മുൻ അദ്ധ്യായങ്ങൾ വലതുവശത്തുള്ള സൂചികയിൽ ക്ലിക്ക് ചെയ്താൽ വായിക്കാം
*****************************************************************************
“ഒന്നും പറയാറായിട്ടില്ല, ഇരുപത്തിനാലു മണിക്കൂർ ഒബ്സർവേഷനിലാണ്” ഡോക്ടർ തിടുക്കത്തിൽ നടന്നു പോയി.
അപ്പോഴേക്കും രാധേട്ടന്റെ അടുത്ത ചില ബന്ധുക്കൾ എത്തി. ചിലമുഖങ്ങൾ പരിചയമുണ്ട്. ആശുപത്രിയിൽ രണ്ട് പേരിൽ കൂടുതൽ നിൽക്കാൻ സമ്മതിക്കില്ല. ഓരോരുത്തരായി യാത്രപറഞ്ഞിറങ്ങി. കുട്ടികളിൽ രണ്ട് പേർ കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞു.
“ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം “ യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു.
തിരിച്ചുള്ള യാത്രയിൽ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. മുന്നിലെ സീറ്റിൽ സ്ഥാനം പിടിച്ച പയ്യൻ തലയും താഴ്ത്തി മൊബൈലിലെ കീപാഡിൽ തുരുതുരെ വിരലമർത്തുന്നുണ്ടായിരുന്നു. ഇടക്കൊന്നു ശ്രദ്ധിച്ചപ്പോൾ അവന്റെ മുഖത്ത് വിവിധ ഭാവങ്ങൾ വിരിയുന്നത് കണ്ടു. മൊബൈലും എസ് .എം.എസും സൃഷ്ടിക്കുന്ന ലോകം അവൻ നന്നായി ആസ്വദിക്കുന്നു.
“ഹരീ, കുറേ ശമ്പളമെണ്ണി വാങ്ങുന്നതല്ലേ, ഈ ഫോണോന്നു മാറ്റിക്കൂടേ” ശാശ്വതിന്റെ സ്ഥിരം അഭ്യർത്ഥനയാണ്. ക്യാമറയും ജി.പി.ആർ.എസുമില്ലാത്ത ഫോണിനെക്കുറിച്ച് അവനുമാത്രമല്ല, ചുറ്റുമുള്ള ഭൂരിഭാഗം പേർക്കും പുച്ഛമായിരുന്നു.
ഫോണിനെക്കുറിച്ചുള്ള ചിന്തകൾക്ക് ഭംഗം വരുത്തിയത് മൊബൈലിന്റെ തുടർച്ചയായ ശബ്ദമാണു. ഡാഷ്ബോർഡിലിരുന്ന ഫോൺ മുന്നിലിരുന്ന പയ്യൻ എടുത്തു നോക്കി, പിന്നെ എന്റെ നേരെ നോക്കി “കൃഷ്ണവേണി” എന്നു പിറുപിറുത്തു. വണ്ടി സൈഡിലേക്കൊതുക്കി ഫോണെടുത്തു.
“ഹരി, ദേവേട്ടന്റെ നമ്പർ ഒന്നു തരുമോ” കൃഷ്ണവേണിയുടെ നനഞ്ഞ ശബ്ദം. നനുത്ത വേനൽമഴ കരിയിലയിൽ വീഴുന്ന ഒരു പ്രതീതിയാണു..
“കയ്യിൽ ഇപ്പോഴില്ല, ഞാൻ വീട്ടിലെത്തിയിട്ട് അയച്ചു തരാം. ആം ഡ്രൈവിങ്ങ് നൌ. ബൈ”. ഫോൺ കട്ട് ചെയ്ത് മുന്നോട്ട് എടുക്കുമ്പോഴും സഹയാത്രികൻ മൊബൈലിലെ ബട്ടണുകൾക്ക് മേൽ താണ്ഡവമാടുകയായിരുന്നു
കൃഷ്ണവേണിയെ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടത് ഇച്ചേയിയുടെ ശ്രാദ്ധത്തിനു നാട്ടിൽ പോയപ്പോഴായിരുന്നു.
“ഇച്ചേയി മരിച്ചതറിയാൻ വൈകി.” ഉമ്മറത്തെ തൂണിനു പിന്നിൽ ചാരിനിന്നുകൊണ്ടുള്ള വേണിയുടെ സംസാരത്തിലെവിടെയോ ഒരു കുറ്റബോധത്തിന്റെ അംശം കലർന്നതായി തോന്നി. ഒരു പക്ഷെ അത് തന്റെ തോന്നലാവാം. ഇച്ചേയി എന്ന് ഞങ്ങൾ വിളിക്കുന്ന എന്റെ മൂത്ത ചേച്ചി മരിച്ചിട്ട് മൂന്ന് വർഷമായി. സ്വന്തം സഹോദരനായ തന്നെക്കാളും ഇച്ചേയിക്കിഷ്ടം വേണിയെയായിരുന്നു. അതിനാൽ തന്നെ കുട്ടിക്കാലത്ത് പ്രധാന ശത്രുക്കളിലൊരാളായി വേണി പെട്ടെന്നു തന്നെ മാറി.
സ്കൂളില്ലാത്ത ദിവസങ്ങളിൽ വീട്ടിലെ പശുവിനെ പറമ്പിൽ തീറ്റിക്കാൻ കൊണ്ട് പോവുക എന്ന ദൌത്യം തന്റെ തലയിലായിരുന്നു. ഒരുകയ്യിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ കമ്പും വീശി പശുവിനേയും കൊണ്ട് പറമ്പിൽ അലയുക എന്നത് തനിക്കേറെ ഇഷ്ടമുള്ള കാര്യവുമായിരുന്നു. പൂവാങ്കുറുന്നില പറിക്കാൻ വരുന്ന ശങ്കരൻ വൈദ്യരും അയിനിചക്കയുടെ കുരുപറക്കാൻ വരുന്ന അമ്മിണിയമ്മൂമ്മയും അടങ്ങുന്ന സുഹൃത് വലയം കൂടുതൽ വികസിച്ചത് ഈ ഗോപാലകവേഷത്തിന്റെ സമയത്തായിരുന്നു.
അന്ന് കൊയ്ത്ത് കഴിഞ്ഞ സമയമായതുകൊണ്ട് ഇച്ചേയി നെല്ല് പുഴുങ്ങുന്ന തിരക്കിലായി. ആ സമയത്താണു വേണി കൂടുതലടുത്തത്. പെൺകുട്ടികളോട് സംസാരിക്കുന്നത് ആൺകുട്ടികൾക്ക് കുറച്ചിലാണു എന്ന ധാരണയുള്ളതിനാലും വേണിയെ പലപ്പോഴും ശത്രുസ്ഥാനത്ത് നിർത്തിയിരുന്നതിനാലും അവളുമായി ഒരു അകലം പാലിച്ചിരുന്നു.
“ഹരി, മോക്ഷമി രണ്ട് കട വരുമ്പോൾ കൊണ്ടുവരണേ” എന്ന വേണിയുടെ അഭ്യർത്ഥന തള്ളിക്കളയാനും തോന്നിയില്ല. കർക്കടകമാസത്തിൽ ദശപുഷ്പം പൂജിക്കുന്ന ചടങ്ങിലേക്ക് ചെടികൾ പറച്ചുകൊടുക്കുക എന്നത് ഇച്ചേയി സ്ഥിരം തന്നെ ഏൽപ്പിക്കുന്നതാണു. ഇവളുടെ കയ്യിലെ വള ഊരിപ്പോവുമോ എന്നാണു ആദ്യം തോന്നിയത്. പിന്നെ ഒരു പെൺകുട്ടിയുടെ അഭ്യർത്ഥന തന്നിലെ ആൺകുട്ടിയുടെ അഭിമാനത്തെ ഉണർത്തി എന്നും പറയാം..
മുയൽചെവിയൻ പറിച്ചു കൊടുക്കുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയില്ല. കുറച്ചു ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോൾ അവൾ തന്നെയും നോക്കി ആ നിൽപ്പുതന്നെ നിൽക്കുന്നതു കണ്ടു. ചെറിയ ചമ്മലോടെ വീണ്ടും തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ‘നാളെ കാണാം‘ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് അവൾ നടന്നകന്നു. പിന്നീട് കർക്കടകമാസം കഴിയുന്നത് വരെ അതും പറഞ്ഞ് സ്ഥിരം പിന്നാലെ വരും.
“ഹരിക്ക് കൈനോക്കാനറിയുമോ?” വേണിയുടെ ചോദ്യം ഞെട്ടലിനൊപ്പം ചിരിയും വരുത്തി. “ഇല്ല” എന്ന് പറഞ്ഞ് നീട്ടിപ്പിടിച്ച വേണിയുടെ കയ്യിൽ കയ്യിലുണ്ടായിരുന്ന വടികൊണ്ട് ചെറിയ അടി കൊടുത്തപ്പോൾ അവളുടെ മുഖത്ത് ചെറിയ നിരാശ പരന്നു.
“എന്താപ്പോ കൈ നോട്ടമറിഞ്ഞട്ട്? രാജകുമാരനെപ്പോൾ വരുമെന്നറിയാനാണോ” തന്റെ കുസൃതിയോടെയുള്ള ചോദ്യത്തിന്റെ മുന്നിൽ പെട്ടെന്നു തലയും താഴ്ത്തി നടന്നകലുന്ന വേണിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞു വന്നു.
പെട്ടെന്ന് സാദിഖിന്റെ മൊബൈൽ ബെല്ലടിച്ചു. എസ്.എം.എസ് വായനയെ ശല്ല്യപ്പെടുത്തിയതിന്റെ ഒരു കെറുവ് അവന്റെ മുഖത്ത് കാണാം. ഫോൺ എടുത്ത് ഹെലോ പറഞ്ഞതും അവൻ ഗിയറിൻമേൽ ഇരുന്ന എന്റെ ഇടത് കൈ പിടിച്ചതും ഒരുമിച്ചായിരുന്നു…
ഫോൺ വച്ച് വിളറിയമുഖത്തോടെ എന്നെ നോക്കി. ഞാൻ വേഗംകുറച്ച് സൈഡ് ഒതുക്കുന്നതിനിടെ ചിതറിയ ശബ്ദത്തിൽ അവന്റെ ശബ്ദം ഞങ്ങളുടെ കാതിലേക്ക് എത്തി..
“രാധേട്ടൻ……..”
***********************