ് ..തീർന്നു. ആലോചിച്ചപ്പോൾ മുഖത്ത് വന്ന ഒരു ചെറുചിരി മാത്യൂസ് ശ്രദ്ധിച്ചു എന്നു തോന്നുന്നു. പെട്ടെന്നു തന്നെ അവിടെ നിന്നു പോയി.

വീക്കെൻഡ് എങ്ങനെയുണ്ട് മച്ചാ.. തൊട്ടടുത്ത കാബിലിൽ നിന്നു ജിജുവിന്റെ ചാറ്റ് മെസേജ്..
ഫൈൻ, ഡ്യൂഡ് എന്ന പതിവു മറുപടി കൊടുത്തു വീണ്ടും മെയിലുകളിലേക്ക് തലപൂഴ്ത്തി

Tuesday, December 7, 2010

ഒരു ശല്യം കൂടി....

എഴുതിവച്ച, അല്ലെങ്കിൽ എഴുതി കീറിക്കളഞ്ഞ ഡയറിക്കുറിപ്പുകൾക്കൊരു ശാപമോക്ഷം കൊടുക്കണമെന്ന് ആഗ്രഹിച്ചു തുടങ്ങിയിട്ട് കാലമേറെയായി. കാലതാമസം‌ സംഭവിച്ചത്  ബ്ലോഗ് എന്ന മീഡിയയുടെ ശക്തി അറിയാൻ‌ വൈകിയതുകൊണ്ടാണോ, അതോ “എല്ലാത്തിനും‌ അതിന്റേതായ സമയമുണ്ട് ദാസാ” എന്ന തിരുമൊഴിയിൽ വിശ്വസിക്കുന്നതുകൊണ്ടാണോ എന്നറിയില്ല .

എന്തായാലും എഴുതിവച്ച കുഞ്ഞുകഥകൾക്ക് (ഞാൻ‌ അവയെ ‘കഥ‘ എന്നാണു വിളിക്കുന്നത്) ശാപമോക്ഷം കൊടുക്കാൻ ഒരു ശ്രീരാമൻ‌ ജനിക്കും എന്ന അബദ്ധധാരണയില്ലാത്തതുകൊണ്ട്,  ഒരു ബ്ലോഗ് തുടങ്ങാമെന്നു കരുതി. ഏറെപഴകിയെങ്കിലും ഒരിക്കലും തേയാത്ത ‘ഗൃഹാതുരത്വവും’ പ്രണയവും പിണക്കവും തന്നെയാണു എനിക്കും പറയാനുള്ളത്.

എന്റെ പുള്ളിപ്പശുവിനെ ഞാൻ കാണാതെ പാത്തു പതുങ്ങി തൊടാനെത്തുന്ന കൃഷ്ണവേണിയും, കശുമാവിന്റെ മുകളിലെ കൊമ്പിൽ കയറിയിരുന്നാൽ‌ അകലെയുള്ള കോൾനിലങ്ങൾ കാണാമെന്നു പറഞ്ഞെന്നെ പറ്റിക്കാറുള്ള (ഒരിക്കൽ ഞാനൊന്നു കയറി, മുതിർന്നതിനുശേഷം) രാമേട്ടനും‌, രണ്ട് കൈ വിട്ട് സൈക്കിൾ ചവിട്ട് ഞങ്ങളുടേ ആരാധ്യപുരുഷനായി മാറിയ ശങ്കുവുമടക്കം കുറെ പേർ അവിടെ എന്റെ പഴയ നോട്ട് ബുക്കിന്റെ മുഷിഞ്ഞ താളുകളിൽ‌ ഒളിച്ചിരിക്കുന്നു.. ഇതിലെ ഒരു കഥാപാത്രവും നിങ്ങൾക്ക് പരിചയമില്ലാത്തതാണു എന്ന അവകാശാവാദമെനിക്കില്ല. കാരണം, നിങ്ങളിൽ നിന്നു വ്യത്യസ്തമായൊരു സർഗവാസനയോ, അനുഭവസമ്പത്തോ എനിക്കില്ല

എന്തായാലും എന്റെ കഥകളുടെ ലോകത്തേക്ക് നിങ്ങൾക്കും സ്വാഗതം.