Sunday, January 9, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ നാല്

(ഇതൊരു ചെറിയ അദ്ധ്യായമാണു. ഗൾ‌ഫ് മലയാളിയിൽ‌ വന്നു കൊണ്ടിരിക്കുന്നതിനോട് സിങ്ക് ചെയ്യുവാൻ വേണ്ടിയാണു   ഈ ചെറിയ അദ്ധ്യായം പോസ്റ്റുന്നത്)

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം‌
****

തിരിച്ച് വിളിക്കാനായി തുടങ്ങിയപ്പോഴേക്കും വന്ദനയുടെ കോൾ‌ വന്നു.

“മീറ്റിങ്ങിലായിരുന്നോ? ഞാൻ കുറെയായി വിളിക്കുന്നു. നമ്മുടെ രാധേട്ടനെ ചെറുതായി നെഞ്ചുവേദന. ഹോസ്പിറ്റലിൽ‌ കൊണ്ടുപോയി. രണ്ടാമത്തെയാണിതിപ്പോ.. ഭാഗ്യത്തിനു മുകളിൽ താമസിക്കുന്ന പിള്ളേരുണ്ടായിരുന്നു സ്ഥലത്ത്. അതോണ്ട് രക്ഷപ്പെട്ടു. സമയത്തിനു ആശുപത്രിയിൽ എത്തിക്കാൻ പറ്റി. വരുന്ന വഴിക്ക് അവിടെ കയറിയട്ടല്ലേ വരൂ?”

വന്ദന ഒറ്റശ്വാസത്തിൽ പറഞ്ഞു നിർ‌ത്തി.

“ശരി, ഞാൻ‌ വേഗം ഇറങ്ങുവാൻ നോക്കട്ടെ”

ഫോൺ‌ കട്ട് ചെയ്തു സീറ്റിലേക്ക് നടക്കുമ്പോൾ‌ ഓഫീസിൽ അവിടവിടെയായി രണ്ടും മൂന്നും പേർ‌ ചേർന്ന് കൂടി നിൽക്കുന്നു. എല്ലാവരും വളരെ താഴ്ന്ന ശബ്ദത്തിൽ സംസാരിക്കുന്നുമുണ്ട്.

അനിശ്ചിതത്വം‌.. നാളെയാരു എന്ന അനിശ്ചിതത്വത്തിന്റെ പിരിമുറുക്കമായിരിക്കും‌ ഇനി ഓഫീസ് മുഴുവൻ‌..

മാത്യൂസിനോട് പറഞ്ഞു ഓഫീസിൽ നിന്നിറങ്ങുമ്പോൾ‌ ഡാലിയയുടെ ക്യൂബിക്കിളിലേക്കൊന്നു പാളി നോക്കി..അവൾ‌ തലയും താഴ്ത്തി, സ്ക്രാപ് ബുക്കിൽ ഒരു പെൻസിൽ‌ കൊണ്ട് ഒരു വട്ടം വരച്ച് കൊണ്ടിരിക്കുന്നു. വല്ലാതെ ഭയന്നിട്ടുണ്ട്.

“ഹരി, ഇറങ്ങുകയാണോ? ഞാനും വരുന്നു. എന്നെ ഒന്നു ടൌണിൽ‌ ഡ്രോപ് ചെയ്യൂ” വിശാലാണു.

ലിഫ്റ്റിറങ്ങി, വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടക്കുമ്പോഴാണു ഒരുകാര്യമോർത്തത്. ഇതുവരെ വിശാൽ‌ ഒന്നും സംസാരിച്ചില്ല. അല്ലെങ്കിൽ‌ പുതിയ സിസ്റ്റം‌ കോൺഫിഗറേഷനെക്കുറിച്ചും‌ ക്ലൌഡ് കമ്പ്യൂട്ടിങ്ങിനെക്കുറിച്ചുമൊക്കെ വാതോരോതെ സംസാരിക്കുന്ന സീനിയർ‌ സിസ്റ്റം‌ അഡ്മിനിസ്റ്റേറേയും ശാശ്വത് സംഭവം‌ ഭയപ്പെടുത്തിയിട്ടുണ്ട് എന്ന് ചുരുക്കം.

‘ഹൌസിങ്ങ് ലോൺ‌, കാർ‌ ലോൺ, കുട്ടികളുടെ സ്കൂൾ‌ ഫീസ്, ട്യൂഷൻ‌ ഫീസ്…ഹോ..ആലോചിക്കുമ്പോൾ‌ തന്നെ പേടിയാവുന്നു. ലോണുകൾ‌ തന്നെ ഒരു ഇരുപത്തിയയ്യായിരം‌ രൂപ വരും‌“ വിശാൽ‌ വായതുറന്നു.

“ഹും..” എന്റെ അലക്ഷ്യമായ മൂളൽ‌ വിശാലിനെ വീണ്ടും മൌനത്തിലേക്ക് നയിച്ചു.

മനസ്‌ രാധേട്ടനെക്കുറിച്ചുള്ള ചിന്തകളിലായിരുന്നു. ഇപ്പോൾ‌ താമസിക്കുന്ന അപ്പാർട്ട്മെന്റ്സിന്റെ തൊട്ടടുത്ത വില്ലയാണു രാധേട്ടന്റെ. ഇൻ‌കംടാക്സ് ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണൻ‌ ചേട്ടൻ‌ ആളൊരു രസികനാണ്. മക്കൾ‌ രണ്ട് പേരും‌ വിദേശത്ത് ജോലി ചെയ്യുന്നു. ഭാര്യ മരിച്ച ശേഷം‌ അധികം‌ പുറത്തേക്കൊന്നും‌ ഇറങ്ങാതിരുന്ന അദ്ദേഹം‌ ഈയടുത്ത കാലത്താണു റെസിഡൻഷ്യൽ‌ അസോസിയേഷന്റെ പ്രവർത്തനങ്ങളിലൊക്കെ സജീവമായത്

“ഇവിടെ നിർത്തിക്കോളൂ ഹരീ” വിശാലിന്റെ നിർ‌ദ്ദേശമാണു ചിന്തകളിൽ നിന്നും ഉണർത്തിയത്.

വിശാലിനെ ഇറക്കി വണ്ടി മുന്നോട്ട് എടുത്ത് അധികം‌ മുന്നോട്ട് പോകാൻ സാധിക്കും മുന്നെ ബ്ളോക്ക് ആരംഭിച്ചു.

“എടോ ഹരീ, താനൊരിക്കലും‌ നാട്ടിലുള്ള ഭൂമി വിൽക്കരുത്. നാട്ടിലെ ബന്ധം വിച്ഛേദിച്ച് പട്ടണത്തിൽ‌ വന്ന് ചേർന്ന എന്നെ കണ്ടില്ലേ. ഈ ഒഴുക്കിൽ‌ ചീഞ്ഞ ചകിരിച്ചോറുപോലെ ഇങ്ങനെ…”

എന്ന് സംസാരം തുടങ്ങിയാലും‌ രാധേട്ടൻ ഈ ഒരു ഡയലോഗ് പറയാതെ സംഭാഷണം‌ അവസാനിപ്പിക്കാറില്ല. നാട്ടിൽ‌ ഭാഗത്തിൽ കിട്ടിയ നിലവും‌ തൊടിയുമെല്ലാം വിറ്റുപെറുക്കിയാണു രാധേട്ടനിവിടെ വീട് വാങ്ങിയത്. ഇപ്പോൾ‌ ഒരു കൂട്ടിനാരെങ്കിലും ഉണ്ടാവട്ടെ എന്ന മക്കളുടെ കടും‌പിടുത്തത്തിനു വഴങ്ങിയാണു മുകളിലത്തെ നില വാടകക്ക് കൊടുക്കാൻ തീരുമാനിച്ചത്. അവിടെ ഇപ്പോൾ‌ ബി.ടെക്കിനു പഠിക്കുന്ന നാലു കുട്ടികളാണു ഉള്ളത്.

വന്ദനയെ വലിയ കാര്യമാണു രാധേട്ടനു. അവൾക്കും അങ്ങനെ തന്നെയാണു. ഓഫീസിൽ നിന്ന് വല്ലാതെ വൈകുന്ന ദിവസങ്ങളിൽ‌ രാധേട്ടന്റെ സാന്നിധ്യം‌  അവിടെ ഉള്ളത് തനിക്കൊരുപാട് ആശ്വാസം നൽകിയിരുന്നു.

കാർ‌ പാർക്ക് ചെയ്ത് റിസപ്ഷനിൽ ചെന്ന് ഐ.സി.യു ചോദിച്ച് അങ്ങോട്ട് നടക്കുമ്പോൾ‌ ഫോണിൽ എസ്.എം.എസ് വന്ന ശബ്ദം.‌

“അടുത്തത് എന്റെ നമ്പറാവും, അല്ലെ?” ഡാലിയയുടെ മെസേജ്.

മറുപടി കൊടുക്കാൻ‌ തോന്നിയില്ല. ലിഫ്റ്റിൽ‌ കയറി ഐസിയുവിനു മുന്നിലേക്ക് ചെല്ലുമ്പോൾ‌ തന്നെ സ്ഥിതിഗതികളത്ര പന്തിയല്ല എന്നു മനസ്സിലായി.  ഐ.സി.യുവിന്റെ മുന്നിൽ രാധേട്ടന്റെ വകയിലെ ഒരു ചെറിയമ്മയുടെ മകൻ നിൽ‌പ്പുണ്ടായിരുന്നു. ഒന്നു രണ്ട് തവണയൊക്കെ കണ്ടട്ടുണ്ട് അയാളെ. അയാളോട് വിവരങ്ങളന്വേഷിക്കാനായി മുന്നോട്ട് ചെന്നതും വാതിൽ തുറന്ന് ഡോക്ടർ‌ നേരെ വന്നതും ഒരുമിച്ചായിരുന്നു.

അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക