Sunday, January 23, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ ആറ്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************
മൃതദേഹം രാധേട്ടന്റെ നാട്ടിലേക്കയക്കാനുള്ള ഏർപ്പാടുകളൊക്കെ ചെയ്ത് വീട്ടിലെത്തുമ്പോൾ‌ നേരം‌ പുലർച്ചയായി. വാതിൽ‌ തുറന്ന വന്ദനയുടെ ക്ഷീണിച്ച  മുഖം‌ കണ്ടപ്പോൾ‌ തന്നെ മനസ്സ് പിന്നേയും അസ്വസ്ഥമായി.

പനികുറവുണ്ടോ? എന്ന ചോദ്യത്തിനു പതിഞ്ഞ ശബ്ദത്തിൽ‌ ഒരു മൂളൽ‌.

രാധേട്ടന്റെ മരണം അവളെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഇതുവരെ ഉറങ്ങിയിട്ടില്ല എന്ന് ആ കണ്ണുകൾ‌ കണ്ടാലറിയാം‌

നേരെ കുളിച്ച് വന്നപ്പോൾ അടുക്കളയിൽ തട്ടലും മുട്ടലും കേൾക്കുന്നു. വന്ദന ഭക്ഷണം ചൂടാക്കുന്ന തിരക്കിലാണ്.

എനിക്ക് വിശക്കുന്നില്ല. കിടക്കാം‌.

അതിനും‌ മറുപടിയില്ല. അവൾ‌ പോയി കിടക്കയിൽ കയറികിടന്നു. ഭക്ഷണം ഒഴിവാക്കാൻ ഒരുകാരണവശാലും സമ്മതിക്കുന്ന പ്രകൃതമല്ല അവളുടേത്.

കിടന്നിട്ടും ഉറക്കം വന്നില്ല. അവളും ഒന്നും സംസാരിച്ചില്ല.

രാവിലെ ഓഫീസിലെത്തിയപ്പോൾ‌ വൈകി. എല്ലാവരും സീറ്റുകളിൽ നേരത്തേ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. ഏറ്റവും വൈകി വരുന്ന ജയറാം പോലും മോണിറ്ററിൽ ഉറ്റു നോക്കിയിരിക്കുന്നു. ചെവിയിൽ‌ ഹെഡ്ഫോണില്ലാതെ ആദ്യമായാണു ജയറാമിനെ സീറ്റിൽ വച്ച് കാണുന്നത്.ഡാലിയയുടെ സീറ്റിൽ ചെന്ന് ഒന്ന് വിഷ് ചെയ്തു. ഒരു വിളറിയ ചിരി ചിരിച്ച് അവളും തിരിച്ച് വിഷ് ചെയ്തു. അധികം സംസാരിക്കാൻ നിന്നില്ല. നേരെ നടന്ന് സീറ്റിൽ ചെന്ന് മെയിലൊക്കെ ചെക്ക് ചെയ്തു.. ഇന്ന് ജനറൽ മീറ്റിങ്ങ് ഉണ്ടെന്നറിയിച്ചുകൊണ്ട് എച്ച്.ആറിന്റെ മെയിലുണ്ട്. ഫോർ‌വേഡ് മെയിലുകൾ വളരെ കുറവാണിന്ന്.

ശാശ്വതിനെ വിളിക്കാൻ മറന്നു പോയി എന്ന് അപ്പോഴാണു ഓർത്തത്. ഫോണെടുത്ത് വിളിച്ചു. രണ്ട് തവണ അടുപ്പിച്ച് വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല.

പിന്നെ ജോലിയിലേക്ക് മുഴുകി.  ഇടയിൽ‌ വെള്ളമെടുക്കാൻ‌ പാൻ‌ട്രിയിലേക്ക് പോയപ്പോൾ‌ അവിടെ ഡാലിയയും ജയറാമും പിന്നെ ഒന്നു രണ്ട് ജൂനിയർസും കൂടി നിൽക്കുന്നു. ഇന്നത്തെ മീറ്റിങ്ങ് ആയിരിക്കും ചർച്ചാ വിഷയം‌

എന്താ ഗൂഡാലോചന?

ഓ, എന്ത് ഗൂഡാലോചന ഹരീ, ഇന്നലെ ഉറങ്ങിയിട്ടില്ല. ഇനി ഇപ്പൊ എച്ച്.ആറിന്റെ മീറ്റിങ്ങ് എന്തിനാണാവോ എന്തോ? അതെപ്പറ്റി സംസാരിക്കുകയായിരുന്നു.

ങ്ങും, എന്തായാലും ഒരു അരമണിക്കൂർ കൂടെ കാത്തിരിക്കാം

ഹരിക്കൊക്കെ അറിയാമായിരിക്കും. നിങ്ങളൊക്കെ മാനേജ്മെന്റിന്റെ സ്വന്തം ആളുകളല്ലേ . ഡാലിയ വിടാൻ ഭാവമില്ല

ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല. എല്ലാവരും വല്ലാതെ അസ്വസ്ഥരായിരിക്കുകയാണ്. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വമാണല്ലോ ഒരുവനെ വേട്ടയാടുന്ന ചിന്തകളിൽ വലുത്. ഓഫീസ് നിറയെ നെടുവീർപ്പുകളും‌ മരവിച്ച നോട്ടങ്ങളും‌ തണുത്ത ശബ്ദങ്ങളും മാത്രമായ പോലെ.

കോൺ‌ഫറൻസ് റൂമിലേക്ക് മാത്യൂസിനൊപ്പം എത്തുമ്പോഴേക്കും എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു.  ആകെ ഒരു നിശബ്ദത. ഞങ്ങൾ മുൻ‌നിരയിലുള്ള ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചതും ഒരു ഫയലും ലാപ്ടോപുമായി എച്ച്.ആറും അഡ്മിനിസ്ട്രേഷനിലെ പെൺകുട്ടിയും‌ കടന്നുവന്നു.

എല്ലാവരേയും നോക്കി വിഷ് ചെയ്ത് കയ്യിലെ ഫയൽ‌ നിവർത്തി വച്ച്, പതിഞ്ഞ ശബ്ദത്തിൽ‌ അവർ‌ തുടങ്ങി

“കഴിഞ്ഞ ദിവസം‌ നടന്ന സംഭവമെല്ലാവരും‌ അറിഞ്ഞുകാണും‌. അതിനെച്ചൊല്ലിയുള്ള ഊഹാപോഹങ്ങൾക്ക് ഒരു അന്ത്യം വരുത്തി, കമ്പനിയുടെ സ്റ്റാൻഡ് വ്യക്തമാക്കുക എന്നതാണു ഈ മീറ്റിങ്ങിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നു.”

മൂക്കിനു ഒരു ഭാരമെന്ന പോലെ അവർ കൊണ്ട് നടന്നിരുന്ന കണ്ണട നേരെയാക്കി തുടർന്നു.

“ ആഗോള സാമ്പത്തികമാന്ദ്യം ഐ.ടി മേഖലയെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുകയാണല്ലോ. നിങ്ങളിൽ ചിലർ ഇതിനകം‌ അറിഞ്ഞു കഴിഞ്ഞപോലെ നമ്മുടെ ചില പ്രൊജക്റ്റുകളേയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്. എന്ന് വച്ച് കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ഒരിക്കലും ഞാൻ അർ‌ത്ഥമാക്കുന്നില്ല. പക്ഷെ സാമ്പത്തികമാന്ദ്യത്തിൽ നിന്ന് കരകയറുന്നതിനു നമുക്ക് ചില മുൻ‌കരുതലുകൾ എടുത്തേ പറ്റൂ”

ശ്രോതാക്കളിൽ ഇടിമുഴക്കം സൃഷ്ടിച്ച് കൊണ്ടിരുന്ന വാക്കുകൾ ഒന്ന് നിർത്തി മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം എടുത്ത് കുടിച്ച്, എല്ലാവരേയും ഒന്നു നോക്കി അവർ‌ തുടർന്നു

“ റിസോഴ്സുകളെ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. അതിനായി കമ്പനി ചില അഴിച്ചുപണികളും മാറ്റങ്ങളും വരുത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അനാവശ്യമായ ചിലവുകളും വെട്ടിച്ചുരുക്കേണ്ടതുണ്ട്. അതെല്ലാം‌ വിശദമായി ഈ മീറ്റിങ്ങ് കഴിഞ്ഞയുടൻ സ്നേഹ നിങ്ങൾക്ക് മെയിലയക്കുന്നതാണു.

അതിൽ പ്രധാനമായവ ഇപ്രകാരമാണു. കയ്യിലെ ഫയലിൽ നിന്നും ഒരു പ്രിന്റൌട്ട് എടുത്ത് നോക്കിക്കൊണ്ട് അവർ ശബ്ദമുയർത്തി വായിച്ചു തുടങ്ങി

റിസോഴ്സിനെ മാക്സിമം ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട് എന്നതുകൊണ്ട്, എല്ലാവരും അവരവരുടെ ടൈംഷിറ്റ് യഥാസമയം പൂരിപ്പിക്കുക.

പെർ‌ഫോമൻസ് അപ്രൈസലുകളിൽ‌ മോശം പ്രകടനം‌ കാഴ്ചവച്ചവരുടെ കറന്റ് സ്റ്റാറ്റിറ്റിക്സ് പ്രൊജക്റ്റ് ലീഡേഴ്സ് അറിയിക്കുക

ചിലവു ചുരുക്കലിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തേക്ക് കോമ്പോ ലീവ് ഉണ്ടായിരിക്കുന്നതല്ല

വർക്കിങ്ങ് സമയം കഴിഞ്ഞാൽ‌ എ.സി ഓഫ് ചെയ്യുക

വൈകി വർക്ക് ചെയ്യുമ്പോളനുവദിച്ചിരുന്ന ടാക്സി അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ല

കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും മെയിലിൽ അറിയിക്കുന്നതായിരിക്കും

 ഈ ദുർ‌ഘടമായ ഘട്ടത്തെ തരണം ചെയ്യുന്നതിനു നിങ്ങളുടെ എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണം ഞങ്ങൾക്കാവശ്യമുണ്ട്. “

അവർ പറഞ്ഞ് നിർത്തി.

എനി കമന്റ്സ്?

നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഞങ്ങൾക്ക് നേരെ അവരുടെ ചോദ്യമുയർന്നു.
 ***********************