മുൻ അദ്ധ്യായങ്ങൾ വലതുവശത്തുള്ള സൂചികയിൽ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************ഒരുമിനുറ്റ് നേരത്തെ നിശബ്ദതക്ക് ശേഷവും ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. മീറ്റിങ്ങ് കഴിഞ്ഞ് പുറത്തേക്കിറങ്ങി സീറ്റിൽ വന്നിരുന്ന് ഒരു അഞ്ച് മിനുറ്റ് കഴിഞ്ഞില്ല സ്നേഹയുടെ മെയിൽ വന്നു. വിശദമായ നയപ്രഖ്യാപനങ്ങളടങ്ങിയ ഒരു മെയിൽ.
കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് തന്നെ കമ്പനിയിലെ അന്തരീക്ഷം ആകെ മാറിമറിഞ്ഞു.വല്ലാതെ കനംവച്ച ഒരു അവസ്ഥ. അധികമാരും സംസാരിക്കുന്നില്ല. എല്ലാവരും റെസ്യൂം അപ്ഡേറ്റ് ചെയ്യുന്നു, ജോബ്സൈറ്റുകൾ തുറന്ന് നോക്കുന്നു.
തന്നെ സംബന്ധിച്ചാണെങ്കിൽ അങ്ങനെ ഒരു തോന്നൽ ഇതുവരെ ഉണ്ടാവുന്നുമില്ല. നനഞ്ഞ കോഴിയുടെ അവസ്ഥ. ഫോൺ ചെറുതായി ഒന്നു വിറച്ചപ്പോളൊന്ന് എടുത്തു നോക്കി. വന്ദനയുടെ എസ്.എം.എസ്. വൈകീട്ട് വീട്ടിലേക്ക് വാങ്ങിവരേണ്ട പച്ചക്കറിയുടെ ലിസ്റ്റ് ആണു. പണിയൊക്കെ ഒതുക്കി ഇറങ്ങി നേരെ റിലയൻസിലേക്ക് ചെന്നപ്പോൾ അവിടെ നല്ല തിരക്ക്. ഒരുവിധം സാധനങ്ങളോക്കെ വാങ്ങി ബിൽ പേ ചെയ്തു പുറത്തേക്കിറങ്ങിയപ്പോളാണു ഹരീഷിനെ കണ്ടത്. വല്ലാത്ത സർപ്രൈസ് ആയിപ്പോയി. കോളേജിൽ ഒന്നിച്ചു പഠിച്ചതാണു. പിന്നെ ഇടക്ക് ഒന്നു രണ്ട് തവണം ഞാൻ കണ്ടിരുന്നു.
കയ്യിലെ കവറുകൾ കാറിന്റെ ബാക്ക് സീറ്റിലേക്ക് വച്ച് ഹരീഷിന്റെ മുന്നിലേക്ക് ചെന്നു. അവൻ തീരെ പ്രതീക്ഷിച്ചില്ല എന്ന് മുഖഭാവം വ്യക്തമാക്കി.
അളിയാ, നീ? ആ നീ ഇവിടാണല്ലോ..അതു ഞാനങ്ങ് മറന്നുപോയി
നീ എന്താ ഇവിടെ?
ഞാൻ ഇവിടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ജോയിൻ ചെയ്തെടാ. കഴിഞ്ഞ മാസം. അട്ടപ്പാടിയിൽ നിന്ന് ഒരു ശാപമോക്ഷം.
ഞങ്ങളുടെ കൂട്ടത്തിൽ ആദ്യം തന്നെ സർക്കാർ ജോലിയിൽ കയറിയത് ഹരീഷാണു. അവന്റെ അമ്മ സർവീസിലിരിക്കുമ്പോൾ മരിക്കുകയായിരുന്നു.
യാത്ര പറഞ്ഞ് ഇറങ്ങാൻ നേരത്ത് അവനൊരു ചോദ്യമെറിഞ്ഞു
മച്ചൂ, രഹ്നയുടെ വല്ല വിവരവും പിന്നെ അറിഞ്ഞോ?
ഇല്ല എന്ന് പറഞ്ഞതിന്റെ കനം കൂടിപ്പോയതു കൊണ്ടാണോ എന്നറിയില്ല അവൻ പിന്നെ കൂടുതലൊന്നും അവൻ ചോദിച്ചില്ല.
പച്ചക്കറികളുമായി വന്ന് കേറുമ്പോൾ തന്നെ വന്ദന ചായ തയ്യാറാക്കിയിരുന്നു. പനി വിട്ടുമാറിയതിന്റെ ഉന്മേഷം കണ്ണുകളിൽ വായിക്കാം.
ചായകുടിച്ച് കുളിമുറിയിൽ കയറി ഫ്രഷ് ആയി വന്നപ്പോഴാണു മനസ്സിലേക്ക് ഒരു തണുത്തകാറ്റ് പോലെ വീണ്ടുമാചിന്തകൾ ഊളിയിട്ടെത്തിയത്.
അവിടപ്പടി പൊട്യാ ഹരീ
സ്റ്റോർറൂമിൽ ചെന്ന് പഴയ ചിലപെട്ടികൾ തപ്പൽ തുടങ്ങിയപ്പോൾ വന്ദന അടുക്കളയിൽ നിന്ന് ഓളിയിട്ടു. പൊടിയുടെ അലർജി ഉളതുകൊണ്ട് അങ്ങോട്ട് വരില്ല അവൾ. ഡയറികളെല്ലാം ഒരു കവറിലാക്കി വച്ചിരുന്നതുകൊണ്ട് അതുതപ്പിയെടുക്കാൻ അധികം പ്രയാസമുണ്ടായില്ല. ജനുവരിയിലെ ആ മഞ്ഞുപെയ്തിരുന്ന ദിനങ്ങൾ രേഖപ്പെടുത്തിയ പേജ് തുറക്കുമ്പോൾ നെഞ്ചിടുപ്പ് കൂടുന്നത് അറിയാൻ കഴിഞ്ഞു. കറുത്ത, തീരെവൃത്തിയില്ലാത്ത അക്ഷരങ്ങൾക്കിടയിൽ ചുരുണ്ട് കിടക്കുന്ന ആ തലമുടിയിഴ അവിടെത്തന്നെ ഉണ്ടായിരുന്നു.
ഒരു ക്യാമ്പിൽ വച്ച് , ക്യാമ്പ് ഫയറിനു ചുറ്റുമിരുന്ന് ഞങ്ങൾ പാടിയും ആടിയും തകർത്ത് കൊണ്ടിരിക്കുകയായിരുന്നു...താളത്തിൽ ചുവടുകൾ വച്ച് താനും സനീഷും ദിവ്യയുമടങ്ങുന്ന സംഘം കൈകോർത്ത് പിടിച്ച് സംഘാംഗങ്ങളെ ഒരു ഉത്സവാന്തരീക്ഷത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമമായിരുന്നു... ഏറ്റവും ഇടതു വശത്ത് നിന്നിരുന്ന തന്റെ ഇടം കൈ ഗ്രഹിച്ചുകൊണ്ട് പെട്ടെന്ന് ഞങ്ങളുടെ കൂടെ ചേർന്ന ആ “കറുത്ത ചുരിദാറുകാരിയെ” അത് വരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കുസൃതിച്ചിരിയോടെ തോളോട് ചേർന്ന് നിന്നുകൊണ്ട് നൃത്തച്ചുവടുകൾ വച്ച അവൾ തന്റെ ശ്രദ്ധ പാട്ടിൽ നിന്നും മാറ്റിക്കളഞ്ഞു. ഒരുപാടൊന്നും നീളമില്ലെങ്കിലും നല്ല ഭംഗിയുള്ള ആ ചുരുണ്ട മുടികൾ മുഖത്തേക്ക് പാറി വീണുകൊണ്ടിരുന്നു.. അതിനു ശേഷം അവളെ മനപ്പൂർവ്വം തന്റെ ടീമിലേക്ക് കൊണ്ടുവന്നത് അവളുടെ സാമീപ്യം ആഗ്രഹിച്ചതു കൊണ്ടായിരിക്കാം. കവിതയും കഥയും നാട്ടുവിശേഷങ്ങളുമടങ്ങുന്ന ഭാണ്ഡത്തിനെ കെട്ടുകളഴിച്ച് വച്ചപ്പോൾ പലപ്പോഴും തനിക്ക് കേൾവിക്കാരന്റെ വേഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
സംസാരിച്ച് തുടങ്ങിയാൽ പരിസരം മറന്ന് പോവുന്ന അവളുമായി പെട്ടെന്നാണു അടുത്തത്. ക്യാമ്പിൽ സംസാരവിഷയമാവാനും താമസമുണ്ടായിരുന്നില്ല. ഇടക്കിടക്ക് കയ്യിൽ നുള്ളുന്ന സ്വഭാവം ആദ്യമൊക്കെ ദേഷ്യം വരുമായിരുന്നെങ്കിലും പിന്നെ സ്വകാര്യമായ ഇഷ്ടങ്ങളിലൊന്നായത് മാറി. ക്യാമ്പിലെ മികച്ച ടീമായി മാറുവാൻ ഞങ്ങളെ പ്രാപ്തരാക്കിയത് അവളുടെ ഉത്സാഹവും കഴിവും തന്നെയായിരുന്നു.
യാത്ര പറഞ്ഞിറങ്ങുമ്പോൾ തലകുനിച്ചു കൊണ്ട് തന്റെ കയ്യിൽ പിടിച്ചവൾ അല്പനേരം നിന്നു... എപ്പോഴും കാറ്റുവീശുന്ന ആ കുന്നിൻ മുകളിലെ കലാലയത്തിലെ കാറ്റിന്റെ കുസൃതിമൂലം വീണ്ടും ആ മുടിയിഴകൾ മുഖത്തേക്ക് പാറിവീണു...പതിയെ പതിയെ അവളുടെ കൈ വിടുവിച്ച് യാത്രപറയാതെ നടന്നിറങ്ങുമ്പോൾ, അവളുടെ മുടിയിൽ നിന്നും പൊട്ടിച്ചെടുത്ത ഒരു മുടിയിഴ ഡയറിയിലെ ഒരു താളിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു
പിന്നെയും ഓരോ കാരണങ്ങൾ പറഞ്ഞ് അവിടേക്കുള്ള യാത്രകൾ പതിവാകുകയായിരുന്നു. കൂടെ മിക്കവാറും വന്നിരുന്നത് ഹരീഷും. സ്വതവേ പേടിത്തൊണ്ടനായിരുന്ന അവനെ കൂടെ കൂട്ടാൻ ആദ്യമൊക്കെ വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു. അങ്ങനെ ഒരു ദിവസത്തിലാണു അവളുടെ നാട്ടുകാരനായ ജിതീഷ് ഒരു കത്തുമായി വന്നത്.
“അത്യാവശ്യമായി ഒന്ന് കാണണം” അത്രമാത്രമായിരുന്നു ആ കത്തിലുണ്ടായിരുന്നത്.
അടുത്ത സമരത്തിന്റെ ദിവസം ആ കുന്ന് കയറിചെന്നപ്പോൾ, അവിടെ എന്നെ കാത്തിരുന്നത് കരഞ്ഞ് കലങ്ങിയ അവളുടെ മുഖമായിരുന്നു.
തുടരും
********************