Monday, March 21, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ പതിനൊന്ന്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************

മെസേജ് കണ്ടപ്പോൾ‌ ഒരുപാട് സന്തോഷം തോന്നി. വന്ദന പ്രെഗ്നന്റ് ആണു. വേഗം ഹരിക്ക് കൺ‌ഗ്രാറ്റ്സ് പറഞ്ഞ് ഒരു മറുപടി അയച്ചു. കല്ല്യാണം കഴിഞ്ഞിത്രനാളായിട്ടും കുഞ്ഞുങ്ങളാവാത്തത് ഹരിയെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമായിരുന്നു.

“ഹരിയുടെ ഒരു വലിയ ട്രീറ്റ് ഉണ്ടല്ലോ” മാത്യൂസാണു.

“പിന്നെ ഇല്ലാതെ, അങ്ങനെ ഇത്തവണ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല”.

മാത്യൂസ് കസേര‌ വലിച്ചിട്ടടുത്തിരുന്നു.

“ശമ്പളം ഡിലേ ആവുന്നത് അത്ര നല്ല ലക്ഷണമല്ല. പലരും വേറെ ട്രൈ ചെയ്യുന്നു എന്നു കേൾക്കുന്നു.  മാഡമാണെങ്കിൽ ഒന്നും വ്യക്തമായി പറയുന്നുമില്ല. “ മാത്യൂസ് മുന്നിലെ സ്ക്രാപ്ബുക്കിൽ‌ പെൻസിൽ വച്ച് അലക്ഷ്യമായി കുത്തിവരച്ചുകൊണ്ട് പറഞ്ഞു. ഒന്നും മറുപടി പറയാൻ തോന്നിയില്ല. എന്തെങ്കിലും തന്നിൽ‌ നിന്നു വിട്ടുകിട്ടാനുള്ള തന്ത്രമാണു. ആദ്യമൊക്കെ ഈ ലോഹ്യം പറച്ചിലിന്റെ അർ‌ത്ഥം മനസ്സിലാക്കാതെ പലതും പറഞ്ഞിരുന്നു. ഒന്നു രണ്ട് അനുഭവത്തോടെ മതിയായി.

അധികം പ്രതികരണം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവത്തതു കാരണമാണോ എന്നറിയില്ല, മാത്യൂസ് വേഗം എഴുന്നേറ്റ് പോയി.  അങ്കിളിന്റെ ഫോൺ‌ പിന്നേയും ചിന്തകളിൽ നിന്നുണർത്തി.

“നാളെ രാവിലെ ലീവെടുത്തേക്കണം. അന്ന് പറഞ്ഞില്ലേ, എസ്.ബി.ഐയിൽ‌ ജോലി ചെയ്യുന്ന..അവർ‌. ഹാഫ്ഡേ എടുത്താൽ മതിയാവും‌“. മാത്യൂസിനോട് ലീവ് പറയാൻ‌ പകുതിവഴി എത്തിയതാ‍ണു. പിന്നെ തോന്നി, നാളെ രാവിലെ വിളിച്ചുപറയാം എന്ന്. ലീവ് എടുക്കുന്നത് മാത്യൂസിനെ സംബന്ധിച്ചിടത്തോളമൊരു മഹാപരാധമാണു.

മെയിലെടുത്ത് നോക്കി, ആ പ്രൊഫൈൽ ഐഡി കണ്ടുപിടിച്ചു. ഒന്നുകൂടി വെബ്സൈറ്റി പരതി നോക്കി. വലിയ കുഴപ്പമില്ലാത്ത ഒരു പ്രൊഫൈൽ‌. കാണാനും പക്വതവന്ന ഒരു മുഖം‌.


“ ഒരില ചോറ്, അല്ല, ചിക്കൻഫ്രൈ കിട്ടുമോ ചക്കരേ” മാട്രിമോണി സൈറ്റ് നോട്ടം കണ്ടുകൊണ്ട് വന്ന സ്നേഹയുടെ കളിയാക്കലും കയ്യിൽ ഒരു നുള്ളലും ഒരുമിച്ചായിരുന്നു.

“നാളെ കലാപരിപാടിയുണ്ട് മോളേ.. രാവിലെ ലീവാ.”  സ്നേഹ അധികം അവിടെ നിന്നില്ല. ശമ്പളം വൈകിയതിനു എല്ലാവരുടേയും ദേഷ്യം അവളോടായിരിക്കും എന്ന് അവൾക്കറിയാം. പാവം.

വൈകീട്ട് പണികൾ തീർത്ത് നേരത്തെ കിടന്നു. രാവിലെ നേരത്തെ തന്നെ അങ്കിളും ആന്റിയും വന്നു. ഈ പരിപാടി ബോറടിച്ചു തുടങ്ങിയിട്ടു കുറെ കാലമായി. ചില അരസികന്മാരുടെ ചോദ്യോത്തര പരിപാടികളും അവസാനം ബന്ധുജനങ്ങളുടെ വിലപേശലും‌ അളന്നു തൂക്കലും ..

പത്തുമണിയോടെ അവരെത്തി. പയ്യനും പയ്യന്റെ അപ്പനും അമ്മയും പിന്നെ അവരുടെ ഒരു അങ്കിളും മാത്രം‌. ഒരു എക്സിക്യുട്ടീവ് മോഡലിൽ ഡ്രസ് ചെയ്തിരുന്ന പയ്യൻ ഫോട്ടോയിൽ കണ്ടതിൽ നിന്നും അധികം വ്യത്യസ്തനായിരുന്നില്ല. പയ്യന്റെ അപ്പനും അമ്മയും സ്കൂൾ ടീച്ചേഴ്സ് ആയിരുന്നു എന്ന് അവരെ കണ്ടാൽ തന്നെ മനസ്സിലാവും. ഒരു ടിപ്പിക്കൽ  ക്ലീഷേ അധ്യാപകലക്ഷണമുണ്ട് രണ്ട് പേർക്കും.

അനിയനോടും അമ്മച്ചിയോടും അങ്കിളിനോടുമൊക്കെ സംസാരിച്ച് പതുക്കെ അമ്മ തന്റെ അടുത്തേക്ക് വന്നു.

“മോളിന്ന് ലീവെടുത്തല്ലേ, ജോലി എങ്ങനെ പോവുന്നു? ”

ഒരുതവണയും ഇല്ലാതിരുന്ന ഒരു പരിഭ്രമം‌ വാക്കുകളിൽ വന്നോ എന്നൊരു സംശയം. ആകെ ഒരു തപ്പും തടസ്സവും‌. അതുകണ്ടിട്ടാവണം അവർ‌ തുടർന്നു,

“എന്റെ അനിയത്തിയുടെ മകനും സോഫ്റ്റ്‌വെയർ എഞ്ചിനീയറാണു. നല്ല പണിയാണെന്ന് അവൻ‌ എപ്പോഴും പറയാറുണ്ട്. ജോലി, അതെന്തായാലും ആത്മാർത്ഥമായി ചെയ്യുക. ഓരോ ജോലിക്കും അതിന്റേതായ ഒരു രീതിയുണ്ടല്ലോ. പിന്നെ ഞങ്ങളെക്കുറിച്ചൊക്കെ അറിയാമോ?” അവർ ചിരിച്ചുകൊണ്ട് ചോദിച്ചു. ചിരിക്കുമ്പോൾ അവരുടെ മുഖത്തിനു നല്ല ഐശ്വര്യം‌. ഒരു പഴയ‌  സിനിമാനടിയെപ്പോലെ തോന്നിച്ചു

“ജോലി കുഴപ്പമില്ല. അത്ര പ്രഷറില്ല ഇപ്പോൾ”. അപ്പോഴേക്കും‌ ഹാളിൽ‌ അങ്കിളിന്റെ പൊട്ടിച്ചിരി കേട്ടു. അവരെന്തോ തമാശ പറഞ്ഞ് ചിരിക്കുകയാണു.

“മോൾ‌ ഇവിടെനിൽക്കൂ.ഞാനവനെ പറഞ്ഞ് വിടാം. നിങ്ങൾ സംസാരിക്കൂ” എന്ന് പറഞ്ഞു അവർ‌ ഹാളിലേക്ക് പോയി.

പിന്നെയും‌ പരിഭ്രമം‌ കൂടിയെന്ന് ഹൃദയമിടിപ്പിന്റെ താളത്തിൽ നിന്നും മനസ്സിലായി.

“പതിവു ചടങ്ങുകൾ തെറ്റിക്കുന്നില്ല. പേരൊക്കെ അറിയാലോലെ. ഞാൻ എസ്.ബി.ഐയിൽ ജോലി ചെയ്യുന്നു. രണ്ട് വർഷമായി. ബാക്കിയെല്ലാം ബയോഡാറ്റയിൽ കണ്ട് കാണും” ചിരിച്ചമുഖത്തോടെയുള്ള പുള്ളിക്കാരന്റെ സംസാരം‌ പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമായി

“കണ്ടിരുന്നു, ഇപ്പൊ ബാംഗ്ലൂരാണല്ലേ, ഇങ്ങോട്ട് ട്രാൻസ്ഫർ?”

“ഈവർഷം അവസാനം ലഭിക്കും. പേപ്പേഴ്സ് എല്ലാം നീക്കിയിട്ടുണ്ട്. എനിക്കും എത്രയും വേഗം നാട്ടിൽ വന്ന് സെറ്റിൽ ചെയ്യണമെന്നാണാഗ്രഹം‌. നിങ്ങൾ‌ ഐ.ടിക്കാരുടെ പറുദീസയാണല്ലോലേ, എന്റെ ട്രാൻസ്ഫർ കാൻസൽ ചെയ്യേണ്ടി വരുമോ?” ഒരു കുസൃതിയോടെയുള്ള ഈ ചോദ്യം തീരെ പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് തന്നെ ഒന്നു ചമ്മി.

പിന്നെ പതിവു പോലെ ചില ചോദ്യവും ഉത്തരവും. പക്ഷെ ഇപ്രാവശ്യം സംസാരിക്കാൻ തന്റെ ഭാഗത്തു നിന്നു ഒരു ശ്രമവും നടന്നു എന്നതാണു സത്യം‌.

പോവാൻ നേരത്ത് അങ്കിളും അവരുടെ പപ്പയും ഒക്കെ മാറിനിന്നു അൽ‌പ്പനേരം സംസാരിക്കുന്നുണ്ടായിരുന്നു. അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ‌ അങ്കിൾ വീട്ടിനുള്ളിലേക്ക് വന്ന് ഉറക്കെ പറഞ്ഞു.

“അവർക്കിഷ്ടമായി. അവർ നമ്മളെ പറ്റി നന്നായി അന്വേഷിച്ചിട്ടൊക്കെയാണു വന്നത്. അവർക്കിനി ആരോടും ചോദിക്കാനില്ല. നമ്മളുടെ അഭിപ്രായം മാത്രം അറിഞ്ഞാൽ മതി. എനിക്കറിയാവുന്ന കൂട്ടരാണു, അതുകൊണ്ട് തന്നെ ചുറ്റുപാടുകളെക്കുറിച്ചൊക്കെ ഇനി അന്വേഷിക്കേണ്ട കാര്യവുമില്ല. ഇനി ഡാലിയയുടെ അഭിപ്രായമാണറിയേണ്ടത്. നീ എന്തു പറയുന്നു?”

********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക