Monday, December 13, 2010

നോവൽ‌‌ - അദ്ധ്യായം രണ്ട്

സ്വപ്നത്തിന്റെ  അച്ചുകള്‍ തേടുന്നവര്‍  - ഭാഗം രണ്ട്

(ഒന്നാമത്തെ ഭാഗമിവിടെ വായിക്കാം)

ഹരി, നീ വരുന്നോ കഴിക്കാൻ‌? മുഖമുയർ‌ത്തിനോക്കിയപ്പോൾ‌ വിനോദ് ടിഫിൻ ബോക്സുമായി ഭക്ഷണം‌ കഴിക്കാൻ തയ്യാറെടുത്തു നിൽ‌ക്കുന്നു. അപ്പോഴാണു ഇന്ന് ഉച്ചഭക്ഷണം‌ കൊണ്ടു വരാൻ മറന്ന കാര്യം‌ ഓർമ്മ വന്നത്. ഇനി കാന്റീൻ തന്നെ ശരണം‌. എന്തായാലും‌ ഓഫീസിനു പുറത്തേക്കിറങ്ങണം. വന്ദനയ്ക്കെങ്ങനെ ഉണ്ട് എന്നു വിളിച്ചന്വേഷിക്കുകയും വേണം.

വിളിക്കാനായി ഫോണെടുത്തതും‌ വീട്ടിൽ നിന്ന് അമ്മയുടെ ഫോൺ‌ വന്നതും ഒരുമിച്ചായിരുന്നു.


“നീ ഈ ആഴ്ചവരുന്നില്ലേ. അപ്പുക്കുട്ടേട്ടന്റെ മോളുടെ കല്ല്യാണ നിശ്ചയമാണു ഈ ശനിയാഴ്ച. മറക്കണ്ട. നിന്റെ കാര്യങ്ങൾക്ക് അവരെല്ലാം വന്നിരുന്നു. പോവാതിരിക്കാൻ പറ്റില്ല.ആ പിന്നെ വടക്കേലെ ശങ്കരൻ മരിച്ചു. ഇന്നലെ രാവിലെ. എലിപ്പനിയായിരുന്നു. ഇന്നലെതന്നെ സംസ്കാരോം‌ കഴിഞ്ഞു.”


ഞെട്ടിയില്ല. പക്ഷെ ശരീരത്തിന്റെ ഭാരം‌ കുറഞ്ഞ് ഒഴുകി നടക്കുന്നപോലെ…അമ്മയുടെ തുടർന്നുള്ള വാ‍ക്കുകളൊക്കെ ഒരുപാട് കാതങ്ങൾക്കകലെനിന്നൊഴുകി വരുന്ന പോലെ…മനസ്സ് മുഴുവൻ ശങ്കരേട്ടനെ ചുറ്റിപ്പറ്റിയായിരുന്നു.

കുട്ടിക്കാലത്ത് ഞങ്ങളുടെ ഹീറോയായിരുന്നു ശങ്കരേട്ടൻ‌‌. ഒരു തോർത്തുമുണ്ടും ധരിച്ച് കയ്യിലൊരു വെട്ടുകത്തിയോ കൈകോട്ടോ ആയി തിരക്കുപിടിച്ച് നടന്നു നീങ്ങുന്ന ആ രൂപം‌ ഞങ്ങൾ‌ക്ക് സുപരിചിതവുമായിരുന്നു.

അമ്മയുടെ വീട്ടിൽ വിഷൂനും ഓണത്തിനുമൊക്കെ ചെല്ലുമ്പോൾ‌ “ശ്ശൂരെ കുട്ടി വന്നോ” എന്ന് ചോദിച്ച് ഓടിയെത്തുന്ന ശങ്കരേട്ടനോട് എനിക്കെന്തോ ഒരടുപ്പം‌ തോന്നിയിരുന്നു. വൈകീട്ട് പണികഴിഞ്ഞ് ശങ്കരേട്ടൻ വരുമ്പോൾ‌ കടപ്പറമ്പത്ത് കാവ് വരെ നടക്കാൻ എന്നേം കൊണ്ടു പോവും. സർ‌പ്പക്കാവിനും പാടങ്ങൾക്കും ഇടയിലൂടെ റെയിൽ‌വേ ട്രാക്ക് കടന്ന്, ഇരുവശവും പനകൾ നിറഞ്ഞ ആ വള്ളുവനാടൻ വഴികളിലൂടെ ശങ്കരേട്ടന്റെ കൂടെയുള്ള യാത്ര മനസ്സിൽ നിന്നും പോവുന്നുമില്ല. വഴിയിലൂടെ വരുന്നവരോടെല്ലാം “ശ്ശൂരുള്ള നാരാണീടെ മോനാ” എന്ന് പരിചയപ്പെടുത്തിയും‌ എന്റെ പിന്നാലെ ഓടിയെത്തിയും കഥകൾ പറഞ്ഞുമൊക്കെയാണു യാത്രകൾ‌.


ശങ്കരേട്ടാ, എന്താ കാവില് കാണുന്ന ആ വെളിച്ചം?

അതു കുട്ട്യേ, നാഗങ്ങൾ‌ മാണിക്യം കൊണ്ട് നടക്കുന്ന സ്ഥലമാ..അങ്ങോട്ടോന്നും ഇപ്പൊ നോക്കണ്ട.


പാടത്തിനരികിലുള്ള ആ സർപ്പക്കാവ് അന്നു മുതൽ‌ എന്റെ സ്വപ്നങ്ങളിലെ നാഗദൈവങ്ങളുടെ ആവാസസ്ഥലമായി മാറി.. നാഗമാണിക്യം‌ തലയിൽ ചൂടിയ നാഗരാജാവും ആ സർപ്പക്കാവും അതിലെ പാടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന അരയാൽ മരത്തിലെ കടവാവലുകളും സ്വപ്നത്തിലേക്ക് വന്ന് എന്റെ ഉറക്കം കളഞ്ഞ രാത്രികൾ ഒരുപാടുണ്ട്.. വന്ദനയോട് വിശദീകരണം പറഞ്ഞ് മടുത്ത നാളുകൾ‌..


പൊഴേലിപ്പൊഴും വെള്ളോണ്ടാവോ ശങ്കരേട്ടാ..
എവിടെ..മേടമാസമല്ലേ.. തിരുമിറ്റക്കോട്ട് അമ്പലത്തിനടുത്ത് മുങ്ങാൻ‌ പാകത്തിനിത്തിരി വെള്ളണ്ടാവും‌.അതും ജാസ്ത്യൊന്നൂല്ല്യ.

ശങ്കരേട്ടൻ നന്നായി നീന്തും. വെള്ളിലപ്പെട്ടി അമ്പലത്തിലെ കുളത്തിൽ ഞങ്ങളെ കരക്കിരുത്തി മുങ്ങാങ്കുഴിയിടുകയും മലർന്നുനീന്തിയും ഞങ്ങളുടെ കയ്യടി വാങ്ങുന്നത് ശങ്കരേട്ടനൊരു ഹരമായിരുന്നു.


ഇതിന്റടിയിൽ‌ ഒരു കൊട്ടാരണ്ട്..മുത്തും‌ പവിഴൊക്കെ പതിച്ച ഒരു കൊട്ടാരം‌. ദേവിക്ക് വിശ്രമിക്കാനുള്ളതാ… മുങ്ങി നിവർന്നു വന്ന് കരയിലിരുന്ന എന്നേം മാളുവിനേയും നോക്കി ശങ്കരേട്ടന്റെ വെളിപ്പെടുത്തൽ


മാളുവിന്റെ മുഖത്ത് ആശ്ചര്യത്തിന്റെ വേലിയേറ്റം‌.

ചുമ്മാ പുളുവടിക്കില്ലേ ശങ്കരേട്ടാ എന്ന് ഞാൻ‌.


ഇപ്പൊ വരാമെന്ന് പറഞ്ഞതും കുളത്തിനടിയിലേക്ക് ശങ്കരേട്ടൻ ഊളിയിട്ടതുമൊരുമിച്ചായിരുന്നു.

ഞങ്ങളുടെ ആശങ്കൾക്ക് വിരാമമിട്ടുകൊണ്ട് ചുരുട്ടിപ്പിടിച്ച് കയ്യുമായി ശങ്കരേട്ടൻ കരയിലേക്ക് കയറിവന്നു. മാളുവിനു നേരെ കൈ നീട്ടി. അവളൊരു കൌതുകത്തോടെ ചുരുട്ടിപ്പിടിച്ച കൈ നിവർത്തി. നല്ല ഭംഗിയുള്ള ഒരു വെള്ളാരംകല്ല്.

കൊട്ടാരത്തിലെ മുറ്റത്ത് നിറയെ ഇങ്ങനത്തെ കല്ലുകളാ..

അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി ശങ്കരേട്ടൻ പറഞ്ഞു. പെണ്ണിനു ഗമ കൂടാൻ വേറെ കാര്യ്ം വേണോ? ആ കല്ലും പിടിച്ച് അവൾ ഞങ്ങളുടെ മുന്നിൽ‌ കുറെ നാൾ‌ പോസിട്ടു നടന്നു.

ആദ്യമായി ജോലികിട്ടി നാട്ടിൽ ചെന്നപ്പോൾ‌ ശങ്കരേട്ടന്റെ കയ്യിൽ അമ്മയുടെ നിർദ്ദേശപ്രകാരം‌ ഒരു നൂറുരൂപ വച്ചു കൊടുത്തു.

അതങ്ങട് വാങ്ങൂ ശങ്കരാ, കുട്ടി ഒരു സന്തോഷത്തിനു തന്നതല്ലേ..ഒന്നൂല്ലേലും നീ കുറെ കൊണ്ട് നടന്നോനല്ലേ..

അതുവാങ്ങാൻ മടികാണിച്ച ശങ്കരേട്ടനോട് അമ്മൂമ്മയുടെ നിർ‌ദ്ദേശം‌.

അതും വാങ്ങി തെക്കോട്ട് പാടത്തിലേക്ക് കണ്ണും നട്ട് നിന്നിരുന്ന ശങ്കരേട്ടന്റെ മുഖം‌ മനസ്സിൽ നിന്നു മായുന്നില്ല. യാത്ര പറഞ്ഞിറങ്ങുമ്പോൾ‌ ഇടക്കൊന്ന് തിരിഞ്ഞു നോക്കി…ശ്ശൂരുള്ള കുട്ടിയെ യാത്രയാക്കാൻ ശങ്കരേട്ടനെന്തോ വന്നില്ല. അമ്മയുടെ ആഴ്ചവിശേഷങ്ങളിൽ നിന്നു പിന്നീടറിഞ്ഞു, ശങ്കരേട്ടന്റെ മകൻ‌ ദീനം വന്ന് മരിച്ചെന്നും ഭാര്യ വേറെ വിവാഹം കഴിച്ചെന്നും മറ്റും..അവസാനം‌ ഇന്നു ഇതും‌.


ഫോൺ‌ പിന്നേയും ബെല്ലടിക്കുന്നതു കേട്ടപ്പോഴാണു സ്ഥലകാലബോധം തിരിച്ചു കിട്ടിയത്. വന്ദനയാണ്. ഒരു കുറ്റബോധത്തോടെയാണു ഫോൺ‌ എടുത്തത്.

പനി കുറവുണ്ട്. ഞാൻ ഒന്ന് ആവിപിടിച്ചു. വൈകീട്ടാവുമ്പോഴേക്കും നന്നായി കുറയും. എന്തായി പ്രൊജക്റ്റ് ഡിപ്ലോയ്മെന്റൊക്കെ കഴിഞ്ഞോ? ക്ലയന്റ് എന്തു പറഞ്ഞു? – പരാതിയുടെയോ പരിഭവത്തിന്റേയോ ലാഞ്ചന പോലുമില്ലാതെ വന്ദന.


കഴിഞ്ഞട്ടില്ല. നല്ല തിരക്കിലാണു. ഞാൻ പിന്നെ വിളിക്കാം ശങ്കരേട്ടന്റെ മരണത്തെക്കുറിച്ച് അവളോട് പറഞ്ഞില്ലല്ലോ എന്നോർത്തത് അപ്പോഴാണൂ. സാരമില്ല, വൈകീട്ട് പറയാം‌.

ഭക്ഷണം കഴിച്ച് ക്യൂബിക്കിളിലേക്ക് ചെല്ലുമ്പോൾ‌‌ അവിടെ മുഖവും ചുവപ്പിച്ച് പിറുപിറുത്തുകൊണ്ട് മാത്യൂസ് നിൽ‌പ്പുണ്ടായിരുന്നു


അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക