Tuesday, July 5, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ പതിമൂന്ന്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
**********************************************************************
 
മീറ്റിങ്ങ് കഴിഞ്ഞിറങ്ങി സീറ്റിൽ ഇരുന്നപ്പോൾ‌ പിന്നാലെ വന്ന മാത്യൂസ് അൽ‌പ്പനേരം അവിടെ ചുറ്റിപറ്റി നിന്നു. എന്തൊക്കെയോ സംസാരിക്കണം എന്ന് ഉദ്ദേശിച്ചുള്ള വരവായിരുന്നു എന്നു തോന്നുന്നു. തന്റെ നിർ‌ജ്ജീവമായ പ്രതികരണം കണ്ടിട്ടാവണം‌ മാത്യൂസ് വേഗം തന്നെ അയാളുടെ സീറ്റിലേക്ക് പോയി.

എത്ര പെട്ടെന്നാണു ഓഫീസിലെ അന്തരീക്ഷം മാറിമറിഞ്ഞത്? പ്രൊജക്റ്റ് മേറ്റ്സ് ഒരുമിച്ച് പ്ലാൻ ചെയ്ത ടൂർപ്രോഗ്രാമിനെക്കുറിച്ചൊന്നും ഇപ്പോൾ‌ സംസാരിക്കുന്നത് കേൾ‌ക്കാനില്ല. തോളത്ത് ഒരു കൈ വീണപ്പോഴാണു ചിന്തയിൽ നിന്നുണർന്നത്. നോക്കിയപ്പോൾ‌ റോണിയാണു. അടുത്തിരുന്ന ഒരു കസേര എന്റെയടുത്തേക്ക് വലിച്ചിട്ട് അവൻ‌ ഇരുന്നു. ക്യൂബിക്കിളിൽ ഒരുകൈ ഊന്നി കയ്യിലെ‌ മഞ്ഞ നിറത്തിലുള്ള ഫിങ്ങർ എക്സൈസ് ബോളിൽ‌ തിരുമ്മിക്കൊണ്ട് പയ്യെ എന്റെ മുഖത്തേക്ക് നോക്കി.

ഹരീ, നാളെ ഒരു ഫേസ് റ്റു ഫേസ് ഇന്റർവ്യൂ ഉണ്ട്. ടെലിഫോണിക് ക്ലിയർ‌ ആയി.

ഉം, എല്ലാരും ചാടുകയാണല്ലേ?

പലരുടേയും ഒന്നും രണ്ടും റൌണ്ട് കഴിഞ്ഞിരിക്കുകയാ ഹരീ, അല്ലാതെ എന്തു ചെയ്യാ. കമ്പനിയും റിലീവിങ്ങ് നോട്ടീസ് പിരിയഡ് എടുത്ത് കളഞ്ഞതിലൂടെ കാര്യങ്ങൾ വളരെ വ്യക്തമാക്കിയല്ലോ. നിങ്ങൾക്കൊന്നും പ്രശ്നമുണ്ടാവില്ല. ഞങ്ങളുടെ കാര്യമതല്ലല്ലോ
 
അത് തനിക്കിട്ടുള്ള ഒരു കൊട്ടാണു.
 
ആൾ‌ ദി ബെസ്റ്റ് റോണി.. തന്റെ ഫോൺ ശബ്ദിക്കുന്നത് കേട്ടതോടെ റോണി അവിടെ നിന്നെണീറ്റ് പോയി.
 
ഫോണെടുത്ത് നോക്കിയപ്പോൾ‌ വന്ദനയാണ്. മീറ്റിങ്ങ് കഴിഞ്ഞപ്പോൾ‌ അവൾക്കൊരു എസ്.എം.എസ് അയച്ചിരുന്നു.


ഹരി, വരുമ്പോൾ‌ ചുവന്ന ചീര കിട്ടുമോ എന്നു നോക്കൂ.

ശരി, നോക്കാം‌.

 വൈകീട്ട് മാർക്കറ്റു വഴി കറങ്ങി വീട്ടിലെത്തിയപ്പോൾ‌ വൈകി. ചെല്ലുമ്പോൾ വന്ദന അമ്മക്കുള്ള മുറി ഒരുക്കിയിടുന്ന തിരക്കിലാണു. 
ചേച്ചി ചെയ്യില്ലേ, നീയെന്തിനാ ഈ പൊടിയിൽ‌ കിടന്നു കളിക്കുന്നേ? അല്ലെങ്കിൽ തന്നെ അലർജിയാണു.
 
റൂമൊക്കെ ഒന്നു അടുക്കിപ്പെറുക്കി വക്കാർന്നു. അല്ലേൽ മോശമല്ലേ. അമ്മ എന്ത് വിചാരിക്കും? പിന്നെ പുതപ്പൊക്കെ ഒന്നു കഴുകി ഉണക്കിയിട്ടു.  ചീര കിട്ട്യൊ?
 
ഉം, അടുക്കളയിൽ വച്ചട്ടുണ്ട്. അതിപ്പൊഴേക്കല്ലെങ്കിൽ‌ എടുത്ത് ഫ്രിഡ്ജിൽ‌ വച്ചേക്കൂ. നീ ചായയെടുത്ത് വക്കു, ഒന്നു കുളിച്ച് വരാം‌


കുളിമുറിയിൽ‌ നിന്ന് ഇറങ്ങിയപ്പോഴേക്കും ചായ റെഡിയായിരുന്നു. നാളെ ഒരു ബിസിനസ് കോളുണ്ട് ഓഫീസിൽ, അതിനൊരു റിപ്പോർട്ട് ഉണ്ടാക്കണം. ഒരു പുതിയ പ്രൊജക്റ്റ് പൈപ്പ് ലൈനിലുണ്ട്.  അതിനെ സംബന്ധിച്ച കോളാണ്. ,മാർക്കറ്റിങ്ങ് ടീമിന്റെ കോൾ കഴിഞ്ഞാൽ ചെറിയ ടെക്നിക്കൽ‌ ഡെമോ ഉണ്ടാവും‌. അതിനു വേണ്ടിയുള്ള റിപ്പോർട്ടുകളും പ്രസന്റേഷനുമാണു. ഒരുപാട് പേരുടെ പ്രതീക്ഷ ആ പ്രൊജക്റ്റിലാണു. അതു കിട്ടിയാൽ ഇപ്പൊഴത്തെ ക്രിട്ടിക്കൽ സിറ്റ്വേഷൻ‌ കടന്നുകിട്ടും‌.

 ലാപ്ടോപ്പ് ഓൺ‌ ചെയ്ത് നെറ്റ് കണക്റ്റ് ചെയ്തു. വെറുതെ ജിമെയിൽ‌ എടുത്തു നോക്കി. സത്യത്തിൽ‌ കുറെ ദിവസമായി പേഴ്സണൽ‌മെയിലുകൾ നോക്കിയിട്ട്. ധാരാളം അൺ‌റീഡ് മെയിലുകൾ വന്ന് കിടക്കുന്നു. ഭൂരിഭാഗവും‌ ഫോർവേഡ് മെയിലുകൾ, പിന്നെ കുറെ ഫേസ്ബുക്ക് അപ്ഡേറ്റുകൾ‌, പിന്നെ നൌക്രി ജോബ്സൈറ്റ് മെയിലുകൾ‌.. അത്ര തന്നെ.
 
ക്ലോസ് ചെയ്ത് ഓഫീസ് മെയിൽ തുറന്നു. പിന്നെ റിപ്പോർട്ട് ഉണ്ടാക്കാനുള്ള ശ്രമത്തിൽ‌ തലപൂഴ്ത്തി.
 
എന്താ ഹരി, ഊണുകഴിക്കണ്ടേ? വന്ദനയുടെ ചോദ്യം കേട്ടപ്പോഴാണു സമയമൊരുപാടായെന്ന് മനസ്സിലായത്.
 
വേഗം ഭക്ഷണം കഴിച്ച് വീണ്ടും പ്രസന്റേഷനുണ്ടാക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
 
നീ കിടന്നോളൂ, മരുന്നൊക്കെ കഴിച്ചില്ല്ലോ അല്ലേ? തന്റെ ചോദ്യത്തിനു ഉത്തരമായി മറുചോദ്യമായിരുന്നു വന്ദനക്കുണ്ടായിരുന്നത്

നാളെ ക്ലയന്റ് കോളുണ്ടല്ലേ?

 ഉം.. ലാപ്ടോപ്പിൽ നിന്നും കണ്ണെടുക്കാതെ ഒന്നു മൂളി

 രാത്രികിടന്നപ്പോൾ പന്ത്രണ്ട് മണികഴിഞ്ഞു. രാവിലെ നേരത്തെ എണീക്കുകയും വേണം. നല്ല ക്ഷീണം തോന്നി.
 
പിറ്റെ ദിവസം ഓഫീസിലെത്തിയപ്പോൾ‌ എല്ലാരും കോളിൽ ഇരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആദ്യത്തെ ഒരു മണിക്കൂർ മാർക്കറ്റിങ്ങ് ടീമാണു കൈകാര്യം ചെയ്യുന്നത്. മാത്യൂസും അറ്റെൻഡ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ അരമണിക്കൂർ‌ കഴിഞ്ഞപ്പോൾ‌ തന്നെ അവർ‌ കോളൊക്കെ അവസാനിപ്പിച്ച് അടുത്തേക്ക് വന്നു. എല്ലാവരുടേയും‌ മുഖമാകെ വല്ലാതായിരുന്നു.
ഹരീ, അവർ‌ പ്രൊജക്റ്റ് ഹോൾഡ് ചെയ്തു. റിസഷൻ‌.. ഇപ്പോഴത്തെ സാഹചര്യത്തിൽ‌ ഇൻ‌വെസ്റ്റ്മെന്റിനു അവർ‌‌ തയ്യാറല്ലെന്നു.

 മാത്യൂസിന്റെ ശബ്ദത്തിൽ വല്ലാത്തൊരു ഇടർ‌ച്ച ഉണ്ടായിരുന്നു. അതിൽ നിന്നു തന്നെ ഇതൊരു അവസാന പ്രതീക്ഷയായിരുന്നു എന്നു മനസ്സിലായി.

 ഹരീ, കാര്യങ്ങൾ‌ ആകെ പ്രശ്നത്തിലാണു. കമ്പനി വൈൻഡ് അപ് ചെയ്യാനുള്ള പ്ലാനുണ്ട് എന്നൊരു സംശയമുണ്ട്.  സാലറി ഈ മാസം മുതൽ ഓൺ ഹോൾഡ് ആയിരിക്കും എന്ന് ഒരു സൂചന കിട്ടി. ആരോടും പറയണ്ട.

 മാത്യൂസ് ആകെ പരിഭ്രാന്തിയിലാണെന്നത് ആ സംസാരത്തിൽ നിന്നറിയാം‌.
 
ഫോണൊന്നു വൈബ്രേറ്റ് ചെയ്തു. എസ്.എം.എസ് ആണു. എടുത്തുനോക്കിയപ്പോൾ റോണിയാണു



ഡ്യൂഡ്, ആം ഇൻ.



റോണിക്കിന്ന് ഫേസ് റ്റു ഫേസ് ആയിരുന്നല്ലോ. മറന്നു പോയി. അവന്റെ കാര്യം ഓ.ക്കെയായി.


ഇനിയെന്ത്? വല്ലാതെ കുഴക്കുന്ന ഒരു ചോദ്യം. റെസ്യൂം ഒന്ന് അപ്ഡേറ്റ് ചെയ്തട്ടു തന്നെ വർഷങ്ങളായി. ഇവിടെ സെറ്റിലായി വന്നതായിരുന്നു. മെയിൽ തുറന്ന് ബയോഡാറ്റ സെർച്ച്  ചെയ്തെടുത്തു.  ഒരുപാട് മാറ്റങ്ങൾ വരുത്താനുണ്ട്. ഒരു പകുതി ദിവസത്തെ പണിയുണ്ട്. പഴയ ഫോർ‌മാറ്റിലാണു കിടക്കുന്നത്.

 ബയോഡാറ്റയും തുറന്ന് വച്ച് ചിന്തകളിലാഴ്ന്നിരിക്കുന്നതിനാൽ‌ ഡാലി പുറകിൽ വന്നതറിഞ്ഞില്ല.


ഹരീ, അപ്പൊ ഊഹിച്ചത് ശരിയാണല്ലേ? ബയോഡാറ്റയൊക്കെ പൊടിതട്ടിയെടുക്കാണല്ലോ


ഉം, പണ്ടത്തെപ്പോലെയല്ലല്ലോ, ഒരു കുഞ്ഞിന്റെ അച്ഛനാവാൻ‌ പോകുകയല്ലേ ഡിയർ‌. 



ഹരിക്കൊന്നും വേറെ കിട്ടാൻ ഒരു വിഷമവും ഉണ്ടാവില്ല, നല്ല എക്സ്പീരിയൻസ് ഇല്ലേ. ഡാലിയയുടെ ശബ്ദത്തിൽ ഒരു ആശങ്കയുണ്ടായിരുന്നു



എക്സ്പീരിയൻസ് കൂടുമ്പോൾ‌ റിസ്ക് കൂടും ഡാലി. ഒരുപാട് എക്സ്പെക്റ്റേഷൻസ്‌ മീറ്റ് ചെയ്യേണ്ടി വരും‌. ശരിക്കും പ്രിപ്പെയർ ചെയ്യേണ്ടതുണ്ട്. നോക്കണം‌

 ഡാ‍ലി എണീറ്റ് പോയശേഷം മെയിലിൽ നിന്ന് ജോബ്സൈറ്റിന്റെ പാസ്‌വേഡ് തപ്പിയെടുത്തു ലോഗിൻ ചെയ്യാനായി ടൈപ്പ് ചെയ്യുമ്പോൾ‌ കൈകൾക്കൊരു വിറയലുണ്ടായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ ഒരു നാളെയിലേക്കുള്ള ജീവിതത്തിന്റെ ടേണിങ്ങ് പോയിന്റിലാണു താനെന്ന തിരിച്ചറിവുണ്ടാക്കുന്ന ആഘാതം അടക്കാവുന്നതിലും അധികമാണു. വളരെയധികം‌


********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക