Wednesday, February 23, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ പത്ത്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************

ആകാംക്ഷ നിറഞ്ഞ മുഖങ്ങള്‍ക്ക് പിടി കൊടുക്കാതെ സീറ്റിലേക്ക് നടന്നു. മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ അങ്കിളിന്റെ എസ്.എം.എസ്. കുറെ മാട്രിമോണിയല്‍ ഐഡികളാണു. കല്ല്യാണം അന്വേഷണം തുടങ്ങിയിട്ട് നാള്‍ കുറെ ആയി. മാട്രിമോണി സൈറ്റ് എടുത്ത് പ്രോഫൈല്‍ ഐഡി സെര്‍ച്ച് ചെയ്തു.

''കാര്യമായി ഇന്‍ക്രിമെന്റ് കിട്ടിയ ലക്ഷണമാണല്ലോ? കല്ല്യാണം ഒക്കെ ഇപ്പൊ ഉണ്ടാവോ?'' ഹരിയാണു

''അതെ ഹരി, ഞാന്‍ ഒരു ടിപ്പര്‍ ലോറി വാടകക്കെടുക്കാന്‍ പോവാ.. ശമ്പളം വീട്ടില്‍ കൊണ്ടു പോവണ്ടേ?''

ഹരി ചിരിച്ചുകൊണ്ട് തൊട്ടടുത്ത ക്യൂ ബിക്കിക്കിളില്‍ നിന്ന് ഒരു കസേര വലിച്ചിട്ട് അടുത്തിരുന്നു.

''എന്തായി വല്ലതും ഒത്തു വന്നോ, അതൊ പതിവുപോലെ അങ്കിളിനോട് പറഞ്ഞൊഴിയാന്‍ കുറ്റം വല്ലതും കണ്ട് പിടിച്ചോ ഡാലി?''

''ഏയ്, ഇനി ഈ ഐ.ഡികള്‍ നോക്കിയില്ലെങ്കില്‍ അത് മതി അങ്കിളിനു മുഖം വീര്‍പ്പിക്കാന്‍. അറിയാലോ?'' വീട്ടിലെ കാര്യങ്ങളെക്കുറിച്ച് അല്‍പ്പമെങ്കിലും അറിയാവുന്നയാള്‍ ഹരിയാണ്.

ഹരി മൌസ് എടുത്ത് ഫോട്ടോ ഗാലറി ക്ലിക്ക് ചെയ്തു. സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം എടുക്കപ്പെട്ട 80 മോഡല്‍ ചിത്രങ്ങള്‍. നോക്കാനേ തോന്നിയില്ല.

ഫോണ്‍ മുരളുന്ന ശബ്ദം ..അങ്കിളാണു. ''അങ്കിളേ, ഞാന്‍ നോക്കിക്കൊണ്ടിരിക്കാ. കുറച്ച് കഴിഞ്ഞട്ട് വിളിക്കാം'' പെട്ടെന്ന് തന്നെ കട്ട് ചെയ്തു

''ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോവുമ്പോള്‍ എന്നേം വിളിക്കണേ. ഇന്നു ഊണു കൊണ്ട് വന്നില്ല.'' ഹരി പതുക്കെ എണീറ്റ് സീറ്റിലേക്ക് പോയി. വീണ്ടും പ്രൊഫൈലിലേക്ക് ഊളിയിട്ടു. ഒരു െ്രെപവറ്റ് ബാങ്കിലെ ഉദ്യോഗസ്ഥനാണു.

വിശന്നുതുടങ്ങിയപ്പോഴാണു സമയം ഒരുപാടായി എന്ന് മനസ്സിലായത്. ഹരിയെ വിളിച്ച് പതുക്കെ താഴെ കാന്റീനിലോട്ട് നടക്കുമ്പോഴാണു ഹരിയുടെ ചോദ്യം

''അല്ല നമ്മുടെ ബാംഗ്ലൂര്‍ കല്ല്യാണാലോചന എന്തായി? സൊഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.. നീ പിന്നെ ഒന്നും പറഞ്ഞില്ലല്ലോ?''

''അത് വേണ്ട എന്ന് വച്ചു. ഞായറാഴ്ച പെണ്ണുകാണാന്‍ വന്നിരുന്നു. എന്റെ ഹരീ, ഒന്നും പറയേണ്ട. ഒരു കോമഡി ആയിരുന്നു. ചെക്കന്‍ എന്നോട് സംസാരിച്ച കാര്യങ്ങള്‍ കേള്‍ക്കണോ? ഏതു ഫ്രെയിം വര്‍ക്കാണു യൂസ് ചെയ്യുന്നത്? എന്തുകൊണ്ട് ഇതു യൂസ് ചെയ്തു കൂടാ. ഒരു ടെക്‌നിക്കല്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത പ്രതീതി ആയിരുന്നു. ഒരു ഒരു ''ഉണ്ണാമന്‍''

''ഹഹ'' ഹരിയുടെ പ്രതികരണം ഒരല്‍പ്പം ഉച്ചത്തിലായിരുന്നു. പലരും തിരിഞ്ഞുനോക്കി.

''ശാശ്വത് ആസ്‌ത്രേലിയ മൈഗ്രേഷന്‍ ശ്രമിക്കുന്നുണ്ട് എന്ന് കേട്ടു'' ഹരി അലക്ഷ്യമായി പറഞ്ഞു

''ഞാനും കേട്ടു. പക്ഷെ അവനു അത്യാവശ്യം കോണ്ടാക്റ്റുകള്‍ ഉണ്ടല്ലോ''

പതിവുപോലെ കാന്റീന്‍ പരിസരത്ത് മൊബൈല്‍ കമ്പനികളുടെ പ്രൊമോഷന്‍ ഓഫറുകളുമായി ടീഷര്‍ട്ടുകള്‍ ധരിച്ച യുവതീയുവാക്കള്‍ നിരന്നു നില്‍പ്പുണ്ടായിരുന്നു. ഒന്നു രണ്ട് പേര്‍ നീട്ടിയ നോട്ടീസുകള്‍ വാങ്ങി കയ്യില്‍പ്പിടിച്ചു. കാര്യമുണ്ടായിട്ടല്ല. സോഡെക്‌സ് കൂപ്പണ്‍ കൊടുത്ത് ടോക്കണ്‍ വാങ്ങി കൌണ്ടറിലേക്ക് ചെന്ന് ഭക്ഷണം വാങ്ങി ആളൊഴിഞ്ഞ ഒരു ടേബിളില്‍ ചെന്നിരുന്നു.

''ഞാന്‍ രണ്ട് ദിവസത്തേക്ക് ലീവാവും. ഒന്നുനാട്ടില്‍ പോണം'' തന്റെ മുഖത്തെ ചോദ്യഭാവം കണ്ടതുകൊണ്ടാണൊ എന്തോ ഹരി തുടര്‍ന്നു

''കുടുംബ വീട്ടില്‍ ഒരു പൂജ ഉണ്ട്. പിന്നെ കാവിലെ വേലയുമാണു. വന്ദനയേയും കൊണ്ട് പോണം. കുറെ കാലമായി പോയിട്ട്.''

ഹരി നാട്ടിലെ കാര്യം പറഞ്ഞു തുടങ്ങിയാല്‍ ഒരല്‍പ്പം വാചാലനാവും. പക്ഷെ അതു കേള്‍ക്കാന്‍ ഒരു രസമാണു. പലപ്പോഴായി കേട്ട വിവരണങ്ങളില്‍ നിന്ന് ആ വള്ളുവനാടന്‍ ഗ്രാമത്തിന്റെ ഒരു ചിത്രം തന്റെമനസ്സിലുണ്ട്.

''പോയി വരുമ്പോള്‍ കടുമാങ്ങ കൊണ്ടു വരാന്‍ മറക്കല്ലേ''
നാട്ടില്‍ നിന്നു വരുമ്പോള്‍ എന്തെങ്കിലുമൊക്കെ കൊണ്ട് വന്ന് വിതരണം ചെയ്യുന്ന ഒരു ശീലം ഹരിക്കുണ്ട്. കഴിഞ്ഞതവണ കൊണ്ട് വന്ന കടുമാങ്ങാ അച്ചാര്‍ താന്‍ അടിച്ചുമാറ്റിയിരുന്നു.

''നോക്കട്ടെ. അവിടെ എന്തുമാത്രം തിരക്കായിരിക്കും എന്ന് പറയാന്‍ പറ്റില്ല.'' ഹരി ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

തിരിച്ച് സീറ്റില്‍ വന്ന് പ്രൊജക്റ്റ് മാനേജ്‌മെന്റ് ടൂള്‍ എടുത്ത് നോക്കിയപ്പോള്‍ മൂന്ന് ടാസ്‌കുകള്‍ തന്റെ പേരില്‍ വന്നിട്ടുണ്ട്. ഇന്നത്തേക്കുള്ളതായി. പണിയില്‍ മുഴുകി സമയം പോയതറിഞ്ഞില്ല. പെട്ടെന്ന് ഹരിയുടെ കാബിനില്‍ ആളുകള്‍ കൂടിയത് ശ്രദ്ധിച്ചു. ഹരി തിടുക്കത്തില്‍ മെഷീന്‍ ഷട്ട് ഡൌണ്‍ ചെയ്തു പുറത്തേക്കിറങ്ങിപ്പോയി.

''മാത്യൂസ്, എന്താ, എന്താപറ്റ്യേ?'' ഹരിയുടെ ക്യൂബിക്കിളില്‍ തന്നെ നില്‍പ്പുണ്ടായിരുന്ന മാത്യൂസിനോട് കാര്യമന്വേഷിച്ചു.

''ഹരിയുടെ വൈഫിനെന്തോ അസുഖം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഫോണ്‍ വന്നിട്ട് പോയതാ''

എന്താണാവോ? അല്ലെങ്കില്‍ തന്നെ ഹരി പെട്ടെന്ന് നെര്‍വസ് ആവുന്ന കൂട്ടത്തിലാണു. വിളിച്ചു നോക്കിയാലോ? െ്രെഡവ് ചെയ്യുവയാവും. വീണ്ടും വര്‍ക്കിലേക്ക് തലപൂഴ്ത്തി.
ടീം മീറ്റിങ്ങ് കഴിഞ്ഞു വന്നപ്പോഴാണു മൊബൈല്‍ ശ്രദ്ധിച്ചത്. ഒരു മെസേജ് വന്നു കിടക്കുന്നു. അങ്കിളിന്റേതാവും എന്ന് കരുതി എടുത്ത് നോക്കിയപ്പോഴാണു. മെസേജ് ഹരിയുടേതാണു...
തുടരും
********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക