മുൻ അദ്ധ്യായങ്ങൾ വലതുവശത്തുള്ള സൂചികയിൽ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************'നീ കാറിലിരിക്കൂ, ഞാന്‍ മരുന്നൊക്കെ വാങ്ങി വരാം' ഹരി പതുക്കെ റോഡിനരികില്‍ വണ്ടിയൊതുക്കി പുറത്തേക്കിറങ്ങി. തിരക്കുള്ള റോഡ് ഹരി മുറിച്ച് കടക്കുന്നതും നോക്കി ഇരിക്കുമ്പോഴാണു ഹരിയുടെ മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടത്. വണ്ടിയോടിക്കുമ്പോള്‍ ഹരി മൊബൈല്‍ കീശയില്‍ വക്കില്ല. എടുത്ത് നോക്കിയപ്പോള്‍ ഡാലിയയാണു
'ഹരീ, എന്റെ മെസേജ് കിട്ടിയില്ലേ? അഭിനന്ദനംസ്…' ഒറ്റശ്വാസത്തില്‍ അവള്‍ പറഞ്ഞ് നിര്‍ത്തി.
'ഡാലീ, ഇത് വന്ദനയാണ്'
'വന്ദനാ, കണ്‍ഗ്രാറ്റ്‌സ്, എപ്പൊഴാ ട്രീറ്റ്, ഞങ്ങളെല്ലാം അങ്ങോട്ട് വരാനിരിക്കാ'
'ട്രീറ്റൊക്കെ ഹരീടടുത്തുന്നു വാങ്ങിയാല്‍ മതി. വിളിച്ചട്ട് വരണേ, ഉണ്ണാന്‍ നിക്കുന്ന രീതിയില്‍ വരുക'
'മറ്റൊരു കാര്യംകൂടി പറയാനാ വിളിച്ചെ, അതെ, അങ്ങനെ എന്റെ നമ്പറും വന്നു' അവസാനവാചകത്തില്‍ ഒരു ചമ്മലിന്റെ ലാഞ്ചന ഉണ്ടായിരുന്നോ എന്നൊരു സംശയം.
'ഡാലി, എന്താ, എനിക്ക് മനസ്സിലായില്ല, തെളിച്ചു പറയൂ' അല്ലെങ്കിലും നേരെ ചൊവ്വെ പറഞ്ഞാലേ തന്റെ തലയില്‍ കയറൂ.
'എന്റെ കാര്യം ഏതാണ്ടുറച്ച മട്ടാണ്. അവസാനം വന്ന കൂട്ടരുടെ കേസ് എല്ലാവര്‍ക്കും ഇഷ്ടമായി.'
'കണ്‍ഗ്രാറ്റ്‌സ് ഡാലി, അപ്പൊ ചിലവ് ഇങ്ങോട്ടാണു തരേണ്ടത്'
'ശരീട്ടോ, ഹരിയോട് പറഞ്ഞാല്‍ മതി, പിന്നെ വിളിക്കാം' അവള്‍ ഫോണ്‍ വച്ചതും ഹരി മരുന്നുമായെത്തിയതും ഒരുമിച്ചായിരുന്നു.
വണ്ടിയെടുക്കുമ്പോള്‍ ഡാലിവിളിച്ചകാര്യം ഹരിയോട് പറഞ്ഞു. ഹരി അതൊന്നും ശ്രദ്ധിക്കുന്ന മൂഡിലല്ല എന്ന് തോന്നുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെ ഫലം ഹരി നന്നായി ആസ്വദിക്കുന്നുണ്ട്. കുറെ സമയമായി വേറേതോ ലോകത്തിലാണു. കഴിഞ്ഞ മണിക്കൂറിനുള്ളില്‍ ഉപദേശങ്ങളുടെ പെരുമഴയായിരുന്നു. ആദ്യമായിട്ടാണു ഇങ്ങനെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഹരിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
വീട്ടിലേക്ക് ചെന്ന് കയറി കുറെ നേരത്തേക്ക് ഹരിയുടെ അമ്മയുടെ കാള്‍ ഉണ്ടായിരുന്നു. ചെയ്യാനുള്ള വഴിപാടുകളുടെ നീണ്ടലിസ്റ്റ്, പിന്നെ ഭക്ഷണക്രമം, കുളി അങ്ങനെ അമ്മയുടെ വകയും ആയി. അമ്മ ഇങ്ങോട്ട് വരാം എന്ന് പറഞ്ഞത് കേട്ടപ്പോള്‍ വല്ലാതെ സന്തോഷം തോന്നി. ആ നാട് വിട്ടു പോരാന്‍ അമ്മ സമ്മതിക്കും എന്ന് സ്വപ്നത്തില്‍ കൂടി വിചാരിച്ചതല്ല.
'കഴിഞ്ഞില്ലേ, അമ്മയും മകളുടേം പരദൂഷണം?' ഫോണ്‍ വച്ച് തിരിഞ്ഞപ്പോഴേക്കും ഹരി കുളികഴിഞ്ഞെത്തിയിരുന്നു
'എന്തായാലും ഹരി രക്ഷപ്പെട്ടു. അമ്മ ഇങ്ങോട്ട് വരികയാ. ഇനി വല്ലതും വായ്ക്ക് രുചിയായി കഴിക്കാലോ'
'ശരിക്കും?' ഹരിയുടെ ശബ്ദത്തില്‍ സന്തോഷം പ്രകടമായിരുന്നു
'ഉം, മറ്റന്നാള്‍ വിജയമ്മാമ കൊണ്ട് വന്നാക്കും, നാളെ വന്നേനെ, പക്ഷെ വെള്ളിലപ്പട്ടി അമ്പലത്തില്‍ നിറമാല നേര്‍ന്നട്ടുണ്ടത്രെ, അത് കഴിഞ്ഞ് മറ്റന്നാള്‍ വരും'
ഹരിക്ക് അമ്മയോടുള്ള സ്‌നേഹം ആദ്യമൊക്കെ അസൂയതോന്നിപ്പിച്ചിരുന്നു. പിന്നെ പിന്നെ ആ അമ്മയെ സ്‌നേഹിക്കാന്‍ താനും ശീലിച്ചു. അവരുടെ ലോകത്തില്‍ ഒരംഗമാവാന്‍ സാധിച്ചതില്‍ ഇന്ന് ഒരു കുഞ്ഞഭിമാനോം ഉണ്ട്.
രാവിലെതന്നെ പൂജാമുറിയൊക്കെ ഒന്നൊതുക്കി വൃത്തിയാക്കി വക്കണം. അമ്മക്ക് വേറെ നിര്‍ബന്ധങ്ങളൊന്നും ഉള്ളകൂട്ടത്തിലല്ല. അമ്മ വന്നാല്‍ പിന്നെ ദേവകിച്ചേച്ചിക്ക് അടുക്കളയില്‍ കയറണ്ടി വരില്ല. പാചകം അമ്മക്ക് തന്നെ ചെയ്താലേ തൃപ്തി വരൂ. അല്ലേലും അമ്മയുണ്ടാക്കുന്ന ആഹാരത്തിനു ഒരു പ്രത്യേകരുചിയാണു.
റൂമിലേക്ക് ചെന്നപ്പോള്‍ ഹരി ആരോടോ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുകയാണു. ഹരിയുടെ മുഖഭാവവും ഇടക്കിടക്കുള്ള 'താങ്ക്യു' ഉം ഒക്കെക്കൂടി ഒരു ഫോര്‍മല്‍ കണ്‍ഗ്രാച്യുലേഷന്‍ കാളാണു എന്ന് മനസ്സിലായി. ഓഫീസില്‍ കുറെ നാളായുള്ള പ്രശ്‌നങ്ങള്‍ ഹരിയെ വല്ലാതെ ഉലച്ചിട്ടുണ്ടായിരുന്നു. താന്‍ അധികം ചോദിക്കാറില്ലെങ്കിലും, കഴിഞ്ഞ ദിവസങ്ങളായി ഹരിയുടെ പെരുമാറ്റത്തില്‍ നിന്ന് അവിടത്തെ പ്രശ്‌നങ്ങളുടെ ഒരു ഏകദേശരൂപം മനസ്സിലായിരുന്നു. എന്തായാലും അതിനെക്കുറിച്ചൊക്കെ ഹരി മറന്നപോലുണ്ട്.
'ഡാലിയുടെ കല്ല്യാണം ഉറച്ചല്ലേ, പാവം കുട്ടിയാണു. ഒരു പ്രാരാബ്ദക്കാരി. ഐ.ടിയിലൊന്നു വന്ന് ചേരേണ്ട കാരക്റ്ററും അല്ല.' ഹരി ലാപ് ഷട്ട് ഡൌണ്‍ ചെയ്യുന്നതിനിടെ പറഞ്ഞു.
'ഉം, അവള്‍ക്ക് നല്ല ടെന്‍ഷനുണ്ടെന്ന് തോന്നുന്നു. അനിയന്റെ പഠിപ്പ് ആണു അവള്‍ടെ വലിയ ടെന്‍ഷന്‍ലേ?'
'അതേ, നല്ലോണം അദ്ധ്വാനിക്കുന്ന കുട്ടിയാണവള്‍. എനിക്കൊരു ബഹുമാനം തോന്നിയ കുട്ടി. നന്നായി വരട്ടെ..'
'നാട്ടില്‍ പോവാനുള്ള പരിപാടി നടന്നില്ലല്ലേ ഹരീ, കാവിലൊക്കെ ഒന്നു പോണംന്നുണ്ടായിരുന്നു.' ശരിക്കും ഒരു നിരാശ ഉണ്ടതില്‍. ഹരിയുടെ നാട് തന്നെ വല്ലാതെ വശീകരിച്ച ഒന്നാണു. കാവും പുഴയും പാടവും നാട്ടുവഴികളും പിന്നെ ഹരിയുടെ മടിയില്‍ തലവച്ച് കിടക്കുമ്പോള്‍ ഹരി പറയാറുള്ള കഥകളും ഒക്കെ വല്ലാതെ മിസ് ചെയ്തു.
'അതിനീം പോവാലോ, നീ മരുന്നു കഴിച്ചോ?'
'കഴിക്കാന്‍ പോണേ ഉള്ളൂ' ഒരു പിടിമരുന്നുണ്ട് ഇനി എല്ലാദിവസവും. ഇതിനോളം ഇഷ്ടമില്ലാത്ത കാര്യമില്ല. പക്ഷെ നിവൃത്തിയില്ലല്ലോ
'നാളെ നേരത്തെ എണീക്കണം, രാവിലെത്തന്നെ സി.ഇ.ഒ യുടെ മീറ്റിങ്ങ് ഉണ്ട്, ഇനി അതെന്ത് കുരിശാണാവോ' ഹരിയുടെ സ്വരത്തില്‍ വല്ലാത്ത ഒരു വേവലാതി ഉണ്ടായിരുന്നു..
രാവിലെ നേരത്തെ എണീറ്റ് അടുക്കളയിൽ ചെന്നപ്പോഴേക്കും ചേച്ചി പണിതുടങ്ങിയിരുന്നു.
“മോളെന്തിനാ നേരത്തെ എണീറ്റേ?”
രാവിലെ ഇഡ്ഡലി മതിയെന്ന് ഇന്നലെ പറഞ്ഞിരുന്നു. സാമ്പാറിനായി ചേച്ചി കഴുകി വച്ചിരിക്കുന്ന വെണ്ടക്ക മുറിക്കാനൊരുങ്ങിയപ്പോൾ ചേച്ചിയുടെ വകചോദ്യം.
“എനിക്കങ്ങനെ ക്ഷീണമൊന്നും തോന്നുന്നില്ല ചേച്ചീ” കുക്കിങ്ങിനു ചേച്ചിക്ക് നല്ല സ്പീഡാണു. നിത്യത്തൊഴിലഭ്യാസി എന്നല്ലേ. കൂടുതലും ചേച്ചിക്ക് ഒറ്റക്ക് ചെയ്യുന്നതാണു ഇഷ്ടം.
പെട്ടെന്നാണോർത്തത് ഇന്ന് ഹരിക്ക് നേരത്തെ ഓഫീസിൽ പോവണമെന്ന് പറഞ്ഞിരുന്നു . ചായയുമെടുത്ത് വിളിച്ചുണർത്താൻ ചെല്ലുമ്പോഴേക്കും ഹരി എണീറ്റുകഴിഞ്ഞിരുന്നു. ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണു ഹരിയുടെ മുഖം ശ്രദ്ധിച്ചത്. ആകെ വല്ലാതിരിക്കുന്നു. ഓഫീസിൽ കാര്യമായെന്തോ പ്രശ്നം നടക്കുന്നുണ്ട്
“എന്തേ ഹരി, എന്തിന്റെ മീറ്റിങ്ങ് ആണു ഓഫീസിൽ?”
തന്റെ ചോദ്യം ഹരിയിൽ അത്ഭുതം സൃഷ്ടിച്ചു എന്നു ആ മുഖഭാവത്തിൽ നിന്നു മനസ്സിലായി. കുറെ കാലമായി ഹരിയുടെ ഓഫീസ് കാര്യങ്ങളെക്കുറിച്ച് തീരെ അന്വേഷിക്കാറില്ലല്ലോ.
“ഹും,കാര്യങ്ങളുടെ പോക്കത്ര നല്ലരീതിയലല്ല. ശമ്പളം വൈകിത്തുടങ്ങി. പലരേയും ഫയർ ചെയ്യാനുള്ള ചാൻസുണ്ട്. ഇന്നത്തെ മീറ്റിങ്ങ് അതിനെക്കുറിച്ചൊക്കെ ആവാനാണു സാധ്യത.”
“ഹരി ടെൻഷനടിക്കണ്ട, കുറെയോക്കെ ഊഹാപോഹങ്ങൾ മാത്രമാവാനാണു സാധ്യത” ഒന്നു ആശ്വസിപ്പിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി
ഒന്നമർത്തിമൂളിക്കൊണ്ട് ഹരി എണീറ്റു.
ഹരി ഓഫീസിൽ പോയിക്കഴിഞ്ഞ്, റൂമിൽ വന്ന് കുറച്ച് നേരം കിടക്കാൻ തുടങ്ങുമ്പോഴാണു ഹരിയുടെ മെസേജ്. “മരുന്നു കഴിച്ചോ” എന്ന് ചോദിച്ച്. റിപ്ലെ അയച്ച് വന്ന് കിടന്നു. പുസ്തകങ്ങളുമായി വളരെ അകന്ന ബന്ധമാണു തനിക്കുള്ളതെങ്കിലും, ഹരിയുടെ കയ്യിൽ നല്ലൊരു പുസ്തകശേഖരമുണ്ട്. അതിൽ നിന്നൊരു പുസ്തകമെടുത്ത് ചുമ്മാ മറിച്ചു നോക്കി. ഒരു കവിതാ സമാഹാര പുസ്തകം.. പലരുടേതായി കുറെ ചെറിയ കവിതകൾ. ചിലപ്പോ അത്ഭുതം തോന്നാറുണ്ട്, ഇതും വായിച്ച് സമയം കളയാൻ ഹരിക്കെങ്ങനെ തോന്നുന്നു എന്നു. ചുമ്മാതൊരു പേജ് തുറന്ന് നോക്കിയപ്പോൾ കണ്ട വരികൾ ഒരു പുന:വായനക്കു പ്രേരിപ്പിച്ചു
“എന്റെ നിഴലിന്റെ അറ്റത്ത്, നിന്റെ
കുനിഞ്ഞ മുഖം ചേർത്തു വച്ചു
എനിക്കായ് കുഴച്ച് വച്ച പുത്തരിച്ചോറിൽ
നിന്റെ മുലപ്പാലിൻ സ്വാദ് ചേർത്തു
എന്റെ ജീവിതാഭാസഘോഷയാത്രയിൽ, നീ
ചോരയൂറും നിശബ്ദതയാൽ താളമിട്ടു.
……..
പകുതി മനസ്സിലായില്ലെങ്കിലും കവിത വായിച്ചെത്തിച്ചു. അടുത്തകവിതയിലേക്ക് നോട്ടമെത്തും മുന്നെയാണു പെട്ടെന്ന് കവിയുടെ പേരു ശ്രദ്ധിച്ചത്. ഹരി കിഴായൂർ. ഇത്രകാലമായിട്ടും ഹരി അതിനെപറ്റി പറഞ്ഞട്ടില്ല. ഈ വർഷങ്ങൾക്കിടയിൽ അനേകം തവണ ഈ പുസ്തകങ്ങൾ പൊടിതുടച്ച് വക്കാറുണ്ടെങ്കിലും താനും ഒന്നും തുറന്ന് വായിക്കാൻ മിനക്കെട്ടിട്ടുമില്ല. കവിതകളോടും ആ നാടിനോടുമുള്ള ഹരിയുടെ സ്നേഹം, ഹരിയുടെ ഭാഷയിൽ ആക്രാന്തം, തനിക്കറിയാത്തതല്ല. എന്നിരുന്നാലും ഹരി എഴുതുമെന്ന് കരുതിയില്ല. ഒരുപാട്കാര്യങ്ങൾ പറയുന്ന, തന്നെ പലപ്പോഴുമൊരു കേൾവിക്കാരിയുടെ സ്ഥാനം മാത്രം നൽകുന്ന തരത്തിൽ സംസാരത്തിൽ ഡോമിനേറ്റ് ചെയ്യുന്ന ഹരി ഇത് പറയാത്തെന്താവും എന്നൊരു പിടിയുംകിട്ടുന്നില്ല. ചിലപ്പോൾ കവിതയോടുള്ള തന്റെ താൽപ്പര്യക്കുറവ് കാരണമായിരിക്കും.
ഹരിയുടെ നാട്ടിൽ പോവുമ്പോൾ വൈകുന്നേരങ്ങളിൽ ഹരിയുടെ കൂടെ നടക്കാനിറങ്ങുക പതിവുണ്ട്. പനകൾ വരിയായി നിൽക്കുന്ന നാട്ടുവഴികളിലൂടെ, ഉണങ്ങിയ പാടത്തിന്റെ അരികിലൂടെ, പുഴ ലക്ഷ്യമാക്കി നടക്കുമ്പോൾ ഹരി വേറൊരാളായി പോവുന്നതു പോലെ തോന്നാറുണ്ട്. അവിടെയുള്ള ഓരോ മരത്തിനെ കുറിച്ചും, എന്തിനു സന്ധ്യക്ക് കൂടണയാൻ വെമ്പിപ്പറക്കുന്ന കിളിക്കൂട്ടങ്ങളെക്കുറിച്ചും ഹരിക്കോരോ കഥപറയാനുണ്ടാവും. ഇടക്കൊക്കെ മൂളിക്കൊടൂക്കുക എന്ന കാര്യം മാത്രമേ ഹരി തന്നിൽ നിന്നു പ്രതീക്ഷിക്കൂ.
പുഴയിലേക്കുള്ള ഓരോ യാത്രയിലും എന്തെങ്കിലും ഹരി കയ്യിൽക്കരുതും. അവിടെ നിന്ന് അസ്തമയം കണ്ട് പയ്യെ തിരിച്ചു നടക്കുമ്പോൾ ആ മണൽപ്പരപ്പിൽ ഒരു കുഴിയുണ്ടാക്കി അതിട്ടു മൂടും. ഈ ഒരു വട്ടിനെപറ്റി ചോദിച്ചതിനുമാത്രം ഇതു വരെ വ്യക്തമായ ഒരു മറുപടി കിട്ടിയിട്ടില്ല. അലക്ഷ്യമായ ഒരു നോട്ടമോ, നിർജ്ജീവമായ ഒരു ചിരിയോ മാത്രം മറുപടിയായുണ്ടാവും. ഒരിക്കലെന്തോ ഒരു അന്തവും കുന്തവുമില്ലാത്ത ഒരു മറുപടി പറഞ്ഞു. “അടുത്ത ഒരു ജന്മത്തിൽ എനിക്കാവശ്യമുള്ള കാര്യങ്ങളാണു, അന്ന് വന്നെനിക്ക് എടുക്കാനുള്ളതാ”. അന്നത് കേട്ട് കുറെ ചിരിച്ചു.
ഹരിയുടെ മീറ്റിങ്ങ് എന്തായോ ആവോ. മീറ്റിങ്ങിനിടയിൽ എസ്.എം.എസ് അയക്കുന്നത് ഹരിക്കിഷ്ടമല്ല. കഴിഞ്ഞാൽ പറയുമായിരിക്കും. പുറത്തേക്ക് നടന്ന് ഗേറ്റ് വരെ ചെന്ന് മെയിൽ ബോക്സ് തുറന്നു നോക്കി. മൂന്ന് കത്തുണ്ട്. ഒരെണ്ണം ഹരിയുടെ മൊബൈൽ ബിൽ ആണ്, പിന്നൊന്ന് എൽ.ഐ.സിയിൽനിന്ന്, പിന്നെയുള്ളത് ഇൻഷുറൻസ് പ്രീമിയം സംബന്ധിച്ച ഒരു കത്തും. ഈ മാസം കുറെ പൈസ ആ വഴിക്ക് പോവും എന്ന് തോന്നുന്നു. ഹോം ലോൺ വക നല്ലൊരു തുക മാസം വേറെ പോവുന്നുണ്ട്.
“മോളേ, ഫോൺ അടിക്കുന്നുണ്ടെന്ന് തോന്നുന്നു” ചേച്ചിയുടെ വിളിച്ചു പറഞ്ഞതു കേട്ട് വേഗം ചെന്ന് മൊബൈലെടുത്തു നോക്കി. മെസേജാണു. ഹരിയുടെ
“കമ്പനി പകുതി പേരെ പറഞ്ഞു വിടുന്നു. ശമ്പളത്തിലും മറ്റും കുറച്ച് ഭേദഗതികളും വരുത്തുന്നു.”
ഹരിയെ വിളിച്ചു നോക്കി. രണ്ട് ബെല്ലടിച്ചപ്പോഴേക്കും ഹരി ഫോൺ കട്ട് ചെയ്തു.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു മെസേജ് കൂടെ.
“റിലീവിങ്ങ് നോട്ടിസ് പിരിയഡ് എടുത്തുമാറ്റി, ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പോവാം. “
********************
അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക