Sunday, February 6, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ എട്ട്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************
'ഡാലീ.. കം ഫാസ്റ്റ്' കാബില്‍ നിന്ന് ജിജുവിന്റെ ഓളിയിടല്‍ കേട്ടാണു പുറത്തേക്കിറങ്ങിയത്.

ഓഫീസ് കാബിന്റെ നിര്‍ത്താതെയുള്ള ഹോണടി വീട്ടുപടിക്കല്‍ മുഴങ്ങിക്കൊണ്ടിരുന്നു. ലഞ്ച്‌ബോക്‌സ് ബാഗിലേക്ക് എടുത്ത് വച്ച് ഗേറ്റിനരികിലേക്ക് ഓടിച്ചെല്ലുമ്പോള്‍ കാബിന്റെ ഡോറും തുറന്ന് വച്ച് അവര്‍ അക്ഷമരായി നില്‍ക്കുകയായിരുന്നു.

പെട്ടെന്ന് ഓടിയതിന്റെയാവും നന്നായി കിതക്കുന്നുണ്ടായിരുന്നു. ശാരിയും ജിജുവും പതിവുപോലെ പുതിയ ഹിന്ദി സിനിമയുടെ കഥകളില്‍ മുഴുകിയിരിക്കുന്നു.ജിജു ഒരു സിനിമാഭ്രാന്തനാണു. ബോളിവുഡ് സിനിമകളുടേയും സിനിമാനടിയുടേയും വിശേഷങ്ങളല്ലാതെ വേറൊന്നും ജിജുവിന്റെ നാവില്‍ നിന്നു വരിക വളരെ അപൂര്‍വ്വമാണു.

വേറേ ജോലി നോക്കേണ്ടി വരോ? സിനിമാവിശേഷം നിര്‍ത്തി, ശാരി പെട്ടെന്നൊരു ആത്മഗതം പോലെ ഉറക്കെ ചോദിച്ചു.

അതിനു വേറെന്തു പണിയറിയാന്‍? ജിജുവിന്റെ മറുപടി ചോദ്യം പകുതി തമാശയായിരുന്നെങ്കിലും അതിലെ വിഷമിപ്പിക്കുന്ന വസ്തുത തള്ളിക്കളയാവുന്നതലല്ലോ. ശീതീകരിച്ച തുറന്ന ഹാളില്‍ അട്ടിയിട്ടിരിക്കുന്ന ചത്വരങ്ങള്‍ക്കുള്ളില്‍ തങ്ങളുടേതായ ഒരു ലോകം സൃഷ്ടിച്ച് രാജാവും രാജ്ഞിയും കളിക്കാനല്ലാതെ തനിക്കൊക്കെ വേറെന്തറിയാം? ഈ ലോകം തകര്‍ന്നാല്‍ അവിടെ താനടങ്ങുന്ന ഒരുപാട് പേര്‍ ഇല്ലാതാവും.

'ഇന്ന് കുറച്ച് ബഗ് ഫിക്‌സിങ്ങ് പെന്‍ഡിങ്ങ് ഉണ്ട്. രാവിലെ തന്നെ തീര്‍ത്ത് കമിറ്റ് ചെയ്തില്ലെങ്കില്‍ മാത്യുസിന്റെ ദുര്‍മുഖം കാണേണ്ടിവരും. ചിലസമയത്ത് അങ്ങോരുടെ പാട് കണ്ടാല്‍ ചൊറിഞ്ഞു വരും. ചുമ്മാ ഇരുന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരു വരി പോലും കോഡ് എഴുതണ്ട.' ജിജുവിന്റെ ധര്‍മ്മരോഷം തിളച്ച് പൊന്തുന്നുണ്ട്.

'ങ്ങാ, പെണ്ണായി ജനിച്ചില്ലല്ലോ..ചിലരൊക്കെ ഇവിടെ കോഡ് ചെയ്തില്ലെങ്കിലെന്താ, അപ്രെയ്‌സലും ഇന്‍ക്രിമെന്റുമൊക്കെ യഥാസമയം ടേബിളിലെത്തുമല്ലോ' ജിജുവിന്റെ അര്‍ത്ഥം വച്ചുള്ള കമന്റ് ശാരികയെ ടാര്‍ജറ്റ് ചെയ്താണു. അവളത് കേള്‍ക്കാത്ത പോലെ ഇരുന്നു. ജിജു പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയാണു. അര്‍ഹമല്ലാത്ത പരിഗണനകളൂടേയും തൊഴുത്തില്‍കുത്തുകളൂടേയും ആകെത്തുകയാണു അപ്രയ്‌സല്‍ എന്ന പേരില്‍ വര്‍ഷാവര്‍ഷമരങ്ങേറുന്ന മാനേജ്‌മെന്റ് നാടകമെന്ന് തോന്നാറുണ്ട്.

കാബില്‍ നിന്നിറങ്ങി ലിഫ്റ്റിലേക്ക് നടക്കുമ്പോള്‍ ഹരിയെക്കണ്ടു. പതിവു പ്രസന്നഭാവത്തിനെന്തോ കുറവുണ്ട്. ആരോ മരിച്ചിരുന്നു എന്ന് കേട്ടിരുന്നു.

ഗുഡ്‌മോണിങ്ങ് ഡാലി – ഹരിയുടെ ശബ്ദത്തില്‍ ഒരു ചടങ്ങ് കഴിക്കാനുള്ള വ്യഗ്രത

ഗുഡ്‌മോണിങ്ങ് ഹരി, ഹൌ ആര്‍ യു?

ഹരി എന്തേലും പറയുന്നതിനു മുന്നെ ശാരിയുടെ മൊബൈല്‍ റിങ്ങ് ചെയ്തു. ലിഫ്റ്റിലായതുകൊണ്ടാണോ എന്തോ അവള്‍ അതു കട്ട് ചെയ്തു.

സീറ്റില്‍ ചെന്നിരുന്ന് സിസ്റ്റം ഓണാക്കി അപ് ആയി വരുന്നതുംകാത്തിരിക്കുമ്പോള്‍ മൊബൈല്‍ ബെല്ലടിച്ചു. ബാങ്കിന്റെ ചെന്നൈ ഓഫീസില്‍ നിന്നാണു. ലോണിന്റെ ഇ.സി.എസ് പേയ്‌മെന്റ് റിമൈന്‍ഡര്‍ കോള്‍ ആയിരിക്കൂം

'ഗുഡ് മോണിങ്ങ്, ദിസ് ഇസ് വിവേക് കാളിങ്ങ് ഓണ്‍ ബിഹാഫ് ഓഫ് എച്.എസ്.ബി.സി. താങ്കളുടെ പേഴ്‌സണല്‍ ലോണിന്റെ ഇ.സി.എസ് അഞ്ചാം തീയ്യതി സബ്മിറ്റ് ചെയ്യും. അക്കൌണ്ടില്‍ ആവശ്യത്തിനു തുക ഉണ്ടല്ലോ അല്ലേ. അതൊന്നു ഓര്‍മ്മിപ്പിക്കുവാന്‍ വിളിച്ചതാണൂ'

റെക്കോഡ് ചെയ്ത് വച്ചപോലെ എല്ലാമാസവും ഈ വാചകം കേട്ടുതുടങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. അമ്മയുടെ ഓപ്പറേഷനു വേണ്ടി എടുത്ത ലോണാണു. അന്ന് വേറെ നിവൃത്തിയില്ലായിരുന്നു. ഇനി ഒരു കൊല്ലം കൂടെ ഉണ്ട്. സാലറി ഇന്നലെ ക്രെഡിറ്റ് ആവേണ്ടതായിരുന്നു. വന്നോ എന്ന് പരിശോധിക്കാന്‍ വേണ്ടി നെറ്റ് ബാങ്കിങ്ങ് വെബ്‌സൈറ്റ് എടൂത്തതും പിന്നില്‍ നിന്ന് റോണിയുടെ ശബ്ദം കേട്ടു.

'നോക്കണ്ട, വന്നിട്ടില്ല. ഞാന്‍ ഇപ്പൊ നോക്കിയതേ ഉള്ളൂ'

'പണിയാവോ റോണീ' തന്റെ ശബ്ദത്തിന്റെ ഇടറിച്ച റോണിക്ക് മനസ്സിലായോ ആവോ.

'ചാന്‍സുണ്ട്, സ്‌നേഹയുടെ സംസാരത്തില്‍ നിന്ന് സാലറി ഇതുവരെ ഇട്ടട്ടില്ല എന്നാണു മനസ്സിലായത്' ഇടിത്തീയായി റോണിയുടെ വാക്കുകളൊഴുകിയെത്തി. റോണിയ്ക്ക് വലിയ ഭാവവ്യത്യാസമുണ്ടെന്ന് തോന്നിയില്ല. അല്ലെങ്കിലും ഒരു റബ്ബര്‍ മുതലാളിയുടെ ഏകമകനു ശമ്പളം ഒരു വലിയ ആവശ്യകതയല്ലല്ലോ.

ഒരു സ്‌ക്രാപ്പ് ബുക്കെടുത്ത് വെറുതെ ഒന്നു കണക്കു കൂട്ടി നോക്കി. ഈ പതിനഞ്ചാംതീയ്യതിക്കുള്ളില്‍ അടക്കേണ്ടതും ആവശ്യമുള്ളതുമായ തുക മാത്രം 15,000 രൂപ വരും. ബാങ്കില്‍ അത്രയും തുക എന്തായാലും കാണും.

' മെയിലൊന്ന് നോക്ക്യേ ഡാലി ' ജിജുവിന്റെ ചാറ്റ് മെസേജ്

എന്താണാവോ എന്നാലോചിച്ച് മെയില്‍ബോക്‌സ് തുറന്നപ്പോള്‍ ഒരു 'അണ്‍റീഡ്' മെയില്‍. എച്ച്.ആറിന്റെ.

'ശമ്പളം ബാങ്കില്‍ ഇടുവാന്‍ മൂന്ന് ദിവസത്തെ താമസം ഉണ്ട്. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു' ഇതാണു വലിച്ച് നീട്ടിയെഴുതിയ മെയിലിന്റെ രത്‌നച്ചുരുക്കം. കുറെ നേരത്തേക്ക് ഒരു ശൂന്യതയായിരുന്നു മനസ്സില്‍. വല്ലാതെ ഭാരം കുറഞ്ഞ അവസ്ഥ. വായിച്ചും കേട്ടുമറിഞ്ഞിരുന്ന റിസഷന്‍ എന്ന ഭീകരാവസ്ഥയിലേക്ക് താന്‍ തന്റെ ജീവിതവും മുറുകെപ്പിടിച്ചുകൊണ്ട് മൂക്കുകുത്താന്‍ പോവുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാനുള്ള ഒരു വിഷമം.

തലപൊക്കി നോക്കിയപ്പോള്‍ ഹരിയുടെ ക്യൂബിക്കിളില്‍ മാത്യൂസും റോണിയും കൂടി സംസാരിച്ചു നില്‍ക്കുന്നു. അവര്‍ക്ക് മൂന്ന് പേര്‍ക്കും ശമ്പളം കൃത്യമായി വന്ന്കാണും. മാനേജ്‌മെന്റിന്റെ സ്വന്തം ആളുകളാണല്ലോ. തലയുയര്‍ത്താതെ കുറച്ചു നേരം കണക്കുകള്‍ കൂട്ടിവച്ച സ്‌ക്രാപ്പ് ബുക്കിലേക്ക് നോക്കി അനങ്ങാതെയിരുന്നു. വല്ലാത്ത നിശബ്ദത അനുഭവപ്പെടുന്നു.

'വെള്ളിയാഴ്ച സാലറി വരുംട്ടോ. ഒരു ബാങ്ക് ട്രാന്‍സ്ഫര്‍ ഇഷ്യു. അല്ലാതെ വേറെ വിഷയമൊന്നുമില്ല' സ്‌നേഹയാണു. ബോട്ടിലില്‍ വെള്ളം നിറക്കാനുള്ള പോക്കാണു. മറുപടി പറയാന്‍ തോന്നിയില്ല.

പതിയെ എണീറ്റു പാന്‍ട്രിയിലേക്ക് ചെന്നു. ഒന്ന് മുഖം കഴുകി. മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ഒരു നിമിഷമെങ്കിലും ഇന്റര്‍വ്യൂകോളായിരിക്കും എന്നാശിച്ചുപോയി. ജോണങ്കിളാണു. അങ്കിളിന്റെ മകന്‍ ഈ വര്‍ഷം ബി.ടെക് പാസൌട്ട് ആണു. ജോലി നോക്കാന്‍ പറഞ്ഞുള്ള വിളിയാണു. ബയോഡാറ്റ ഫോര്‍വേഡ് ചെയ്യാന്‍ പറയുക അല്ലാതെ വേറെ ഓപ്ഷന്‍ ഇല്ലല്ലോ. അവരുടെ ഒക്കെ വിചാരം താനൊക്കെ പറഞ്ഞാല്‍ ഇവിടെ ജോലി ലഭിക്കും എന്നാണു. എന്തെങ്കിലും മറുത്ത് പറഞ്ഞാല്‍ പിന്നെ അതുമതി പ്രശ്‌നങ്ങള്‍ക്ക്.

ടീം മീറ്റിങ്ങിനു പോകാനായി നോട്ട്പാഡും പേനയുമെടുത്ത് കോണ്‍ഫറന്‍സ് റൂമിലേക്ക് നടന്നു. ശാരി പതിയെ ഒപ്പമെത്തി താഴ്ന്ന ശബ്ദത്തില്‍ താന്‍ മാത്രം കേള്‍ക്കെ പറഞ്ഞു

'ഒരു ബാഡ് ന്യൂസുണ്ട്. നമ്മുടെ പ്രൊജക്റ്റില്‍ ഇനിയും ഫയറിങ്ങ്. മാത്യൂസില്‍ നിന്ന് കിട്ടിയതാണു. ആരോടും പറയണ്ട'

കയ്യിലെ പുസ്തകം മുറുകെപിടിച്ച് കോണ്‍ഫറന്‍സ് റൂമിലേക്ക് ചെല്ലുമ്പോള്‍ വലിഞ്ഞ് മുറുകിയമുഖവുമായി മാത്യൂസും ഹരിയും കാത്തിരിക്കുന്നുണ്ടായിരുന്നു.

തുടരും
********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക